എന്റെ ഏഴാം ക്ലാസ് വരെയുള്ള സ്കൂള്‍ ജീവിതത്തില്‍ പെണ്‍കുട്ടികളുടെ ശല്യമില്ലായിരുന്നു. പക്ഷേ എട്ടാം ക്ലാസ്സിലേക്കു ആദ്യമായി കാലെടുത്തു വച്ചപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് പുറകിലെ മൂന്നു ബെഞ്ചുകളിലായി നീണ്ട മുടിയും പാവടയുമിട്ടു ഇരിക്കുന്ന വിചിത്ര ജീവികളെ ആണ്. ആ മുഖങ്ങളില്‍ പലതും എനിക്കു മുമ്പെ പരിചിതങ്ങളായിരുന്നു. എന്നാല്‍ ഇപ്പോളവര്‍ക്കു എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ആകെപ്പാടെ ഒരു മാറ്റം. അതിലൊരാളെ എനിക്ക് വല്ല്ല്യ ഇഷ്ട്ടായി. ആ ഇഷ്ട്ടം ഒരാഴ്ച നീണ്ടു നിന്നു. അപ്പുറത്തെ ക്ലാസ്സിലെ പ്രസീതയെ കാണും വരെ.
ഹൈസ്കൂളായതു കൊണ്ട് ഇതു വരെ പഠിപ്പിച്ച ടീച്ചര്‍മാരല്ല ഇപ്പോള്‍ പഠിപ്പിക്കുന്നത്. എല്ലാം പുതിയ മുഖങ്ങള്‍. എല്ലാവര്‍ക്കും വിചിത്രവും പൊതുവായതുമായ ഒരു സ്വഭാവം ഉണ്ടായിരുന്നു. എല്ലാവരും ആദ്യക്ലാസ്സിന്റെ അവസാന പതിനഞ്ച് മിനുറ്റ് പെണ്‍കുട്ടികളെ മാത്രമായി അടുത്ത് വിളിച്ച് സംസാരിക്കും. എന്താണവര്‍ക്കു മാത്രമായി പഠിപ്പിച്ച് കൊടുക്കുന്നത്? എന്റെ സുഹ്രുത്ത് ജോണ്‍ സോണിയാണ് ഉത്തരം കണ്ടുപിടിച്ചത്. “എങ്ങനെ ബലാത്സംഗത്തില്‍ നിന്നു രക്ഷപ്പെടാം”എന്നാണ് പഠിപ്പിച്ചു കൊടുക്കുന്നത്. ഞങ്ങള്‍ ഇത്രപേര്‍ ആലോച്ചിട്ടും കിട്ടാത്ത ആ ഉത്തരം കണ്ടുപിടിച്ച ആ മഹാപ്രതിഭയോട് എനിക്കാദരവു തോന്നി. പിന്നീട് ബലത്സംഗത്തെ കുറിച്ച് അവന്‍ ഏതോ സിനിമയില്‍ നിന്നും നേടിയ അറിവും ഞങ്ങള്‍ക്ക് പകര്‍ന്നു തന്നു. “വില്ലന്‍ നായികയുടെ സാരി വലിച്ചു കീറുന്ന പരിപാടിയാണ്. ബലാത്സംഗം കഴിഞ്ഞാല്‍ നായിക വിഷം കഴിച്ച് മരിക്കും. നായകന്‍ പ്രതികാരം ചെയ്യും”. എനിക്കു അവനെ പരിചയപ്പെടാന്‍ വൈകിയതില്‍ ദു:ഖം തോന്നി. ഞങ്ങളെ ഡ്രായിങ്ങ് പഠിപ്പിക്കാന്‍ വന്നത് ബെന്നിമാഷായിരുന്നു. ഞങ്ങളെ പഠിപ്പിച്ചിരുന്ന ഏക പുരുഷകേസരി. “ടീച്ചര്‍മാരെല്ലാം പെണ്‍കുട്ടികള്‍ക്ക് ബലാത്സംഗത്തില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗം പഠിപ്പിച്ചു കൊടുത്ത സ്ഥിതിക്ക് മാഷ് നമുക്കു ബലാത്സംഗം ചെയ്യാന്‍ പഠിപ്പിച്ചു തരും”. ശ്രീകാന്ത് എന്നൊരുത്തന്‍ ഞങ്ങളുടെ മനസ്സില്‍ പ്രതീക്ഷ ഉണര്‍ത്തി. നിരാശയായിരുന്നു ഫലമെന്നു പറയേണ്ട കാര്യമില്ലല്ലോ? എന്റെ ഇന്നത്തെ അറിവും കഴിവും ഉണ്ടായിരുന്നേല്‍ ഞാന്‍ ഒറ്റയ്ക്കു മതിയായിരുന്നു ഈ വിഷയത്തില്‍ അവര്‍ക്ക് ക്ലാസ് എടുക്കാന്‍.
ഇന്നെനിക്കറിയാം അന്നു ടീച്ചര്‍മാര്‍ പെണ്‍കുട്ടികള്‍ക്കു ബലാത്സംഗത്തെ കുറിച്ച് മാത്രമല്ല പറഞ്ഞ് കൊടുത്തതെന്ന്. എന്നാല്‍ ഇന്നും മനസ്സിലാകാത്തത് എന്ത്കൊണ്ട് ആണ്‍കുട്ടികള്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്ന് കരുതി എന്നതാണ്. അണ്ണാന്‍ കുഞ്ഞിനെ മരംകയറ്റം പഠിപ്പിക്കേണ്ട എന്നൊരു മനോഭാവം. ആണ്‍കുട്ടികള്‍ എല്ലാം തനിയെ മനസ്സിലാക്കിക്കോളും എന്നു കരുതാനാണ് എല്ലാവരും ശ്രമിക്കുന്നത്. കൂട്ടുകാര്‍ പറഞ്ഞു തരും. ഈ കൂട്ടുകാര്‍ എന്നു പറയുന്നതു സമാനവയസ്സ്ക്കരായ പയ്യന്മാരല്ലേ? അവര്‍ക്കെന്തറിയാന്‍? ശരിയായ ലൈംഗികവിദ്യാഭ്യാസം ഒരു വ്യക്തിയുടെ ജന്മാവകാശമാണ്. അത് എപ്പോള്‍,എങ്ങനെ,എത്രത്തോളം വീതം നലകണം എന്നത് ആലോചിക്കേണ്ട വിഷയങ്ങളാണ്. അതിലുപരി നടപ്പാക്കേണ്ടതും. ഞാന്‍ എന്റെ രണ്ടു സുഹ്രുത്തുക്കളുടെ അനുഭവങ്ങള്‍ ഇവിടെ ചുരുക്കി വിവരിക്കട്ടെ;
1. എന്റെ കൂട്ടുകാരന്‍ ഹരിക്കു ചെറുപ്പത്തില്‍ അതായത് എകദേശം 8 വയസ്സുള്ളപ്പോള്‍ ഉണ്ടായ ഒരനുഭവമാണ്. ഹരിയുടെ വീടിനടുത്തൊരു കവലയുണ്ട്. അവിടെയാണ് ഒട്ടുമിക്ക കടകളും അവിടെയാണ്. ഹരിയാണ് വീട്ടിലേക്കുള്ള സാധങ്ങള്‍ വാങ്ങാന്‍ പോകാറുള്ളത്. എന്നാല്‍ ഹരിക്കു അരിപൊടിപ്പിക്കാന്‍ മില്ലില്‍ പോകാനിഷ്ട്ടമില്ലായിരുന്നു. കാരണം മറ്റൊന്നല്ല. മില്ലുകാരന്റെ പെരുമാറ്റമായിരുന്നു. അയാള്‍ അവനെ ചേര്‍ത്തു പിടിക്കാനും ലിംഗത്തില്‍ സ്പര്‍ശിക്കാനും (fondling)ശ്രമിക്കുമായിരുന്നു. അതവനു ഇഷ്ട്ടമല്ലായിരുന്നു. മില്ലില്‍ പോകാന്‍ അവന്‍ വിസമ്മതിക്കുമ്പോളെല്ലാം വീട്ടുകാര്‍ അവനു ‘മടി’ യാണെന്നും പറഞ്ഞ് നിര്‍ബന്ധിച്ചു അയക്കുമായിരുന്നു. അവന്‍ പരമാവധി അയാളുടെ അടുത്തേക്കു പോകുന്നത് ഒഴിവാക്കി. തിരക്കുള്ള സമയങ്ങളില്‍ മാത്രം അങ്ങോട്ടു പോയി.
2. ശരത്തിനു 10 വയസ്സുള്ളപ്പോള്‍ തീപ്പെട്ടിയുടെ കവര്‍ചിത്രം വെട്ടി സൂക്ഷിക്കുന്നത് ഹോബിയായിരുന്നു. ഒരിക്കലവന്റെ അകന്നൊരു ബന്ധു അവനു കാലിതീപ്പെട്ടികള്‍ തരാനെന്നും പറഞ്ഞ് അയാളുടെ റൂമിലേക്കു അവനെ കൊണ്ട് പോയി. അയാള്‍ക്കു പുകവലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീപ്പെട്ടിയും കാണും. റൂമിലെത്തിയതും അയാള്‍ അവനെ കട്ടിലിലേക്കു തട്ടിയിട്ടു അവന്റെ മേലേക്കു വീഴുവാനാഞ്ഞു. അവന്‍ അയാളുടെ വയറില്‍ ചവിട്ടി പുറത്തേക്കോടി.
ഈ രണ്ടവസരങ്ങളിലും തങ്ങള്‍ ലൈഗികാക്രമണങ്ങളാണ് നേരിട്ടതെന്നു മനസ്സിലാക്കുവാന്‍ എന്റെ കൂട്ടുകാര്‍ക്കു ഒരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഹരിയുടെ കാര്യത്തില്‍ വീട്ടുകാര്‍ അവന്റെ അവസ്ഥ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. അവനൊട്ടു പറഞ്ഞതുമില്ല. മറ്റു കടകളിളേക്കു പോകുന്ന കുട്ടിക്കു മില്ലില്‍ മാത്രം പോകാന്‍ താത്പര്യമില്ലാത്തത് മടി കൊണ്ടല്ലെന്നെങ്കിലും വീട്ടുകാര്‍ മനസ്സിലാക്കേണ്ടതായിരുന്നു. പിന്നെ ശരത്തിന്റെ കാര്യത്തില്‍ ആ മനുഷ്യന്‍ ഉറങ്ങി കിടക്കുന്ന സ്വന്തം മരുമകളെ ചുംബിക്കാന്‍ ചെന്നവനാണ്. പരസ്യമായി മൂത്രമൊഴിച്ച് അയല്‍ക്കാരെ ബുദ്ധിമുട്ടിക്കുന്നവനാണ്. അങ്ങിനെയുള്ള ലൈംഗികവൈക്രുതങ്ങള്‍ പ്രകടിപ്പിക്കുന്ന ഒരാളുടെ അടുത്തേക്ക് കുട്ടികള്‍ തനിയെ പോകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. നമ്മള്‍ നമ്മുടെ മക്കളോടു വച്ചു പുലര്‍ത്തുന്ന സമീപനമാണ് മറ്റുള്ളവര്‍ക്കുള്ളതെന്നു കരുതുന്നത് തികഞ്ഞ വിഡ്ഢിത്തമാണ്.
കുട്ടികള്‍ ലൈംഗികചൂഷണങ്ങള്‍ക്കു വിധേയരാകുന്നത് നിത്യസംഭവമാണ്.പഠനങ്ങള്‍ കാണിക്കുന്നത് ഇതില്‍ ഭൂരിഭാഗവും കുട്ടികളുടെ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള ആളുകളില്‍ നിന്നാണ്. കുട്ടികളുടെ മനസ്സില്‍ അടുപ്പമുള്ളവരാണ്. കുട്ടികള്‍ വിശ്വസിക്കുന്നവരാണ്. പലപ്പോഴും തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് കുട്ടികള്‍ അറിയുന്നില്ല. അറിഞ്ഞാലും ആരോടും പറയാറുമില്ല. വീട്ടുകാര്‍ അറിഞ്ഞാലും പലപ്പോഴും നിരാശാജനകമായിരിക്കും പ്രതികരണം. പലപ്പോഴും പഴിക്കപ്പെടുന്നതും കുട്ടികളായിരിക്കും. ചെറുപ്പത്തില്‍ സംഭവിക്കുന്ന ആക്രമണങ്ങളുടെ ഭാരം പലപ്പോഴും ജീവിതവസാനം വരെ ചുമക്കേണ്ടതായി വരും. പലരും മാനസികമായ പ്രശ്നങ്ങള്‍ക്കു അടിമപെട്ടു പോകുന്നു. ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ക്കു കാരണമാകുന്നു. ഞാന്‍ നേരത്തേ പറഞ്ഞ രണ്ടുദാഹരണങ്ങള്‍ വളരെ നിസ്സാരങ്ങളാണ് എന്നാല്‍ ഗൌരവം അര്‍ഹിക്കുന്നതുമാണ്. നിസ്സാരങ്ങള്‍ എന്നു ഞാന്‍ പറഞ്ഞത് ഇതിലും ഭീകരമായ കാര്യങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നതു കൊണ്ടാണ്!
ഇന്ത്യയില്‍ 53.22% കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്.ആണ്‍കുട്ടികളും പെങ്കുട്ടികളും ഒരുപോലെ പീഡിപ്പിക്കപെടുന്നു. ഇതില്‍ 50% ഇല്‍ അധികവും കുട്ടികള്‍ക്കു പരിചയമുള്ള ആളുകളാണ്. Ministry of Women and Child Development
Government of India നടത്തിയ പഠനങ്ങള്‍ ഞെട്ടിക്കുന്ന വസ്തുതകളാണ് പുറത്തു കൊണ്ട് വന്നത്. ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളിലും ആ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായും ആധികാരികമായും എഴുതിയിട്ടുണ്ട്. എല്ലാവരും അതൊരിക്കലെങ്കിലും വായിക്കുന്നത് നല്ലതായിരിക്കും. അതു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . നിങ്ങള്‍ അതു വായിക്കുമെന്നു പ്രതീക്ഷിക്കുന്നതു കൊണ്ട് ഞാന്‍ അതിലേക്കു കൂടുതല്‍ പോകുന്നില്ല.
കുട്ടികള്‍ക്കു നേരെയുള്ള ഈ അതിക്രമങ്ങള്‍ തടയാന്‍ ആകെയുള്ള മാര്‍ഗം ശരിയായ ലൈംഗികവിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ ഉദ്ദേശ്യം തന്നെ മനുഷ്യനു തെറ്റും ശരിയും തമ്മില്‍ തിരിച്ചറിയാനുള്ള വിവേചനബുദ്ധി പ്രദാനം ചെയ്യലാണ്. വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവുകള്‍ ഭാവിജീവിതത്തില്‍ ഒരു ജീവിതമാര്‍ഗവും സാമൂഹിക വളര്‍ച്ചയും നല്‍കുന്നു. ലൈംഗികവിദ്യാഭ്യാസം കൊണ്ട് അര്‍ത്ഥമാക്കുന്നതും അതാണ്. തെറ്റായ സ്പര്‍ശനങ്ങളും ശരിയായ സ്പര്‍ശനങ്ങളും തിരിച്ചറിയുവാന്‍ കുട്ടികള്‍ക്കാകണം. ശരിയായ ലൈംഗികവിദ്യാഭ്യാസം ശരിയായ സാമൂഹിക വൈവാഹിക ജീവിതത്തിനും കാരണമാകും. വികാരശമനത്തിനുതകുന്ന തരത്തില്‍ ഒട്ടും ശാസ്ത്രീയല്ലാത്ത രീതികള്‍ അവലംബിച്ചുണ്ടാക്കിയ കച്ചവടചരക്കുകളായ നീലചിത്രങ്ങളാണ് ഇന്നേതൊരു ആണ്‍കുട്ടിയുടേയും ലൈംഗികവിദ്യാഭ്യാസത്തിന്റെയും സ്രോതസ്സ്. അതാണോ വേണ്ടത്? നീലചിത്രങ്ങള്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണെന്നിരിക്കെ തന്നെ ഇവിടെ ലൈഗികതയെ കുറിച്ച് ഓരോ കുട്ടിയുടേയും സംശയമകറ്റാന്‍ മറ്റൊരു സംവിധാനം ഇല്ല.
എന്തു കൊണ്ടില്ല? ആണിനു പെണ്ണിനെ കുറിച്ചും പെണ്ണിനു ആണിനെ കുറിച്ചും അറിയാനുള്ള ആഗ്രഹം പ്രക്രുതിദത്തമാണ്. അവരുടെ കൂടിച്ചേരലാണിവിടെ ജീവന്‍ നിലനിര്‍ത്തുന്നത്. അതിനെ കുറിച്ചറിയുകയും പഠിക്കുകയും ചെയ്യേണ്ടത് തീര്‍ച്ചയായും ആവശ്യമാണ്. പിന്നെന്താണിവിടെ ലൈംഗികവിദ്യാഭ്യാസത്തിനു തടസ്സം? കുട്ടികള്‍ അവരുടെ പാഠപുസ്ത്തകങ്ങളിലൂടെ ലൈംഗികവിദ്യാഭ്യാസം നേടുന്നതുകൊണ്ട് ആര്‍ക്കൊക്കെ എന്തൊക്കെയാണ് നഷ്ട്ടപെടുന്നത്? അവരാണ് ലൈംഗികവിദ്യാഭ്യാസത്തിനെതിരെ ‘സദാചാര’ത്തിന്റെ കരിങ്കൊടി സമരവുമായെത്തുന്നത്. അച്ച്ഛന്‍ മകളെ പീഡിപ്പിക്കുന്ന അതേ സദാചാരം. കുരുന്നു കുഞ്ഞിനെ പിച്ചിചീന്തി തോട്ടിലെറിയുന്ന അതേ സദാചാരം. മാത്രുത്വത്തിന്റെ ആദ്യപടിയായ ആര്‍ത്തവത്തിനെ അശുദ്ധിയുടെ ലക്ഷണമായി കണ്ട അതേ സദാചാരം. ദിവസം മുഴുവന്‍ സ്തുതിച്ചുപാടിയ യേശുദാസിനു നിഷേധിച്ച വാതിലുകള്‍ ചോരക്കറയുള്ള കൈകളുമായി വന്നാല്‍ വീരപ്പനു മുന്നില്‍ തുറന്നിടുന്ന അതേ സദാചാരം. കന്യാസ്ത്രീകളെ പീഡിപ്പിക്കുന്ന സദാചാരം. മണ്ണിന്റെ മക്കള്‍വാദം പാടുന്ന സദാചാരം. ഇതു തന്നെയാണ് ഇന്ത്യയുടെ ശാപവും. നമ്മളെന്തിനാണിങ്ങനെ യാഥാസ്ഥിതികരാകുന്നത്? നമ്മളെന്തിനാണ് ലൈംഗികയ്ക്കൊരു ഭ്രഷ്ട്ട് കല്‍പ്പിക്കുന്നത്. രാത്രിയില്‍ ചെയ്യുന്ന ഒരു കാര്യത്തെ കുറിച്ച് പകല്‍ സംസാരിക്കുന്നതില്‍ നമ്മള്‍ ആരെയാണ് ഭയപ്പെടുന്നത്? എന്തിനാണ് ലജ്ജിക്കുന്നത്?എന്തിനാണൊരു മൂടുപടം? 21 ഉം 18 ഉം വയ്യസുകളില്‍ ആണിനും പെണ്ണിനും വിവാഹം കഴിക്കാമെങ്കില്‍ അതിനു മുന്‍പേ അവര്‍ പരിപൂര്‍ണ വിദ്യാഭ്യാസം നേടിയിരിക്കണം.ഒരുപക്ഷേ നമ്മുടെ കാരണവന്മാര്‍ പറഞ്ഞേക്കാം “നിങ്ങളുണ്ടായത് ഞങ്ങള്‍ പുസ്തകം നോക്കി പഠിച്ചിട്ടല്ല” എന്ന്. എന്നാല്‍ പാല്‍ ഗ്ലാസ്സിലൊഴിച്ച് കുടിക്കുന്നതും നിലത്തൊഴിച്ച് നക്കികുടിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നമ്മുടെയെല്ലാം ജന്മത്തിനു കാരണമായ ഒന്നു ഒരിക്കലും ഒരു തെറ്റാകുകയില്ല. അതു പഠിക്കേണ്ടത് ഒരു ജീവി എന്ന നിലയിലും സമൂഹികജീവിതം നയിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും നമ്മുടെ ആവശ്യമാണ്.
Read more on child abuse:
Wikipedia
Jim Hopper
Save the children
Central Report