എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Tuesday, February 17, 2009

കുട്ടൂസനും ഡാകിനിമാരും


DisClaimer

കുട്ടുമോനെ നിങ്ങള്‍ക്കെല്ലാം അറിയാം. അതേ, എന്റെ പ്രിയപ്പെട്ട സുഹ്രുത്തും നാണം, മാനം എന്നീ ഗുണങ്ങളുടെ അര്‍ത്ഥം പോലും അറിയാത്ത ഒരു പരമ ബോറന്‍. ഇന്ന് ഈ വാലന്റൈന്‍സ് ദിനത്തില്‍ അവന്റെ പ്രണയകഥകള്‍ പറയേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു. പ്രണയം എന്ന വാക്കിന്റെ അര്‍ത്ഥം കളഞ്ഞുകുളിക്കുമെന്നതിനാല്‍ ഇതിനെ ‘കുട്ടുമോന്റെ ഞരമ്പുരോഗ കഥകള്‍’ എന്നും പറയാം. ഈ കഥകള്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ എന്നെ ബ്ലോഗ്ഗിങ്ങ് ലോകത്തില്‍ നിന്ന് വിലക്കരുത്. റേഷന്‍ വെട്ടികുറക്കരുത്, കണ്ടാല്‍ കല്ലെറിയരുത്. പട്ടിയെ വിട്ട് കടിപ്പിക്കരുത് കാരണം ഇതെല്ലാം മുഷിഞ്ഞുനാറിയ കഥകളാണ്. എങ്കിലും അവനോടുള്ള വാക്കിന്റെ പേരില്‍ ഞാനിതെല്ലാം പറയുന്നു. എല്ല്ലാരും എന്നോട് പൊറുക്കുക.

കഥയിലേക്ക്,

കണ്ടാല്‍ വയറുചാടി , ഇടം തോള്‍ വലത്തോട്ട് ചെരിച്ച് മോഹന്‍ലാലിലെ പോലെ നടക്കും. സ്വയം ഒരു സുന്ദരനാണെന്നൊരു തോന്നല്‍ ഉണ്ട്. അത് സഹിക്കാം. പക്ഷെ താന്‍ വലിയൊരു കൊമേഡിയന്‍ ആണെന്ന തോന്നലാണ് നമ്മള്‍ക്ക് ഭീഷണിയാകുന്നത്. പഴയ കുറേ ഹോളിവുഡ് സിനിമകള്‍ കണ്ട് അതിലെ തമാശകള്‍ കാണാതെ പഠിച്ച് വഴിയില്‍ കിടന്ന് കിട്ടിയ കുറേ ഗേള്‍ ഫ്രണ്ട്സിനു എസ് ടി ഡി വിളിച്ച് പറഞ്ഞ് കൊടുക്കലാണ് ഇഷ്ട്ടന്റെ ഇപ്പോഴത്തെ പ്രധാന വിനോദം. കുട്ടുമോന്‍ ഒരുപാട് പെണ്‍കുട്ടികളെ പ്രേമിച്ചിട്ടുണ്ട്. അവരെല്ലാം ഇന്ന്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ കൂടെയോ കാമുകരുടെ കൂടെയോ സുഖായി ജീവിക്കുന്നു. എന്നാലും ആ കഥകളും കുട്ടുമോന്റെ ഇന്നത്തെ അവസ്ഥയും കണ്ടാല്‍ നമുക്ക് ഓര്‍മ വരിക ദേവദാസിനെ അല്ല. ഒരു നായയെ ആണ്. ഏതാണ് ആ നായ എന്നോ? കേട്ടിട്ടില്ലേ? എന്നാല്‍ പറയാം. ഒരിടത്തൊരിടത്ത് ഒരു പ്രശസ്തനായ ഒരു നായ ഉണ്ടായിരുന്നു. ആ നായയുടെ വാല്‍ ‍എത്രകാലം കുഴലിലിട്ടാലും നിവരില്ല!
കുട്ടുമോന്‍ അഥവാ ഇംഗ്ലീഷില്‍ കുട്ടൂസന്റെ നായികമാരുടെ കഥകള്‍ അക്കമിട്ട് നിരത്തിയാലോ എന്നാലോചിക്കുവാ... എന്നാല്‍ അങ്ങിനെ തന്നെയാകാമല്ലേ? ഒന്നുകൂടി പറയട്ടേ, വേറെ ഒരു പണിയുമില്ലേല്‍ മാത്രം മുന്നോട്ട് പോകുക.


കുട്ടുമോന്‍ +2 നു ചേര്‍ന്നതു തന്നെ അവന്റെ ഞരമ്പുരോഗത്തിനു ഒരു ചികിത്സകിട്ടുമെന്ന പ്രതീക്ഷയിലാണ്. അതിനാദ്യം അവന്‍ കണ്ടുപിടിച്ചത് ഇരട്ടപെറ്റതെന്നു നമ്മള്‍ക്കു തോന്നിക്കുന്ന എന്നാല്‍ രണ്ടമ്മകള്‍ക്ക് ജനിച്ച രണ്ടു കൂട്ടുകാരികളെ ആയിരുന്നു. പങ്കജാക്ഷിയും ദാക്ഷായണിയും. പങ്കജാക്ഷിയോടായിരുന്നു കുട്ടുമോനു താത്പര്യം. പക്ഷേ ദാക്ഷായണി അല്‍പ്പം തടിച്ച ശരീരമുള്ള ആളായിരുന്നുതുകൊണ്ട് കാഴ്ചയില്‍ കുട്ടുമോനു കൂടുതല്‍ ചേര്‍ച്ച അവളായിരുന്നു. അതുകൊണ്ട് തന്നെ കുട്ടുമോനെ കുറിച്ച് ഇറങ്ങിയ ഗോസിപ്പുകളിലെ നായിക ദാക്ഷായണിയായിരുന്നു. ഇത് കുട്ടുമോന്റെ പിഞ്ചു ഹ്രുദയത്തെ അസ്വസ്ഥമാക്കി. “എന്തോന്നാടേ ഇത്? ഇവന്മാര്‍ക്കൊക്കെ സത്യസന്ധമായി ഗോസിപ് ഇറക്കി കൂടെ?” കുട്ടുമോന്‍ വിതുമ്പി. കുട്ടുമോന്‍ പങ്കജാക്ഷിയെ വളക്കാന്‍ പലതും ചെയ്തു. ഒരു ക്ലാസ്സില്‍ അവളുടെ കണ്ണില്‍ മാത്രം നോക്കിയിരിക്കാന്‍ ശ്രമിച്ചു. അവളെ നായികയാക്കി ഒരു നാടകമെഴുതി അവളെകൊണ്ട് അഭിനയിപ്പിച്ച് അതില്‍ സ്വയം നായകന്റെ വേഷം അണിയാന്‍ വരെ ശ്രമിച്ചു.അവള്‍ സമ്മതിച്ചില്ല. എന്തിന്? അധ്യാപക ദിനത്തില്‍ റ്റീച്ചര്‍മാര്‍ക്ക് സമ്മാനിക്കാന്‍ കൊണ്ട് വന്ന പൂക്കളില്‍ ആരും കാണാതെ ചുംബനങ്ങള്‍ കുത്തി നിറച്ച് അവള്‍ക്കു കൊണ്ട് കൊടുത്തു. എന്നിട്ടും അവള്‍ തിരിഞ്ഞ് നോക്കിയില്ല. അവസാനം കാര്യങ്ങളെല്ലാം ഒരു വഴിക്കാക്കാന്‍ ഞാനും കുഞ്ഞുണ്ണിയും വേണ്ടി വന്നു.
ഞാന്‍ കുട്ടുമോനോട് പറഞ്ഞു. “എടാ, നിന്റെ രണ്ട് പ്രിയപ്പെട്ട്ക്ക സുഹ്രുത്തുക്കള്‍ നിനക്ക് ഞരമ്പ് രോഗമാണെന്ന് അപ്പുറത്തെ ക്ലാസ്സില്‍ പോയി പറഞ്ഞു”.
ആ രണ്ട് സുഹ്രുത്തുക്കള്‍ ഞാനും കുഞ്ഞുണ്ണിയുമാണെന്ന സത്യം മാന‍സ്സിലാക്കാതെ കുട്ടുമോന്‍ അലറി.
“എന്നാല്‍ രണ്ടിനുമുള്ളത് ഞാന്‍ കൊടുക്കാം. നാളെയാകട്ടേ”
പിറ്റേ ദിവസം കുട്ടുമോന്‍ എഴുതി തയ്യാറാക്കിയ ഡയലോഗുകള്‍ കാണാതെ പഠിച്ച് വന്നു. ദാക്ഷായണിയുറ്റേയും പങ്കജാക്ഷിയുടേയും അടുത്ത് പോയി കാച്ചി.
“സാസ്കാരിക പൈത്രുകത്തിന്റെ അധപതനമാണ് ഞാന്‍ നിങ്ങളുടെ വാക്കുകളില്‍ കാണുന്നത്. ഞരമ്പ് രോഗം നിന്റെയൊക്കെ കുടുംബത്തിരിക്കുന്നവര്‍ക്ക്”
ഒന്നും മനസ്സിലാകാതെ അവര്‍ രണ്ടാളും ഞെട്ടിത്തരിച്ച് നിന്നു.
പിന്നീട് ഞാന്‍ കുട്ടുമോന്റെയടുത്ത് സത്യങ്ങള്‍ പറഞ്ഞപ്പോള്‍ കുട്ടുമോന്‍ അവരുടെ രണ്ടുപേരുടേയും അടുത്ത് ചെന്ന് മാപ്പ് പറഞ്ഞു.
“പങ്കജാക്ഷി, സോറി.എല്ലാം എന്റെ തെറ്റിദ്ധാരണയായിരുന്നു. ഒരു തെണ്ടി എന്നെ പറ്റിച്ചതാണ്. നീ ക്ഷമിക്ക്”
അവന്‍ പങ്കജാക്ഷിയെ നോക്കി. എന്നിട്ട് തുടര്‍ന്നു.
“ശ്രീരാമന്‍ പോലും സീതയെ സംശയിച്ചിട്ടില്ലേ?”
ഇതിനു വളരെ റൊമാന്റിക് ആയി പങ്കജാക്ഷി മറുപടി പറഞ്ഞു.
“പ് ഫ!! ചൂലേ!”


സ്വജാതിയില്‍ നിന്നും പ്രേമിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത പോലെയാണ് കുട്ടുമോന്‍ എന്ന കള്ള നസ്രാണിയുടെ പ്രവര്‍ത്തികള്‍. കാണാന്‍ ഐശ്വര്യം ഉണ്ടെന്നും പറഞ്ഞു ഹിന്ദു പെണ്‍കുട്ടികളെമാത്രം നോക്കുന്ന പതിവ് പക്ഷേ അവന്‍ പങ്കജാക്ഷിപ്രണയം എന്ന ദുരന്ത കഥയോടു കൂടി അവസാനിപ്പിച്ചു. പിന്നീട് മുസ്ലിം സമുദായമാണ് നല്ലതെന്ന തിരിച്ചറിവുണ്ടായി. പാത്തുമ്മ, ആമിന എന്നീ രണ്ടു കുട്ടികളെ കാണുമ്പോളായി കുട്ടുമോന്റെ ഞരമ്പുകള്‍ പഴയ അസുഖം കാണിക്കാന്‍ തുടങ്ങിയത്. അതുപക്ഷേ നേരിട്ട് മുട്ടാനുള്ള ധൈര്യം കുട്ടുമോനില്ലായിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ കെട്ടണമെങ്കില്‍ പൊന്നാനിയില്‍ പോയി ചില കൈക്രിയകള്‍ വേണ്ടി വരുമെന്ന ഭയമാണോ കാരണമെന്നറിയില്ല. എങ്കിലും ഒരിക്കല്‍ ലോകത്തിലെ ഏറ്റവും നാറിയ നമ്പറുമായി കുട്ടുമോന്‍ ആമുവിനെ ഒന്നു മുട്ടി.
ഒരു ഉച്ച നേരം. കുട്ടുമോനു കടുത്ത ദാഹം. ക്ലാസ്സില്‍ ഒരുപാട് പേരുടെ കയ്യില്‍ വെള്ളമുണ്ടേലും അപ്പുറത്തെ സൈഡിലിരിക്കുന്ന ആമുവിനോട് വെള്ളം ചോദിച്ചു അവന്‍. അവളുടെ കുപ്പിയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചശേഷം ഒരു പരതറ കമന്റും പറഞ്ഞു.
“ഹായ്! നല്ല നെയ് ചോറിന്റെ രസം.”

Saturday, February 14, 2009

ഒരാശംസ കയ്യിലുണ്ട്..വേണേല്‍ തരാം.



1000 എസ് എം എസ് തരാമെന്നും പറഞ്ഞ് എന്നെ പറ്റിച്ച എയര്‍ടെല്‍ കാര്‍ക്ക് എന്റെ ക്രുതജ്ഞത രേഖപ്പെടുത്തികൊണ്ട്,
രണ്ടാം ശനി കേതുവിന്റെ ഇടനാഴികളില്‍ വന്ന് തലയിട്ടു നോക്കിയ കാരണം കോളേജ് അവധിയായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സഹതപിച്ചു കൊണ്ട്,
ലാലു-വേലു-ലാലു ട്രെയിന്‍ നിര്‍ത്താതെ പോകുന്നതു കണ്ട് വായും പൊളിച്ച് നിക്കുന്ന കേരളത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്,
പി ബി യില്‍ പന്തം കൊളുത്തി ജാഥയ്ക്കു ആരേലും കല്ലെറിയുമെന്ന പ്രതീക്ഷയില്‍ കെട്ട്യോളൊടു ഒരു ഗുഡ് മോര്‍ണിങ്ങ് പോലും പറയാതെ ക്യാമരയും തൂക്കി ഇറങ്ങിയ ചാനലുകാര്‍ക്ക് ,
കാമുകിമാരുടെ കല്യാണത്തിനു സദ്യയുണ്ണാന്‍ പോകുന്ന കാമുകന്മാര്‍ക്ക് സിന്ദാബാദ് വിളിച്ച് കൊണ്ട്,
കല്യാണം മുടക്കികള്‍ക്ക് നേരെ കൊഞ്ഞനം കാണിച്ച് കൊണ്ട്,
ഉണ്ണി പിറന്നാലും ഓണം വന്നാലും ബാറില്‍ പോകാത്ത ചാലക്കുടിയിലെ കുടിയന്മാരുടെ പ്രതിമകളില്‍ ആദരാഞ്ജലി അര്‍പ്പിച്കുകൊണ്ട് ,
വാലന്റൈന്‍സ് ദിനമെന്നു കേട്ടാല്‍ വാളെടുക്കുന്ന അമ്മാവന്മാര്‍ക്ക് അസൂയക്കുള്ള മരുന്നിന്റെ പേരു പറഞ്ഞു കൊടുക്കാനറിയാതെ,

സ്നേഹിച്ചു തീരാ‍ന്‍ സമയം തികയാത്ത ഈ ഭൂമിയില്‍ വെറുപ്പിനെ മറന്നു കൊണ്ട്,
പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാര്‍ക്കും,
പരസ്പരം സ്നേഹിക്കാന്‍ കൊതിക്കുന്ന ഓരോ മനുഷ്യനും ആരാധനയോടെ
വാലന്റൈന്‍സ് ദിനാശംസകള്‍ നേരുന്നു.!!

Wednesday, February 11, 2009

നമുക്കെന്തൂട്ടാഇഷ്ട്ടാ,ആര്ടെകല്യാണം കഴിഞ്ഞാലും?

“കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവത്കരിച്ചു.”
കാവ്യമാധവന്റെ കല്യാണത്തെ കുറിച്ച് എനിക്കു വന്ന ഒരു എസ് എം എസ് ആണ്.കാവ്യയുടെ ഇന്റര്‍വ്യൂകളും കല്യാണത്തിന്റെ ഒരുക്കങ്ങളും മാത്രമായിരുന്നു ചാനലുകളില്‍ കല്യാണത്തിനു ഒരാഴ്ച മുന്‍പ് വരെ. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും കാവ്യയുടെ വിവാഹം ലൈവായി തന്നെ കാണിച്ചു. കല്യാണം നടക്കുന്ന അമ്പലത്തിലേക്ക് ക്ഷണിക്കാതെ പോയവരുടെ എണ്ണം എത്രയെന്നു നിശ്ചയമില്ല. ഇത്ര നാണമില്ലാത്തവരാണോ മലയാളികള്‍? എന്തിനാണ് ഒരു സിനിമ നടി വിവാഹിതയാകുന്നത് കേരളം ഇങ്ങനെ ആഘോഷിക്കുന്നത്? ഇത്രയ്ക്കു സുന്ദരിയായ ഒരു നായികയെ വിവാഹം ചെയ്യാന്‍ പോകുന്ന ഭാഗ്യവാന്‍ ആരെന്ന് അറിയാനുള്ള എല്ലാര്‍ക്കും ഉണ്ടാകാം. അതിനുമപ്പുറം ക്യാമറയും കൊണ്ട് അമ്പലം മൊത്തം കറങ്ങി നടക്കേണ്ട കാര്യമുണ്ടോ?എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നു മാത്രം. കാവ്യ ഇനി അഭിനയിക്കുമോ? ഉത്തരം പറയേണ്ടത് കാവ്യയെ കെട്ടിയ ആളും. മലയാളത്തില്‍ എന്നല്ല മിക്ക ഭാഷകളിലും വിവാഹം കഴിഞ്ഞാല്‍ നടികള്‍ അഭിനയം നിര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കും. എന്താണ് കാരണം? വിവാഹത്തിനു മുന്‍പ് ചെയ്തിരുന്ന ഒരു തൊഴില്‍ വിവാഹത്തിനു ശേഷം ചെയ്യാന്‍ പറ്റാത്തതാണെന്ന് പറയുന്നത് എന്തുകൊണ്ട്? അതൊരു മോശം തൊഴില്‍ ആണ് . കുടുംബമായി ജീവിക്കുന്ന ഒരു പെണ്ണിനു ചേരാത്ത ഒന്നാണ് എന്ന് കരുതുന്നത് കൊണ്ട് തന്നെയല്ലേ? സമയമില്ല എന്നുള്ളത് ഒരുതരം ഒഴിഞ്ഞുമാറലാണ്. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചാല്‍ തന്നെ സമയം എന്നു പറയുന്നത് ഉണ്ടാകും. സത്യത്തില്‍ ഇത്ര നാളും എല്ലാരും എന്റെ പെണ്ണിനെ തൊട്ടു, അവളുടെ സൌന്ദര്യം കണ്ടാസ്വദിച്ചു, ഇനി വേണ്ട എന്നതാണ് ഈ വിരമിക്കല്‍ തീരുമാനങ്ങളുടെ പിന്നില്‍. എന്തുകൊണ്ട് ഒരു വിവാഹജീവിതം എന്നത് സ്വന്തം തൊഴിലിനേക്കാള്‍ വലുതായി സ്ത്രീകള്‍ കാണുന്നു. നടന്മാര്‍ കരിയര്‍ സംരക്ഷിക്കാനായി വിവാഹമേ വേണ്ടെന്നു വച്ച് നടക്കുമ്പോള്‍, ഏതെങ്കിലും ഒരുത്തന്റെ കാല്‍ക്കീഴില്‍ തന്റെ കഴിവുകള്‍ അടിയറ വച്ച് ഒരു അടുക്കളക്കാരിയായി ഒതുങ്ങി കൂടുവാന്‍ ആഗ്രഹിക്കുന്നു? അല്ലേലും ഒന്നു കൂടെ ചോദിക്കട്ടേ? ഒരു നായികയ്ക്ക് ഇന്നു സിനിമയില്‍ എന്താണ് ചെയ്യാനുള്ളത്? ന്രുത്തം, ഫോട്ടോക്കു പോസ് ചെയ്യല്‍,അസ്ഥാനത്ത് ചിരി. ഇത്രയുമല്ലേ ഉള്ളൂ? കഥയ്ക്ക് ഒട്ടും ആവശ്യമില്ലാത്ത ചേരുവയാണ് ഇന്നു സിനിമകളില്‍ നായിക. അതിപ്പോള്‍ ഒരു കാവ്യ പോയാല്‍ ഒരു നവ്യ ഉണ്ട്. നവ്യ പോയാല്‍ ഒരു ഭാവന ഉണ്ട്. അതിങ്ങനെ മാറി മാറി വന്നോളും. മലയാളികള്‍ കാവ്യ പോയി എന്നും പറഞ്ഞ് കുണ്ഠിതപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ അനിയത്തികുട്ടി എന്നോട് പറഞ്ഞു.
“വല്ല്യേട്ടാ, കാവ്യാ മാധവന്റെ കല്യാണം കഴിഞ്ഞല്ലോ”.
“ഉവ്വോ? നീ പോയില്ലേ?”
“ അമ്മ കൊണ്ട്പോയില്ല.”
“കഷ്ട്ടായി”
“പിന്നെ കാവ്യാമാധവന്‍ ഇനി സിനിമയില്‍ വരില്ല എന്നു പറഞ്ഞിട്ട് ഇന്നലെ ടിവിയില്‍ കണ്ട സിനിമയില്‍ ഞാന്‍ കാവ്യമാധവനെ കണ്ടല്ലോ?”
സത്യത്തില്‍ ഇതിനുത്തരം പറയാന്‍ എനിക്കറിയില്ലായിരുന്നു . എങ്കിലും ഞാന്‍ മനസ്സിലോര്‍ത്തു.
“ടിവിയില്‍ മാത്രമല്ല മോളേ , കുറച്ചു നാള്‍ കഴിഞ്ഞാല്‍ തിയറ്ററിലും വരും. നമ്മളിതെത്ര കണ്ടിരിക്കുന്നു”

Wednesday, February 4, 2009

വാനരസേനയും കാമുകിമാരും


“അല്ല...ഇതെന്താ സംഭവം? ഇവിടെ മറ്റാര്‍ക്കും ജീവിക്കേണ്ടേ?“
കുഞ്ഞുണ്ണിയുടെ ശബ്ദം കേട്ടാണ് ഞാന്‍ എണീറ്റത്. മുറ്റത്തേക്കു വന്നപ്പോള്‍ ഒരു കയ്യില്‍ പത്രവും ചുരുട്ടി പിടിച്ച് അവന്‍ നില്‍ക്കുന്നു അവന്‍. കുറച്ച് മാറി പല്ലു തേച്ചു കൊണ്ട് കുട്ടുമോനും. കുട്ടുമോന്‍ പല്ലു തേച്ച് തേച്ച് കുഞ്ഞുണ്ണിയുടെ മുഖത്തേക്കു തുപ്പിക്കാണുമോ?
കുഞ്ഞുണ്ണി കുട്ടുമോന്റെ മുഖത്തേക്കു ഉത്തരത്തിനായി ക്ഷുഭിതനായി നോക്കി നില്‍ക്കുന്നു. വായില്‍ ബ്രഷും വച്ച് ഞാനെന്തു ചെയ്തു എന്ന ഭാവത്തില്‍ കുട്ടുമോനും. ഞാന്‍ ഇറ്റയില്‍ കയറി ചോദിച്ചു.
“എന്താ? എന്താ ഉണ്ടായേ?”
ഒരാളോടു പരിഭവം പങ്കു വയ്ക്കാന്‍ കിട്ടിയ പോലെ കുഞ്ഞുണ്ണി എന്റെ നേരെ തിരിഞ്ഞു.
“ദാ കണ്ടില്ലേ.. മാംഗ്ലൂര്‍ ഒരു പബ്ബില്‍ കയറി കുറേ അവന്മാര്‍ പെന്‍പിള്ളേരെ തല്ലിയിരിക്കുന്നു”
ഓഹോ! അപ്പോള്‍ സമൂഹ്യ പ്രതിബദ്ധതയാണ്. അല്ലാതെ കുട്ടുമോനല്ല. ഇതു കേട്ടതും കുട്ടുമോനു സമാധാനമായി. അവന്‍ ചോദിച്ചു.
“ആരാ തല്ലിയത്? അവളമാരുടെ തന്തമാരാണോ?”
“അല്ല. ചില സമൂഹ്യനവീകരണസാംസ്കാരികഗൂഢോത്രക്കാരാ”. കുഞ്ഞുണ്ണു വിശദീകരിച്ചു.
“എന്തോന്ന്?”
“ശ്രീരാം സേന ... താക്കരേയുടെ കന്നഡ വേര്‍ഷന്‍”
ഈ മൊഴിമാറ്റ ചിത്രങ്ങളുടെ കാലത്ത് ഇതിത്ര വല്ല്യ കാര്യാണോ?എങ്കിലും ചോദിക്കാതിര്‍ക്ക്കാന്‍ കഴിഞ്ഞില്ല.
“ആരാ ഈ ശ്രീരാംസേന?”. ന്യായമായ ചോദ്യമല്ലേ? ഇവരെ ഭൂകമ്പം ഉണ്ടായപ്പോളോ സുനാമി വന്നപ്പോളോ കണ്ടിട്ടുണ്ടോ ഇവരെ?

ഇതിനുള്ള ഉത്തരം പറഞ്ഞത് കുട്ടുമോനായിരുന്നു.
“ കര്‍ണാടകയില്‍ ചാരായം നിര്‍ത്തലാക്കിയതില്‍ പിന്നെ സംഭവിച്ച ഒരു സമൂഹ്യവിപത്തിന്റെ പരിണിതഫലമാണിത്”
“ഉവ്വ ..എല്ലാം മനസിലായി..മര്യാദയ്ക്കു പറ”.
“അതായത് അവിടെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഭാര്യമാര്‍ കാമുകന്മാരുടെ കൂടെ പോകുന്നത് ഒരു സ്ഥിരം സംഭവമാണ്. അങ്ങിനെയുള്ള ഭര്‍ത്താക്കന്മാര്‍ ചേര്‍ന്നു രൂപം കൊടുത്തതാണ് ഈ സംഘടന. ഇവര്‍ക്കു കാമുകീ കാമുകന്മാരെ കാണുന്നത് ചതുര്‍ത്ഥിയാണ്.എവിടെ കണ്ടാലും ആക്രമിക്കും”

പറയുന്നത് നുണയാണേലും കേട്ടാല്‍ സത്യമാണെന്നു തോന്നും.
“കുറ്റം അവരുടെയല്ലല്ലോ. സെക്യൂരിറ്റി ഇല്ലാത്തതല്ലേ?“ ഞാന്‍ ഇറ്റയില്‍ കയറി...ഈശ്വരാ എന്റെ വീട്ടിലും നാളെ ഒരു സെക്യൂരിറ്റികാരനെ വക്കണം
“അവന്മാര്‍ ഈ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ കൂടെ കലക്കുമെന്നാ പറഞ്ഞിരിക്കുന്നേ”. കുട്ടുമോന്‍ കൂട്ടിചേര്‍ത്തു.
“കുരങ്ങന്മാര്‍” കുഞ്ഞുണ്ണിക്കു സഹിക്കുന്നില്ല.
. ‘അതു നീ പറഞ്ഞത് ശരിയാ”ഞാന്‍ പറഞ്ഞു
“എന്ത്?”
“കുരങ്ങന്മാര്‍”
“എങ്ങനെ?”
“പണ്ട് ലങ്ക ആക്രമിക്കാന്‍ പോയശ്രീരമന്റെ സേനയില്‍ എല്ലാം കുരങ്ങന്മാരായിരുന്നു. കുരങ്ങന്മാര്‍ മനുഷ്യരെ പോലെ പെരുമാറില്ലല്ലോ?”

Tuesday, February 3, 2009

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം.


വര്‍ഷത്തെ യുവജനോത്സവം ഒക്റ്റോബര്‍ 15,16,17 ദിവസങ്ങളിലായി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബുധനാഴ്ചക്കു മുന്‍പായി പേരു നല്‍കേണ്ടതാണ്”.
ടീച്ചര്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. യൂത്ത്ഫെസ്റ്റിവലെന്നാല്‍ എനിക്കു വീട്ടില്‍ കിടന്നുറങ്ങാനുള്ള സമയമാണ്. പക്ഷേ ഇത് +1 ആണ്. സ്കൂള്‍ നിറയെ സുന്ദരികളും. വായ് നോക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടുമോ? ആ ദിവസമെങ്കിലും ഈ യൂണിഫോം ഇടാതെ ഇവള്‍മാര്‍ക്കു വന്നൂടെ? ഞാന്‍ അങ്ങിനെ യൂത്ഫെസ്റ്റിവല്‍ എന്ന സമൂഹ്യവിപത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ചും അത് ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും ചിന്തിച്ചിരിക്കുമ്പോളാണ് ഒരു തവള കരയുന്ന ശബ്ദം ഞാന്‍ കേട്ടത്. ങേ! മഴക്കാലം കഴിഞ്ഞില്ലേ? ഞാന്‍ തിരിഞ്ഞു നോക്കി.
തവളയല്ല , കുട്ടുമോനായിരുന്നു. ഇംഗ്ലീഷില്‍ കുട്ടൂസന്‍ എന്നും പറയും. കൂറ്റെ കുഞ്ഞുണ്ണിയും എന്റെ ആജന്മസുഹ്രുത്താണേലും കണ്ടുമുട്ടിയത് 15ആം വയസ്സിലാണ്. കുട്ടുമോനെ പറ്റി പറയുവാണേല്‍ പുതൊയൊരു ബ്ലോഗ്ഗിനു സാധ്യതയുണ്ട്. കുട്ടുമോന്‍ നമ്മളോടു വളരെ മാന്യമായി തന്നെ പൊങ്ങച്ചം പറയാന്‍ കഴിവുള്ള വ്യക്തിയാണ് .... ‘എന്റെ വീട്ടില്‍ രണ്ട് ആനയുണ്ട്. എന്റെ വീടിനു മുന്നില്‍ ഞാന്‍ നട്ടു വളര്‍ത്തിയ ഒരു വലിയ ആല്‍മരത്തിലാണ് രണ്ടിനേയും നല്ല ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് തളച്ചിട്ടിരിക്കുന്നേ. ഞാനാണ് എന്നും അവറ്റങ്ങള്‍ക്കുള്ള പനയോല മരത്തില്‍ കയറി വെട്ടികൊണ്ട് വരാറുള്ളത്. പിന്നെ ആനപിണ്ടം റീസൈക്കിള്‍ ചെയ്യാനുള്ള പ്ലാന്റ് സ്ഥാപിച്സിരിക്കുന്നതിന്റെ മേല്‍നോട്ടവും എനിക്കാണ്”... ഹോ! ഈ പഹയന്‍ വല്ലാത്ത സംഭവം തന്നെ എന്നും കരുതി ആനയേയും ആലും പ്ലാന്റും കാണാന്‍ ചെല്ലുന്ന നമ്മള്‍ കാണുക രണ്ട് മുട്ടനാടുകള്‍ പുല്ലും പ്ലാവിലയും തിന്നുകൊണ്ടിരിക്കുന്നതും ആട്ടിന്‍ കാട്ടം തെങ്ങിന്റെ കടക്കു കൊണ്ടിടുന്ന കുട്ടുമോനേയും ആകും. പിന്നെ, കുട്ടുമോന്റെ പ്രണയകഥകള്‍ ഞാന്‍ പറയുന്നില്ല. കാരണം അവന്‍ പ്രണയിച്ച രണ്ടു ഡസന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും കുട്ടികളുമായി സുഖായി ജീവിക്കുന്നു.

“എടാ, 16 ഉം 17 ഉം മുടക്കമാണ്. ഓണ്‍ സ്റ്റേജ് ഐറ്റംസാണ്. പക്ഷേ 15 ആം തിയതി ഓഫ് സ്റ്റേജാണ്. പങ്കെടുക്കാത്തവര്‍ ക്ലാസ്സില്‍ ഇരിക്കേണ്ടി വരും”. അവന്‍ പറഞ്ഞു.

“ഛായ്!! ഇതേതു കോപ്പിലെ പരിപാടിയാ ഇഷ്ട്ടാ.. നമ്മളെന്തിനാ ക്ലാസ്സില്‍ കയറുന്നേ?”. എന്നിലെ കലാ‍ഹ്രുദയം ക്ഷുഭിതനായി. “ഇനി എന്തു ചെയ്യും?.”

“ഒരു വഴിയുണ്ട്. നമ്മള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം”. അവന്‍ വളരെ കൂളായി തന്നെ പറഞ്ഞു.

ഉറക്കവും വായ്നോട്ടവും മത്സര ഇനങ്ങളല്ല. അതുകൊണ്ട് തന്നെ ഞാന്‍ അവനോടു ചോദിച്ചു. “ എന്ത് പരിപാടിക്കാ പേരു കൊടുക്കുക? എനിക്കു വരക്കാനും പെയിന്റ് ചെയ്യാനുമൊന്നും അറിയില്ല.”

“വേണ്ട. നമുക്കു എസ്സെറൈറ്റിങ്ങിനു പേരു കൊടുക്കാം. പേന പിടിക്കാന്‍ മാ‍ത്രം അറിഞ്ഞാല്‍ മതി”.

അങ്ങിനെ ഞാനും കുട്ടുമോനും ഞങ്ങളുടെ പ്രിയ സുഹ്രുത്ത് കുഞ്ഞുണ്ണിയും കൂടെ മത്സരങ്ങളില്‍ പേരു കൊടുക്കാന്‍ പോയി. ഇംഗ്ലീഷ്, ഹിന്ദി,മലയാളം,അറബിക് എന്നീ ഭാഷകളില്‍ ഉപന്യാസം എഴുതാം.

“നിനക്കു അറബി അറിയോ?” അവന്‍ ചോദിച്ചു.
“കണ്ടാല്‍ മനസ്സിലാകും” ഞാന്‍ പറഞ്ഞു.
“അപ്പോള്‍ വായിക്കാന്‍ അറിയോ?”
“അതല്ല. കണ്ടാല്‍ അറബിയാണെന്ന് മനസിലാകും”. ഞാന്‍ എന്റെ അവസ്ഥ വ്യക്തമാക്കി.
“ഛെ!..ആ പൊട്ടേ സാരമില്ല. നമ്മള്‍ക്കു അറബി ഒഴിവാക്കാം”. അവന്‍ പദ്ധതിയുടെ കരടു രേഖ പ്രസിദ്ധപ്പെടുത്തി.
അങ്ങിനെ ഞാനും കുട്ടുമോനും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ ഉപന്യാസരചന എന്ന സാഹസ്സത്തിനു തയ്യറായി.
ലണ്ടനും ലിവര്‍പൂളിനും ഇടയിലുള്ള പൊന്നാനിനിയില്‍ ആയിരുന്നു കുഞ്ഞുണ്ണി ജനിച്ചത്. അതുകൊണ്ട് ഇംഗ്ലീഷില്‍ മാത്രേ അവനെഴുതാന്‍ അറിയു‍.

അങ്ങിനെ 15ആം തിയതി കാലത്ത് കുളിച്ച് കുറിയും തൊട്ടു, റിലയന്‍സ് വെബ് വേള്‍ഡിലെ ചേച്ചിയെ കാത്തു നിന്നു കണി കണ്ട് ഞങ്ങള്‍ മൂന്നു പേരും കൂടെ പതിവു പോലെ അസംബ്ലി കഴിയാന്‍ നേരം സ്കൂളിലെത്തി. ആദ്യം ഇംഗ്ലീഷ് ഉപന്യാസ രചനയ്ക്കുള്ള ക്ലാസ് റൂമിലെത്തി. അവിടെയെത്തിയപ്പോള്‍ സംത്രുപ്തിയായി. “വാട്ട് ഈസ് യുവര്‍ നെയിംസ്ലിപ്? മൈ നെയിം ഈസ് ദ കുഞ്ഞുണ്ണി.“ ഇത്രയും അറിയാവുന്ന കൊണ്ട് കുഞ്ഞുണ്ണി എന്തൊക്കെയോ എഴുതികൂ‍ട്ടി. ഞാനും കുട്ടുമോനും പേപ്പറില്‍ നമ്പര്‍ പോലും എഴുതാതെ തിരികെ കൊടുത്തു. ഉടനടി വിട്ടു മലയാളം ഉപന്യാസമെഴുതാന്‍. ആ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശ എണ്ണം കിട്ടി. അവിടെ തോട്ടത്തില്‍ ചെടി നനക്കാന്‍ നിക്കുന്ന വേലായുധേട്ടന്‍ വരെ മത്സരത്തിനുണ്ട്. ഇരിക്കാന്‍ പോലും സ്ഥലമില്ല. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്. എന്നെങ്കിലും ഏതെങ്കിലും പുരാവസ്തുക്കാര്‍ കുഴിച്ചെടുത്തോളും മ്യൂസിയത്തില്‍ വക്കാന്‍.

ഉച്ചക്കു ശേഷമാണ് ഹിന്ദി ഉപന്യാസരചന. ഞാനും കുട്ടുമോനും ക്ലാസ്സിലെത്തി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആകെ രണ്ടു പേര്‍ ഉണ്ട് അവിടെ.ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍ കുട്ടിയും. ഞങ്ങളേക്കാള്‍ വൈകി വരാന്‍ കഴിവുള്ളവര്‍ അവിടെ വേറെ ഇല്ലാത്ത സ്ഥിതിക്ക് ഈ മത്സരത്തിന് ആകെ നാലു പേര്‍ മാത്രം! എന്ത്?! ഞങ്ങള്‍ ഇന്ത്യയില്‍ തന്നെയല്ലേ? ഇത്ര രാഷ്ട്ര സ്നേഹം ഇല്ലാത്തവരാണോ നമ്മുടെ വിദ്യാര്‍ത്ഥികള്‍? .ഗാന്ധിജി പറഞ്ഞതൊക്കെ ഇവര്‍ മറന്നു പോയോ? “ ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷാ ഹേ| സഭീ ദേശ് വാസിയോന്‍ കോ പൈസെ കി സരൂരത് ഹേ|.”ലജ്ജാവഹം!

മത്സരം തുടങ്ങി. വിഷയം ‘ബേകാരി കി സമസ്യാ’. മുന്നിലിരുന്ന രണ്ടു പേരും എഴുതി തുടങ്ങി. ഞാന്‍ കുട്ടുമോന്റെ മുഖത്തേക്കു നോക്കി. ഞാന്‍ അവനോട് ചോദിക്കണം എന്നു വിചാരിച്ച ചോദ്യം അവന്‍ ഇങ്ങോട്ടു ചോദിച്ചു.
“ബേകാരി എന്നാല്‍ ദാരിദ്ര്യം എന്നല്ലേ അര്‍ഥം?”
ബികാരി എന്നാല്‍ ഭിക്ഷക്കാരന്‍. ബേകാരി എന്നത് ബിക്കാരിയുടെ അവസ്ഥ. അതായത് ദാരിദ്ര്യം.
“അതു തന്നെ. വേഗം എഴുതിക്കോ”. ഞാന്‍ അവനു ഉറപ്പു കൊടുത്തു.
ഞങ്ങള്‍ എഴുതി. ദാരിദ്ര്യവും ഇന്ത്യയും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബില്ലും , ബില്ല് അടക്കാത്തവനോട് ഹൊട്ടലുകാരുടെ പെരുമാറ്റത്തേയും കുറിച്ച് ആതമകഥാപരമായ ഒരു ഉപന്യാസം ഞാന്‍ തയ്യാറാക്കി. എഴുതുന്നതിനിടയില്‍ കുട്ടുമോന്റെ കണ്ണു നിറയുന്നതു ഞാന്‍ ശ്രദ്ധിച്ചു. അതേ, അവനും അതു തന്നെയാണ് എഴുതുന്നത്. ബില്ല് അടക്കാന്‍ കാശ് തികയാതിരുന്ന മൂന്നു കൂട്ടുകാരുടെ കഥ!

അങ്ങിനെ 15ആം തിയതി കഴിഞ്ഞു. 16ആം തിയതി ഞങ്ങള്‍ക്ക് സിനിമയ്ക്കു പോയി. യൂത്ഫെസ്റ്റിവല്‍ കഴിഞ്ഞു. സമ്മാനവിതരണം നടക്കുന്നു.

‘മലയാളം ഉപന്യാസ രചന ഒന്നാം സമ്മാനം പരപ്പനങ്ങാടി പങ്കജാക്ഷി രണ്ടാം സമ്മാനം കോട്ടയം കറിയ മൂന്നാം സമ്മാനം മലപ്പുറം മറിയ.’

മൂന്നു പേരും വരി വരിയായി പോയി സമ്മാനം വാങ്ങി. ഇത് എന്റേയും കുട്ടുമോന്റേയും മനസ്സില്‍ പ്രതീക്ഷ ജനിപ്പിച്ചു. എല്ലാത്തിനും മൂന്നു സമ്മാനങ്ങളുണ്ട്. ഹിന്ദി ഉപന്യാസത്തിനു ആകെ നാലു പേര്‍ അപ്പോള്‍ ഞങ്ങളിലൊരാള്‍ക്കേങ്കിലും സമ്മാനമുറപ്പ്. ചിലപ്പോള്‍ രണ്ടാള്‍ക്കും!

‘ഹിന്ദി ഉപന്യാസ രചന, ഒന്നാം സമ്മാനം ലാലാ ലജ് പത് റായ് 12 A.’
അങ്ങിനെ ഒന്നാം സമ്മാനം ഞങ്ങള്‍ക്കില്ല.
‘രണ്ടാം സമ്മാനം റാണി ലക്ഷ്മിഭായ് 12 C'.
അതും കൈ വിട്ടു പോയ്. അപ്പോള്‍ ഞങ്ങളിലൊരാള്‍ വെറും കയ്യോടെ മടങ്ങും.
“സാരമില്ല. കിട്ടുന്ന ആള്‍ നമുക്കു മൂന്നു പേര്‍ക്കും വെണ്ടി ട്രീറ്റ് നടത്തും” കുട്ടുമോന്‍ പോം വഴി കണ്ടെത്തി. ഈ തീരുമാനത്തോട് ആദ്യം യോജിച്ചത് കുഞ്ഞുണ്ണിയായിരുന്നു. എനിക്കു സമ്മാനം കിട്ടരുതേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ആകാഷയോടെ റ്റീച്ചര്‍ അനൌണ്‍സ് ചെയ്യുന്നത് കാതോര്‍ത്തു.

‘അറബിക് ഉപന്യാസം ഒന്നാം സമ്മാനം ഒസാമാ ബിന്‍ ലാദെന്‍ 11 ബി’
എന്ത്?! അയ്യോ! ടീച്ചറേ ഒരു സമ്മാനം വിട്ടു പോയി. എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ‍ഞെട്ടലില്‍ നിന്നു ഉണര്‍ന്നിട്ടില്ലായിരുന്നു.

സമ്മാന വിതരണം അവസാനിച്ചു. ഞങ്ങള്‍ക്കെതിരേ നടന്ന കൊടും ക്രൂരതേയും വഞ്ചനയേയും ചോദ്യം ചെയ്യാനായി കുട്ടുമോന്‍ സ്റ്റാഫ് റൂമിലേക്കു പാഞ്ഞു. അവന്‍ ‘നീതി’ യും കൊണ്ട് വരുന്നതും കാത്ത് ഞങ്ങള്‍ കാത്തിരുന്നു. അവന്‍ വന്നു. അവനെ ഞങ്ങള്‍ സൂക്ഷിച്ചു നോക്കി. ഇല്ല, അവന്റെ കയ്യില്‍ നീതിയില്ല. അവന്‍ ഓടി വന്നു കിതച്ച് കൊണ്ട് തന്നെ പറഞ്ഞു,

“എടാ, പേരു വിട്ടു പോയതല്ല. നമ്മള്‍ക്കു സമ്മാനമില്ല അതാ.”
“എന്തു പറ്റി?”.
“നമ്മലെ രണ്ടാളേയും ‘ഡിസ് ക്വാളിഫൈ‘ ചെയ്തു.”
“കാരണം?”.
“ബേകാരി എന്നാല്‍ ദാരിദ്ര്യമല്ല. തൊഴിലില്ലായ്മയാണ്.”
“അതെന്നു മുതല്‍?”
“പണ്ടു മുതലേ അങ്ങിനെ തന്നെയാണെന്നാ പറയുന്നേ”
എന്തൊരു കഷ്ട്ടമാ. ബികാരിക്കു പോലും സ്വന്തമായി തൊഴിലുണ്ട്. പിന്നെ എങ്ങനെ ബേകാരി തൊഴിലില്ലായ്മയാകും?
കുട്ടുമോന്‍ കുഞ്ഞുണ്ണിയുടെ നേരെ തിരിഞ്ഞു.
“അപ്പോള്‍ ആരും ട്രീറ്റ് തരുന്നതല്ല. നീ സ്വപ്നം കണ്ടതു വെറുതെയായി”
കുഞ്ഞുണ്ണിക്കു പക്ഷേ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലായിരുന്നു. അവന്‍ പറഞ്ഞു.
“എന്റെ സ്വപ്നം വെറുതെയാകില്ല. എനിക്കു നിങ്ങള്‍ രണ്ടുപേരും കൂടെ ട്രീറ്റ് തരും”
“എന്തിന്?”. ഞാനും കുട്ടുമൊനും ഒരുമിച്ചു ചോദിച്ചു.
“ നിങ്ങളുടെ ഡിസ് ക്വാളിഫികേഷന്‍ കഥ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍”.
കുട്ടുമോന്‍ വാച്ച് പണയം വച്ചു. ഞാന്‍ അമ്മ മീന്‍ വാങ്ങാന്‍ വച്ച കാശ് മോഷ്ട്ടിച്ചു!