Featured Blogs

Blog Promotion By
INFUTION

Sunday, July 15, 2012

പാളത്തിന്‍ മറയത്ത്; മെട്രോയെ പ്രേമിച്ച നഗരത്തിന്‍റെ കഥ!!



"മറൈന്‍ ഡ്രൈവിന്‍റെ നെഞ്ചിലൂടെ ഞാന്‍ മാനം നോക്കി നടന്നു. മധ്യകേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു വൃത്തികെട്ട നാറ്റമുണ്ട് കൊച്ചിയില്‍. അതെന്‍റെ മൂക്കിലും ചുണ്ടിലുമൊക്കെ തട്ടിതടഞ്ഞു  പോകുന്നുണ്ടായിരുന്നു. കൊച്ചി കായലില്‍ നിന്നും ഹൈകോര്‍ട്ട് ജങ്ക്ഷന്‍ എത്തും തോറും ആ  നാറ്റം കൂടി കൂടി വന്നു. അന്ന്‍, ആ നടു റോഡില്‍ വച്ച് ഞാന്‍ മനസ്സിലുറപ്പിച്ചു , സമ്മതിക്കില്ല ഒരു ശ്രീധരനെയും ഇതിലേ ട്രെയിനോടിക്കാന്‍, ഈ കൊച്ചി എന്‍റെ അമ്മായി അപ്പന്‍റെയാ."


 ഉമ്മന്‍ ചാണ്ടിയും ഹൈബി ഈഡനും വെളുത്ത മുണ്ടും തുടുത്ത ചിരിയുമായി  നിക്കണ ഫ്ലെക്സ് ബോര്‍ഡുകള്‍ പടര്‍ന്ന്‍പന്തലിച്ച് വഴി നീളെ നിക്കണ കാഴ്ചയാണ് കൊച്ചിയില്‍ ഇന്നെവിടെ നോക്കിയാലും. കൂട്ടത്തില്‍ ചീറിപായുന്ന ഒരു ട്രെയിനിന്‍റെ ഫോട്ടോയും. 'കൊച്ചി മെട്രോ' ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ വലിയ നേട്ടമെന്ന് വിളിച്ചോതുന്ന ഈ ബോര്‍ഡുകള്‍ പക്ഷേ യു ഡി എഫിലെ ചില സഖ്യ കക്ഷികള്‍ക്ക് അത്രയ്ക്കങ്ങ് പിടിച്ചിട്ടില്ല. 'കൊച്ചി മെട്രോ' പാല മുതല്‍ കോട്ടയം വരെ ഓടിക്കണമെന്നും ഹൈബി ഈഡനു പകരം മാണി സാറിന്‍റെ പടം ഫ്ലെക്സില്‍ വേണമെന്നുമാണ് ചില കേരള കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്.  തന്‍റെ മുഖം കണ്ടാല്‍ നാട്ടുകാര്‍ 'ഡാം എവിടെടോ കോപ്പേ?' എന്ന്‍ ചോദിക്കുമെന്ന്  ഭയന്ന് മുഖം കൊടുക്കാതെ നടക്കുന്ന ജലവിഭവ മന്ത്രിയുടെ പടം കൊടുക്കരുതെന്ന് അദ്ദേഹം കേണപേക്ഷിച്ചതു കൊണ്ട് ആ ആവശ്യം മുന്നോട്ട് വക്കുന്നില്ല. പാവത്തിനെ വെറുതെ വിട്ടേക്ക് , വല്ല പള്ളിയിലും പാട്ടൊക്കെ പാടി ജീവിച്ചോട്ടെ. മെട്രോ വരുമ്പോള്‍ അതിയാന് സ്ത്രീകളുടെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ അവസ്സരം ഉണ്ടാക്കി കൊടുത്താല്‍ മാത്രം മതി , വല്ലതും നുള്ളിയും പെറുക്കിയും തല്ലു വാങ്ങിയും സവാരി ഗിരി ഗിരി നടത്തിക്കോളും.


 അച്ചായന്മാര്‍ പറയുന്ന പോലെയല്ല , മറിച്ച് 'കൊച്ചി മെട്രോ' മലാബാറിലെ 34 സര്‍ക്കാര്‍ എയ്ഡഡ സ്കൂളുകളില്‍ സ്ഥാപിക്കണം എന്നാണ് കുഞ്ഞാലികുട്ടി സായിബിന്റെ പിള്ളേര്‍ക്ക് പറയാനുള്ളത് ( എന്ത് പിണ്ണാക്കാണ് സംഭവം എന്ന് മനസ്സിലായോ ആവോ). മറുകണ്ടം ചാടാന്‍ സെല്‍വരാജാന്മാര്‍ ഇനിയും തന്‍റെ പോക്കറ്റില്‍ ഉണ്ടെന്ന ചീഫ് വിപ്പിന്‍റെ പുളുവടി വിശ്വസിക്കാന്‍ ഉറക്കത്തില്‍ പോലും സാധിക്കാത്തത് കൊണ്ടും , തരം കിട്ടിയാല്‍ ചീഫ് വിപ്പ് തന്നെ സ്വയം മറുകണ്ടം ചാടുമോ എന്ന് ഭയമുള്ളത് കൊണ്ടും, ഉന്തിയുളുക്കി തള്ളി നീക്കണ ഭൂരിപക്ഷം നഷ്ട്ടപെടാതിരിക്കാന്‍ കൊച്ചി മെട്രോയുടെ പേര് 'സൈനബ ട്രാവല്‍സ്' എന്നാക്കി ട്രെയിന്‍ മൊത്തം പച്ച പെയിന്‍റ് അടിക്കാന്‍ മുഖ്യന്‍ തീരുമാനിച്ചിട്ടുണ്ട്. കണവീനരും ഹസ്സനും അറിഞ്ഞിട്ടാണോ എന്നറിയില്ല. ഇനി അച്ചായന്മാരെ പിണക്കേണ്ട എന്ന് കരുതി വനം ഭൂമി കയ്യേറി റബര്‍ പാലൂറ്റിയതും മൂന്നാറിലെ റിസോര്‍ട്ടുകള്‍ സര്‍ക്കാരിന്‍റെ ഭൂമിയില്‍ പണിതതും നിയമവിധേയം ആണെന്ന് ഒരു ഓര്‍ഡിനന്‍സ് ഇറക്കിയേക്കും. ഒറ്റ എം എല്‍ എ മാത്രമുള്ള ഏതേലും ഗ്രൂപ്പിലെ ഗണെശന്മാര്‍ക്ക് എതിര്‍പ്പ് ഉണ്ടേല്‍ വെള്ലാപ്പിള്ളിയും സുകുമാരന്‍ നായരും കൂടെ 'ഒണ്ടാക്കാന്‍' പോകണ പാര്‍ട്ടിയില്‍ ചേരാം. ഈഴവ ശിവനെ തൊഴണോ നായര് ശിവനെ  തൊഴണോ എന്ന് മാത്രം തീരുമാനിച്ചാല്‍ മതി. ഭൂരിപക്ഷത്തിന്റെ കാര്യമോര്‍ത്ത് ഭയം വേണ്ട. മറുകണ്ടം ചാടുന്ന എം എല്‍ എ മാരെ പ്രസവിക്കാന്‍ തനിക്കു കഴിയുമെന്ന് സെല്‍വരാജന്‍ സ്വന്തം വയറു കാണിച്ച് പറഞ്ഞു കഴിഞ്ഞു. ചീഫ് വിപ്പിന്‍റെ ഗര്‍ഭം സെല്‍വരാജിന്റെ വയറിലേക്ക് കുടിയേറി പാര്‍ത്തോ? അതോ 5 കോടിയുടെ  ഗര്‍ഭപാത്രം കണ്ട മോഹിച്ചിട്ടോ?


അരിവാള്‍ നഷ്ട്ടപെട്ട് ഇപ്പോള്‍ വടിവാളും പിടിച്ച് നക്ഷത്രമെണ്ണി ഇരിക്കുന്ന പ്രതിപക്ഷത്തിനെ സംബന്ധിച്ച്ചിടതോളം മെട്രോ ട്രെയിന്‍ എന്ന് പറയുന്നത് കേരളത്തിന്റെ പൈതൃകത്തിനും സാഹചര്യങ്ങള്‍ക്കും ഒട്ടും ഇണങ്ങാത്ത ഒന്നാണ്. ഈ വണ്ടിക്കു 'ബുക്കും പേപ്പറും' ഇല്ലെന്നു മാത്രമല്ല, ഓടിക്കാന്‍ ഡ്രൈവര്‍ പോലുമില്ല. ഒരു പാര്‍ട്ടി നേതാവിനെ കണ്ടാല്‍ മണിയടിച്ച് വണ്ടി നിര്‍ത്തുവാന്‍ ഒരു കണ്ടക്ടര്‍ ഇല്ല . എന്തിന്, ഒന്നുമില്ലേലും ഫുട്ട് ബോര്‍ഡില്‍ നിന്ന് പെണ്ണുങ്ങളെ മുട്ടിയുരുമ്മാന്‍ ഒരു കിളിയെങ്കിലും ആകാമായിരുന്നു. അല്ല, അതിനിപ്പോ ഫുട്ട് ബോര്‍ഡ് ഉണ്ടോ? ഏതോ ഒരു പെണ്ണുമ്പിള്ള മൈക്കിലൂടെ വിളിച്ചു പറയുന്ന തോന്ന്യാസം കേട്ട് സ്വയം തുറക്കുകയും അടയുകയും ചെയ്യുന്ന വാതിലുകളല്ലേ എല്ലാം. (ആ പെണ്ണുമ്പിള്ള നമ്മുടെ പാര്‍ട്ടിയാണേല്‍ ഒരു തൊഴിലാളി സംഘടന ഉണ്ടാക്കി സംഭവം പൂട്ടിക്കായിരുന്നു.. ആരേലും ഒളിക്യാമറ വച്ചിട്ടുണ്ടോ). ഇരിക്കാന്‍ ആവശ്യത്തിനു സീറ്റുകള്‍ ഇല്ലത്രെ, കൂടുതല്‍ പേരും നിന്നാണ് യാത്ര ചെയ്യുന്നത്. ബസ്സിലുള്ള ജാക്കിചാന്മാര്‍ എല്ലാരും ഇനി കൂട്ടത്തോടെ മെട്രോയ്ക്ക് സീസ്സന്‍ ടിക്കറ്റ് എടുക്കും. ബീവരേജിന്റെ ഓജസ്സും തേജസ്സും ഒത്തിണങ്ങിയ പാമ്പുകള്‍ക്ക് കിടന്നിഴയാന്‍ ഒരുപാട് സ്ഥലമുള്ളത് മാത്രമാണ് ഒരു നല്ല കാര്യം. സ്ത്രീകള്‍ക്ക് പ്രത്യേക കമ്പാര്‍ട്ട്മെന്റും മദ്യപിച്ച് യാത്ര ചെയ്യരുതെന്ന നിയമം ഇവിടേക്കും കൊണ്ടു വരാനാണ് ശ്രമമെങ്കില്‍ , ഗോവിന്ദചാമി ആന്‍ഡ്‌ പിള്ലെര്സിനെ കൊണ്ട് പാതിരാത്രിക്ക് വെട്ടികൊല്ലിക്കും. എന്നിട്ട് എം എം മണിക്ക് പ്രസന്ഗിക്കുംപോള്‍ വീശാന്‍ അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് കൊടുക്കും.  ഇതൊന്നും പോരെങ്കില്‍ നല്ല അരിയുടെ ചോറ് ഉണ്ണാത്ത ശ്രീധരനെ കുലംകുത്തിയായി പ്രഖ്യാപിക്കുകയും ഒളിക്യാമറ കേസില്‍ പെടുത്തി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ തരം താഴ്ത്തുകയും ചെയ്യും. എന്നിട്ടും മതിയായില്ലേല്‍  ശ്രീധരനെ ഡാങ്കെ ഡോങ്കെ ഡോങ്കി എന്നിങ്ങനെയുള്ള പാര്‍ട്ടി സൂകത്ങ്ങള്‍ വിളിച്ച് അവഹേളിക്കും, പാര്‍ട്ടി പത്രത്തില്‍ മുഖപ്രസന്ഗവും ചാനലുകളില്‍ ഭാസുരേന്ദ്ര ബാബുവിനെ കൊണ്ട്  തെറിയും വിളിപ്പിക്കും.

1 കമന്റടികള്‍:

"പാളത്തിന്‍ മറയത്ത്; മെട്രോയെ പ്രേമിച്ച നഗരത്തിന്‍റെ കഥ!!