“വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!! നമ്മുടെ നാട്ടില്‍ മിക്ക വിവാഹങ്ങളിലും അന്തിമതീരുമാനമെടുക്കുന്നത് ‘കാരണവന്മാര്‍’ എന്ന label ഇല്‍ അറിയപ്പെടുന്ന മുടി നരച്ച കുറച്ച് വ്യക്തികളാണ്. ജാതകം OK ആയാല്‍ പിന്നെ സെക്കന്റുകള്‍ മാത്രം നീളുന്ന പെണ്ണുകാണല്‍ നാടകത്തിലൂടെ ചെക്കനു പെണ്ണിനെ ഇഷ്ട്ടാകുന്നു. വാക്കു കൊടുക്കുന്നു. എന്തു കണ്ടിട്ടാണെന്നു അറിയില്ല. ശരീരത്തിന്റെ വടിവുകളില്‍ പെണ്ണിന്റെ സ്വഭാവം ആലേഖനം ചെയ്തിട്ടുണ്ടോ? ഞാനിതുവരെ കണ്ടിട്ടില്ല. അതോ ഒരു ഭാരതീയ പുരുഷനു ജന്മനാല്‍ ലഭിക്കേണ്ട ആ സവിശേഷ ഗുണം എന്നില്‍ ഇല്ലേ? ഇനി എനിക്കു കല്യാണപ്രായമാകുമ്പോള്‍ അതു തനിയേ പൊട്ടി മുളക്കുമോ? ഞാന്‍ ഡോക്ടറെ കണ്ടാലോ?.. നമ്മുടെ നാട്ടിലെ മിക്ക പെണ്‍കുട്ടികള്‍ക്കും അച്ഛനമ്മമാര്‍ പറയുന്ന ആളെ വിവാഹം ചെയ്യാനാണ് താത്പര്യം. ഭൂരിപക്ഷം പേരും അതിനു കാരണമായി ചൂണ്ടികാണിക്കുന്നത് വിവാഹശേഷം ലഭിക്കുന്ന family support ആണ്. ഈ family support തന്നെയാണ് ഇന്ത്യയില്‍ വിവാഹമോചനകേസുകളുടെ എണ്ണം കുറവായിരിക്കുന്നതിന്റെ ഒരു പ്രധാന കാരണവും.
ഇന്ത്യന്‍ വിവാഹ കമ്പോളത്തില്‍ സ്ത്രീ വളരെ ദുര്‍ബലമായ ഒരു സ്ഥാനത്താണുള്ളത്. ‘ഞാനിവിടെ പുര നിറഞ്ഞു നില്‍ക്കുന്നത് കാണുന്നില്ലേ? ആരെങ്കിലും എന്നെ വന്നു ഒന്നു കെട്ടികൊണ്ടു പോകൂ.’ ഇതാണവസ്ഥ! നല്ല വിദ്യാഭ്യാസം നേടിയവരും ഈ വിഭാഗത്തില്‍ പെടുന്നു എന്നുള്ളതാണ് ദയനീയമായ സത്യം! സത്യത്തില്‍ അവര്‍ക്കറിയില്ല എന്താണവര്‍ക്ക് വേണ്ടതെന്ന്. അറിയുമ്പോളേക്കും എല്ലാം കൈവിട്ടിരിക്കും.
ഇന്ത്യയില്‍ വിവാഹമോചന കേസുകള്‍ എത്ര കുറവാണോ അത്രയും തന്നെ കുറവാണ് യഥാര്‍ത്ഥ ലൈംഗികസുഖമനുഭവിച്ച സ്ത്രീകളുടെ എണ്ണവും. അടുത്തിടെ നടന്ന ഒരു സര്‍വ്വേയില്‍ നിന്നും മനസ്സിലാക്കുന്നത് 80% ഭാരതീയസ്ത്രീകള്‍ക്കും ലൈംഗികസുഖം അന്യം നില്‍ക്കുന്നു എന്നാണ്. അവയവസുഖത്തില്‍ മാത്രമവലംബിതമായ രീതികളായതു കൊണ്ടു തന്നെ പുരുഷന്മാര്‍ ഈ ദുരവസ്ഥ അനുഭവിക്കുന്നില്ല. Arranged marriage വഴി homosexuals ഉം heterosexuals ഉം പരസ്പരം വിവാഹിതരാകുന്നത് മൂലമുള്ള പ്രശ്നങ്ങള്‍ ഒരു വശത്ത് വേറെ നടക്കുന്നു. മിക്കവാറും വിവാഹം കഴിഞ്ഞു പരസ്പരം മനസ്സിലാക്കുന്നതിനു മുന്‍പു തന്നെ ഗര്‍ഭിണികളാകുന്ന [ ആയില്ലേല്‍ നാട്ടുകാര്‍ക്കു വിഷമമാകും] സ്ത്രീകള്‍ പിന്നീട് പലപ്പോഴും ദാമ്പത്യം ചുമക്കേണ്ടി വരുന്നത് ‘കൊച്ചിനൊരച്ഛന്‍’ വേണ്ടേ എന്നോര്‍ത്തായിരിക്കും. സത്യത്തില്‍ വിവാഹം ഒരു കെണിയാണ്.
വളരെ കുറച്ച് ഭാഗ്യവാന്മാര്‍ മാത്രമേ ഈ കടമ്പകളൊക്കെ കടന്ന് യഥാര്‍ത്ഥ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്നുള്ളൂ. ബാക്കിയെല്ലാം ‘adjustments' അഥവാ സ്വയം വഞ്ചിക്കല്‍ മാത്രം! ഇനിയുമല്ലെങ്കില്‍ നിലനില്‍പ്പിന്റെ ആവശ്യകത. Love marriage നെ എതിര്‍ക്കുന്നവര്‍ പലപ്പോഴും പറയുന്ന കാരണം “പ്രേമിച്ചു നടക്കുമ്പോള്‍ എല്ലാവരും നല്ല വശങ്ങള്‍ മാത്രമേ പുറത്തു കാണിക്കൂ” എന്നാണ്. ഞാന്‍ ഒന്നു ചോദിക്കട്ടെ, ആര്‍ക്കെങ്കിലും ചെക്കന്റെയോ പെണ്ണിന്റെയോ ദോഷ വശങ്ങള്‍ പറഞ്ഞ് ഒരു കല്യാണാലോചന വന്നിട്ടുണ്ടോ? ഗള്‍ഫില്‍ വന്‍ ശമ്പളം ,നല്ല കുടുംബം, വലിയില്ല കുടിയില്ല, തങ്കപെട്ട സ്വഭാവം, ആരോടു ചോദിച്ചാലും പറയും. ഇതൊക്കെ തന്നെയല്ലെ കേള്‍ക്കാറുള്ളു.? നമ്മുടെ ആളുകളുടെ കാഴ്ചപ്പാടുകള്‍ മാറിത്തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇനിയും അതൊരുപാട് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. സിനിമയില്‍ പരസ്പരം സ്നേഹിക്കുന്ന നായകനും നായികയും ഒന്നാവാന്‍ ആഗ്രഹിക്കുന്ന അതേ മനസ്സ് സ്വന്തം മക്കളുടെ കാര്യത്തിലും ഉണ്ടാകണം. Love marriage പ്രക്രുതിയുടെ സ്രുഷ്ടിയും [ വിശ്വാസികള്‍ക്ക് ഈശ്വരസ്രുഷ്ടി] Arranged marriage മനുഷ്യസ്രുഷ്ടിയുമായതിനാല്‍ ആദ്യത്തേതിനെ അനുകൂലിക്കാന്‍ പഠിക്കേണ്ടതുണ്ട്. അതാണ് കൂടുതല്‍ ശരി. എന്റെ അമ്മ ഒരിക്കല്‍ എന്നോട് പറഞ്ഞു ‘ നീ സ്നേഹിച്ചു കല്യാണം കഴിക്കുന്നതില്‍ എനിക്കു എതിര്‍പ്പില്ല.പക്ഷേ പെണ്‍കുട്ടി സ്വജാതിയായിരിക്കണം’. ഞാന്‍ എങ്ങനെയായിരിക്കും ഒരു പെണ്‍കുട്ടിയോട് ഇഷ്ട്ടാണെന്നു പറയുക-‘ കുട്ടീ,... കുട്ടി SNDP ആണേല്‍ എനിക്കൊന്നു സ്നേഹിച്ചാല്‍ കൊള്ളാമെന്നുണ്ട്.’
ഒരുപാട് പഠിച്ചിട്ടും ജോലിക്കു പോകാതെ പിള്ളേരെയും കളിപ്പിച്ച് വീട്ടിലിരിക്കാന്‍ കൊതിക്കുന്ന സ്ത്രീകളോട് ജഗതിയുടെ പ്രശസ്തമായ ആ ഡയലോഗ് ‘ ഈ ഭര്‍ത്താവെന്നൊക്കെ പറഞ്ഞാല്‍ എപ്പോ വേണേലും തട്ടിപ്പോകാവുന്ന സാധനമാ, ഒരു ജോലിയുണ്ടേല്‍ എന്നും കഞ്ഞികുടിച്ചു കിടക്കാം’. സ്വന്തം ജീവിതമെങ്കിലും തിരഞ്ഞെടുക്കാനുള്ള അവകാശമെങ്കിലും സംരക്ഷിക്കുക. അതാണ് സ്ത്രീശാക്തീകരണത്തിന്റെ ആദ്യപടി. എന്താണ് തനിക്ക് വേണ്ടതെന്നുള്ള തിരിച്ചറിയുക. ഒരു ജോലിയുടെആവശ്യകത മനസ്സിലാക്കുക. അല്ല്ലെങ്കില്‍ ‘ പുരുഷനു രേതസ്സ് ഹോമിക്കാന്‍ വേണ്ടി ജ്വലിപ്പിച്ച അഗ്നിജ്വാലകള്‍’ മാത്രമായി തുടരുക.