അവള്‍ മേശമേല്‍ എന്തോ വയ്ക്കുന്ന ശബ്ദം. ഒരു കാലൊച്ച പതുക്കെ അകന്നു പോകുന്നതായി ഞാന്‍ അറിഞ്ഞു. ഞാന്‍ അങ്ങോട്ടു നോക്കിയില്ല. നോക്കാന്‍ മനസ്സ് വന്നില്ല. ഞാന്‍ എന്റെ മനസ്സ് ആ മുലകളില്‍ പൂര്‍ണമായും അര്‍പ്പിച്ചു കഴിഞ്ഞിരുന്നു. ഒരിക്കലും തീരാത്ത എന്റെ ദാഹം തീര്‍ക്കാന്‍ ഞാനതില്‍ കടിച്ചു തൂങ്ങി കിടക്കുന്നതായി എനിക്കു തോന്നി.
പൊടുന്നനെ എന്റെ മുറിയുടെ പുറത്ത് എന്തോ കുപ്പി വീണു പൊട്ടുന്ന ശബ്ദം ഞാന്‍ കേട്ടു. വാതില്‍ ഒരു സീല്ക്കാരത്തൊടെ തള്ളി തുറക്കപ്പെട്ടു. മധ്യവയസ്കയായ ഒരു സ്ത്രീ അകത്തേക്കു അതിക്രമിച്ചു കടന്നു വന്നു.
എന്താണിത്?!! എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ നിശ്ചലനായി കിടന്നു. ആ സ്ത്രീ എന്റെ നേരെ പാഞ്ഞടുത്തു. ഞാന്‍ പുതച്ചിരുന്ന വെളുത്ത പുതപ്പ് അവര്‍ പൊടുന്നെ എടുത്തു മാറ്റി. പരിപൂര്‍ണ നഗ്നനായി ആ പുതപ്പിനടിയില്‍ കിടക്കുവായിരുന്ന ഞാന്‍ അമ്പരന്നു പോയി. ലജ്ജ കൊണ്ടാണോ അതോ ദേഷ്യം കൊണ്ടാണോ എന്നറിയില്ല ഞാന്‍ അലറി കരയുവാന്‍ തുടങ്ങി.
എന്ത് വൃത്തികേടാണ് ഈ സ്ത്രീ കാണിക്കുന്നത്?!
അവരുടെ നോട്ടം എന്റെ കാലുകള്‍ക്കിടയിലേക്കു പായുന്നത് ഞാന്‍ കണ്ടു. അവരുടെ കണ്ണുകള്‍ ഒരു താമരമൊട്ടു പോലെ വിടരുന്നുണ്ടായിരുന്നു. എന്ത് കണ്ടിട്ടാണാവോ? അവരുടെ ശബ്ദം ആ മുറിയാകെ പ്രകമ്പനം കൊണ്ടു.
"ആഹാ.....ആണ്‍കുട്ടിയാണല്ലേ?"
"അതേ" എന്റരുകില്‍ നിന്നും മറ്റൊരു സ്ത്രീ ശബ്ദം.
"സന്തോഷമായി. ഇവനെ കാണാനുള്ള വെപ്രാളത്തില്‍ വരുവായിരുന്നു ഞാന്‍ . പുറത്ത് വച്ച് നഴ്സുമായി കൂട്ടിയിടിച്ചു ഗ്ളൂക്കോസ് കുപ്പി വീണു പൊട്ടി" ആ സ്ത്രീ അഭിമാനപൂര്‍വം പറഞ്ഞു.
അതുശരി! അപ്പോള്‍ അതാണ് ഞാന്‍ കേട്ട ശബ്ദം. നഴ്സിന്റെ വെള്ളയുടുപ്പില്‍ അഴുക്കായി കാണുമോ ആവോ?
അവര്‍ തുടര്‍ന്നു. "പേരു വല്ലതും കണ്ടു വച്ചിട്ടുണ്ടോ?"
എന്റെ അടുത്തു കിടന്നിരുന്ന സ്ത്രീ എണീറ്റു നിന്നു. ബ്ളൌസിന്റെ ഹുക്കിട്ടു. എന്നിട്ടുറക്കെ പ്രഖ്യാപിച്ചു.
" ഗോപികുട്ടന്‍ "
അങ്ങിനെ ആ വിശ്വപ്രസിദ്ധമായ നാമം എന്റെ അമ്മയുടെ നാവിലൂടെ അദ്യമായി പുറത്തേക്കൊഴുകി
മാനം കറുത്തിരുണ്ടു. ദിക്കെട്ടും ഞെട്ടുമാറ് ഇടിവെട്ടി. മിന്നല്‍പിണരുകള്‍ മേഘങ്ങളെ കീറിമുറിച്ചു. ഭൂമിയെ അടിമുടി നനന്ച്ചു കൊണ്ട് മഴ പെയ്തിറങ്ങി.
പ്രകൃതി എന്റെ വരവറിയിച്ചിരിക്കുന്നു. അതേ! ഞാന്‍ വന്നിരിക്കുന്നു. ഒരു ഇടിവെട്ട് സാധനം! എന്റെ മനസ്സ് വീണ്ടും വീണ്ടും ആ പേര് മന്ത്രിച്ചു.
"ഗോപികുട്ടന്‍ .....ഗോപികുട്ടന്‍ ....ഗോപികുട്ടന്‍ ..."
എന്നെ വിവസ്ത്രനാക്കിയ ആ സ്ത്രീയുടെ ശബ്ദം ഞാന്‍ വീണ്ടും കേട്ടു.
"തുലാവര്‍ഷമാ.. രണ്ടാഴ്ചയായിട്ട് ഇങ്ങനാ.ഇടിയും മഴയും തന്നെ..പുറത്തിറങ്ങാന്‍ വയ്യ!"
ഓഹോ! അപ്പോള്‍ അങ്ങിനെയാണ് കാര്യങ്ങള്‍ ! ഇടിയും മഴയും തുടങ്ങിയിട്ട് രണ്ടാഴ്ചയായി. അല്ലാതെ ഞാന്‍ ജനിച്ചതിന്റെയല്ല. അപ്പോള്‍ നമ്മള്‍ മോശക്കാരനായി. ഞാന്‍ ഇളിഭ്യനായില്ല.
എന്റെ ജനലിനരുകിലുരുന്നു ഒരു കോഴി കൂവുന്നതിനു ഞാന്‍ കാതോര്‍ത്തു.
"കൊ ..കൊ..കൊ..കൊ..കോ..കോ..കോ..കോപികുട്ടാ"
ആ കോഴി എന്നെയാണോ കൂവിയത്? അല്ല എന്നു വിശ്വസിക്കുന്ന പോലെ ഞാന്‍ അഭിനയിച്ചു. നിങ്ങളും വിശ്വസിക്കേണ്ട.
ആ സ്ത്രീ എന്റെ കവിളില്‍ തൊട്ടു. എനിക്കത് ഇഷ്ട്ടമായില്ല. ഞാന്‍ പണ്ടേ അങ്ങിനെയാണ് സ്ത്രീകള്‍ തൊടുന്നത് എനിക്കിഷ്ട്ടമല്ല. അവരുടെ കയ്യില്‍ എന്നെ പുതച്ചിരുന്ന വെളുത്ത തുണി ഇരുന്നു ആടുന്നത് ഞാന്‍ കണ്ടു. ഇവര്‍ ദുശ്ശാസന്റെ പെങ്ങള്‍ ആണോ? ആ പുതപ്പിങ്ങ് താ വല്ല്യമ്മച്ചി....
"അയ്യേ! ഗോപികുട്ടാ, നീ ഉടുപ്പില്ലാതെ കിടക്കുവാണോ? ഷെയിം ഷെയിം പപ്പി ഷെയിം"
പ്ഫ! ഉള്ള വസ്ത്രം അടിച്ചു മാറ്റിയതും പോര, എന്റെ നഗ്നതയെ കളിയാക്കുന്നോ? ഈ തള്ളയെ ഞാനിന്ന് ......
"ഗോപികുട്ടാ, അമ്മായി പോകുവാട്ടോ. നാളെ കാലത്തു വരാം" അവരെന്നെ ആ പുതപ്പു കൊണ്ടു മൂടി.
അയ്യോ! അതെന്റെ അമ്മായി ആരുന്നോ? എന്റെ അച്ഛന്റെ പെങ്ങള്‍ ? എന്റെ അച്ഛനെ ദുശ്ശാസനന്‍ എന്നു വിളിച്ചതില്‍ ഞാന്‍ ഖേദിച്ചു.
ദുശ്ശാസനന്റെ മകനായി പിറന്ന ഞാന്‍ കുടുംബ തൊഴില്‍ പിന്തുടരുമോ എന്ന ഭീതി കൊണ്ടാണോ എന്നറിയില്ല അന്നു രാത്രി മുഴുവന്‍ ഞാന്‍ നിര്‍ത്താതെ കരഞ്ഞു. നഴ്സുമാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല. ആ രാത്രി ഞാന്‍ കരഞ്ഞു തീര്‍ത്തു. എന്റെ ആദ്യരാത്രി!!
പിറ്റേ ദിവസം അതിരാവിലെ തന്നെ അമ്മായി എത്തി. കൂടെ കാഷായ വസ്ത്രധാരിയായ ഒരു മനുഷ്യനും . അതുവരെ കരഞ്ഞു കൊണ്ടിരുന്ന ഞാന്‍ അയാളെ കണ്ടതും കരച്ചില്‍ നിര്‍ത്തി.എല്ലാവര്‍ക്കും സമാധാനമായി.
"ജ്യോത്സനാ.. ഗോപികുട്ടന്റെ ജാതകം വായിക്കാന്‍ കൊണ്ടു വന്നതാ.." അമ്മായി അയാളെ പരിചയപ്പെടുത്തി.
ജ്യോത്സന്‍ ജാതക വായന തുറ്റങ്ങി.
"1986 ആം ആണ്ട് ഓക്ടോബര്‍ മാസം ഭൂജാതനാം ഗോപികുട്ടന്റെ ജാതകം ."
എങ്ങും കരഘോഷങ്ങള്‍ മുഴങ്ങുന്നതായി ഞാന്‍ സ്വപ്നം കണ്ടു. എനിക്കൊരു വിസിലടിക്കാന്‍ തോന്നി.
അയാള്‍ തുടര്‍ന്നു:
"ഇവന്റെ ജന്മത്തോടെ വീടിന്റെ ആധാരം ബാങ്ക് ലോക്കറില്‍ ഭദ്രമാകും.അമ്മയുടെ ബാഗിലെ കാശു മോഷ്ട്ടിച്ച് ഇവന്‍ സിനിമ കാണും. പുറത്തിറങ്ങുമ്പോള്‍ തലയിലിടാന്‍ അച്ഛനു മുണ്ട് വാങ്ങി കൊടുക്കും. ഇവന്റെ വളര്‍ച്ച കീഴ്ക്കോടതിയില്‍ നിന്നു ഹൈക്കോടതിയിലേക്കും, ഹൈക്കോടതിയില്‍ നിന്നു സുപ്രീംകോടതി വഴി പൂജപ്പുര വരെ നീളുന്നതുമായിരിക്കും. മഹാ നുണയനും വായ്‌നോക്കിയുമായി ഇവന്‍ വളരും. ക്രിക്കറ്റും ഇന്റര്‍നെറ്റും കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരും ഇവന്റെ ദൌര്‍ബല്യങ്ങളായിരിക്കും. മമ്മൂട്ടിയേക്കാള്‍ മോശം ഡാന്‍സറാകും."
എല്ലാവരും വായ പിളര്‍ന്നു നിന്നു.
അയാള്‍ തുടര്‍ന്നു:
" 2007 ആം ആണ്ടില്‍ ഇവനൊരു അപകടം സംഭവിക്കും. പക്ഷേ ആ അപകടത്തിന്റെ ഫലം പേറുന്നത് മറ്റുള്ളവര്‍ ആകും. 2007 ജൂലയ് മാസം 20ആം തിയതി ഇവനൊരു ബ്ളോഗര്‍ ആകും. ഇവന്റെ മരണം ഇവന്റെ ബ്ളോഗ് വായിക്കുന്ന ഏതേലുമൊരുവന്റെ കൈ കൊണ്ടായിര്ക്കും"
ഈശ്വരാ! ജനിച്ചിട്ടു 24 മണിക്കൂര്‍ തികഞ്ഞിട്ടില്ല. അപ്പോളേക്കും മരണവും തീര്‍ച്ചയായോ?!!
ഞാന്‍ വീണ്ടും അലറി കരയുവാന്‍ തുടങ്ങി.
"ഇള്ളേ..ഇള്ളേ..ഇള്ളേ..ഇള്ളേ..ഇള്ളേ..."