“കണ്ടു പഠിക്കെടാ, മരിച്ച വീട്ടില്‍ പോകുമ്പോള്‍ മുണ്ടുടുത്തു പോകണം. അല്ലാതെ പാന്റും കോട്ടുമല്ല.”
സന്ദര്‍ഭം:
സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ദുരന്ത പ്രണയകാവ്യം!! മോഹന്‍ലാല്‍ മുണ്ടുടുത്ത് ആരോ മരിച്ച സ്ഥലത്തെതുന്നത് കണ്ട് വികാരധീതനായ മോഹന്‍ലാല്‍ ഫാന്‍ എന്ന മണ്ടന്‍ മമ്മൂട്ടി ഫാന്‍ എന്ന മരമണ്ടനു നല്‍കുന്ന ഉപദേശം. ഉടനെ വന്നു മമ്മൂട്ടി ഫാനിന്റെ ഡയലോഗ്.
“അല്ലേലും വയറുചാടിയവര്‍ക്ക് മുണ്ട് തന്നെയാ നല്ലത്. പാന്റിട്ടിട്ടു കണ്ടില്ലേ, ഒരുമാതിരി പാണ്ടി ലോറി കയറിയ തവളയെ പോലേ!”
ലാല്‍ ഫാന്‍ തോളു ചെരിച്ചു തിരിച്ചടിച്ചു. “എന്തായാലുമെന്തെടാ...നീ നോക്ക്.. ഇരുപത്തഞ്ച് പേര്‍ ചുറ്റും നിന്ന് വെടി വച്ചിട്ടും ലാലേട്ടന്റെ മേല്‍ ഒരെണ്ണം പോലും കൊണ്ടാ? അതാടാ ലാലേട്ടന്‍..”
മമ്മൂട്ടി ഫാനിനു ക്ഷമിക്കാനാകുമോ? ഒരു പുച്ഛം അങ്ങൊട്ടെറിഞ്ഞു കൊടുത്തു. “ ഇതെന്താടാ ലാലിന്റെ കയ്യില്‍? കളി തോക്കാണോ? അതൊക്കെ നമ്മടെ മമ്മൂക്കാ..ആഹാ..കിടിലന്‍ സാധനം കയ്യില്‍ പിടിച്ചല്ലേ കാച്ചിയിരുന്നേ.. ബിലാല്‍ പഴയ ബിലാല്‍ തന്നെയാ മച്ചു”
പുറകിലിരുന്ന എനിക്കിതു മാത്രമേ കേല്‍ക്കുന്നുണ്ടായിരുന്നുള്ളു. സിനിമയിലെ ഡയലോഗൊന്നും കേല്‍ക്കുന്നില്ല.ടിക്കറ്റ് എടുത്ത് സിനിമയ്ക്ക് കയറി. അതും റിസര്‍വില്‍. എന്നിട്ട് ഇവന്മാരുടെ വര്‍ത്തമാനം കാരണം നമുക്ക് മറ്റൊന്നും കേള്‍ക്കാന്‍ വയ്യ. പടം നല്ല ബോറായ കാരണം പിന്നെ ഇവന്മാരാണ് ഭേദമെന്ന് തോന്നി. മനസിലെങ്കിലും ചിരിക്കാല്ലോ. ഇന്നു കേരളത്തില്‍ ജീവിച്ചിരിക്കുന്നതില്‍ വച്ചേറ്റവും വലിയ മണ്ടന്മാരാണ് ഈ ഫാന്‍സ്. ആര്‍ക്കു വേണ്ടിയാണാവോ? എന്തിനു വേണ്ടിയാണാവോ ഇവന്മാര്‍ കിടന്നു തല്ലു പിടിക്കുന്നേ? എതിരാളിയുടെ ഒരു പടം ഇറങ്ങിയാല്‍ രാത്രി തന്നെ ഇറങ്ങും ഇവര്‍ പോസ്റ്റര്‍ കീറാന്‍. ആദ്യ ദിവസം തന്നെ ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് കയറി കൂവും. ഇനി ആരാധ്യ പുരുഷന്റെ പടമിറങ്ങിയാലോ? സ്വന്തമായി ഒരു നോട്ട് ബുക്ക് വാങ്ങലാണ് ആദ്യത്തെ പരിപാടി. അതിലെ പേജുകള്‍ മുഴുവന്‍ കീറിയെടുത്ത് തിയറ്ററിനകത്ത് പറത്തുക. ഞാന്‍ സിനിമ കാണാന്‍ ഇരുന്ന തിയറ്ററില്‍ ഒരുത്തന്‍ നിലത്തു കിടക്കുന്ന കടലാസു കഷ്ണങ്ങള്‍ മുഴുവന്‍ അടിച്ചു വാരിയെടുക്കുന്നു. മോഹന്‍ലാലിനെ കാണിക്കുമ്പോള്‍ വായുവിലേക്കെറിയാന്‍. ഇവനൊക്കെ സ്വന്തം മുറിയിലെ കടലാസുകളെങ്കിലും അടിച്ചു കളഞ്ഞിരുന്നെങ്കില്‍!!! പടക്കം വാങ്ങുന്ന കാശുണ്ടേല്‍ എന്തൊക്കെ ചെയ്യാമായിരുന്നു. ഓട്ടോറിക്ഷാ ഓടിക്കുന്നവര്‍ കാലത്തു തന്നെ തിയറ്ററില്‍ വന്നു നിന്നു ഇടികൂടി ടിക്കറ്റ് എടുക്കുന്നതു കാണുമ്പോള്‍ സങ്കടം തോന്നും. ആ ദിവസത്തെ ഓട്ടം പോയില്ലേ? ആദ്യ ഷോ തന്നെ കാണണമെന്നു എന്താ ഇത്ര നിര്‍ബന്ധം? കാണുന്നത് ആദ്യ ഷോ അല്ലേല്‍ പിന്നെ രണ്ട് പെറ്റ പെണ്ണിനെ കെട്ടുന്ന ഫീലിങ്ങ് ആണെന്ന് തോന്നുന്നു. ജോലിയെല്ലാം തീര്‍ത്ത് സെക്കണ്ട് ഷോക്കു പോയാല്‍ പോരേ? മറ്റുള്ളവര്‍ക്കു വേണ്ടി എന്തിനാ ഇങ്ങനെ സ്വന്തം പോക്കറ്റിലെ കാശു കളയുന്നേ? ഇവന്മാരെയൊക്കെ വിളിച്ചു നിര്‍ത്തി ചോദിക്കണമെന്നുണ്ട് “നിനക്കൊന്നും വേറെ പണിയില്ലേടാ കൂവേ?”
ഇവരുടെയൊക്കെ ആരാധനയുടെ തനി നിറം മനസ്സിലാകുക ചില സിനിമകള്‍ കണ്ടിട്ടുണ്ടോ എന്ന് ചൊദിക്കുമ്പോളാണ്. എത്ര മോഹന്‍ലാല്‍ ഫാന്‍സ് “വാനപ്രസ്ഥം” കണ്ടിട്ടുണ്ട്? മോഹന്‍ലാല്‍ കിളുന്ത് പെണ്‍പിള്ളേരുടെ പുറകെ ഒലിപ്പിച്ച് നടക്കുന്നതോ അല്ലേല്‍ ഏതേലും തെന്നിന്ത്യന്‍ നടിയുടെ ശരീരത്തില്‍ വിരലോടിക്കുന്നതോ അതുമല്ലേല്‍ ലാല്‍ എന്ന മുഴു കുടിയന്‍ ഉണ്ടാക്കുന്ന അടിപിടികളുമല്ലേ അവര്‍ക്ക് വേണ്ടത്? മമ്മൂട്ടിയുടെ എത്ര ഫാന്‍സ് കയ്യൊപ്പും ഒരേ കടലും കണ്ടു? ഫാന്‍സിനു വേണ്ടി സിനിമ ഉണ്ടാക്കുന്ന പ്രവണത വന്നതോടെയാണ് മലയാളസിനിമ അതിന് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്ല്യച്യുതിയുടെ ആഴങ്ങളിലേക്ക് കൂപ്പ് കുത്താന്‍ തുടങ്ങിയത്. ‘തിരക്കഥ’ പോലുള്ള ചിത്രങ്ങള്‍ പൊളിയുകയും സാഗര്‍ ഏലിയാസ് ജാക്കിമാര്‍ വിജയിക്കുകയും ചെയ്യുന്നത് സിനിമയേക്കാള്‍ വലുതായി സിനിമാതാരങ്ങളെ കാണുന്ന ഒരുപറ്റം ആരാധരുടെ വിവേകമില്ലയ്മ മൂലമാണ്. ഒരു ചിത്രത്തിന്റെ മുടക്ക് മുതലിന്റെ 25% വാങ്ങാന്‍ നടനെ സഹായിക്കുക എന്നത് മാത്രമായി മാറുന്നു ഈ ആരാധകരെ കൊണ്ടുള്ള നേട്ടം!