എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Sunday, July 15, 2012

പാളത്തിന്‍ മറയത്ത്; മെട്രോയെ പ്രേമിച്ച നഗരത്തിന്‍റെ കഥ!!



"മറൈന്‍ ഡ്രൈവിന്‍റെ നെഞ്ചിലൂടെ ഞാന്‍ മാനം നോക്കി നടന്നു. മധ്യകേരളത്തില്‍ മാത്രം കണ്ടു വരുന്ന ഒരു വൃത്തികെട്ട നാറ്റമുണ്ട് കൊച്ചിയില്‍. അതെന്‍റെ മൂക്കിലും ചുണ്ടിലുമൊക്കെ തട്ടിതടഞ്ഞു  പോകുന്നുണ്ടായിരുന്നു. കൊച്ചി കായലില്‍ നിന്നും ഹൈകോര്‍ട്ട് ജങ്ക്ഷന്‍ എത്തും തോറും ആ  നാറ്റം കൂടി കൂടി വന്നു. അന്ന്‍, ആ നടു റോഡില്‍ വച്ച് ഞാന്‍ മനസ്സിലുറപ്പിച്ചു , സമ്മതിക്കില്ല ഒരു ശ്രീധരനെയും ഇതിലേ ട്രെയിനോടിക്കാന്‍, ഈ കൊച്ചി എന്‍റെ അമ്മായി അപ്പന്‍റെയാ."


 ഉമ്മന്‍ ചാണ്ടിയും ഹൈബി ഈഡനും വെളുത്ത മുണ്ടും തുടുത്ത ചിരിയുമായി  നിക്കണ ഫ്ലെക്സ് ബോര്‍ഡുകള്‍ പടര്‍ന്ന്‍പന്തലിച്ച് വഴി നീളെ നിക്കണ കാഴ്ചയാണ് കൊച്ചിയില്‍ ഇന്നെവിടെ നോക്കിയാലും. കൂട്ടത്തില്‍ ചീറിപായുന്ന ഒരു ട്രെയിനിന്‍റെ ഫോട്ടോയും. 'കൊച്ചി മെട്രോ' ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ വലിയ നേട്ടമെന്ന് വിളിച്ചോതുന്ന ഈ ബോര്‍ഡുകള്‍ പക്ഷേ യു ഡി എഫിലെ ചില സഖ്യ കക്ഷികള്‍ക്ക് അത്രയ്ക്കങ്ങ് പിടിച്ചിട്ടില്ല. 'കൊച്ചി മെട്രോ' പാല മുതല്‍ കോട്ടയം വരെ ഓടിക്കണമെന്നും ഹൈബി ഈഡനു പകരം മാണി സാറിന്‍റെ പടം ഫ്ലെക്സില്‍ വേണമെന്നുമാണ് ചില കേരള കോണ്‍ഗ്രസ്സുകാര്‍ പറയുന്നത്.  തന്‍റെ മുഖം കണ്ടാല്‍ നാട്ടുകാര്‍ 'ഡാം എവിടെടോ കോപ്പേ?' എന്ന്‍ ചോദിക്കുമെന്ന്  ഭയന്ന് മുഖം കൊടുക്കാതെ നടക്കുന്ന ജലവിഭവ മന്ത്രിയുടെ പടം കൊടുക്കരുതെന്ന് അദ്ദേഹം കേണപേക്ഷിച്ചതു കൊണ്ട് ആ ആവശ്യം മുന്നോട്ട് വക്കുന്നില്ല. പാവത്തിനെ വെറുതെ വിട്ടേക്ക് , വല്ല പള്ളിയിലും പാട്ടൊക്കെ പാടി ജീവിച്ചോട്ടെ. മെട്രോ വരുമ്പോള്‍ അതിയാന് സ്ത്രീകളുടെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ അവസ്സരം ഉണ്ടാക്കി കൊടുത്താല്‍ മാത്രം മതി , വല്ലതും നുള്ളിയും പെറുക്കിയും തല്ലു വാങ്ങിയും സവാരി ഗിരി ഗിരി നടത്തിക്കോളും.


 അച്ചായന്മാര്‍ പറയുന്ന പോലെയല്ല , മറിച്ച് 'കൊച്ചി മെട്രോ' മലാബാറിലെ 34 സര്‍ക്കാര്‍ എയ്ഡഡ സ്കൂളുകളില്‍ സ്ഥാപിക്കണം എന്നാണ് കുഞ്ഞാലികുട്ടി സായിബിന്റെ പിള്ളേര്‍ക്ക് പറയാനുള്ളത് ( എന്ത് പിണ്ണാക്കാണ് സംഭവം എന്ന് മനസ്സിലായോ ആവോ). മറുകണ്ടം ചാടാന്‍ സെല്‍വരാജാന്മാര്‍ ഇനിയും തന്‍റെ പോക്കറ്റില്‍ ഉണ്ടെന്ന ചീഫ് വിപ്പിന്‍റെ പുളുവടി വിശ്വസിക്കാന്‍ ഉറക്കത്തില്‍ പോലും സാധിക്കാത്തത് കൊണ്ടും , തരം കിട്ടിയാല്‍ ചീഫ് വിപ്പ് തന്നെ സ്വയം മറുകണ്ടം ചാടുമോ എന്ന് ഭയമുള്ളത് കൊണ്ടും, ഉന്തിയുളുക്കി തള്ളി നീക്കണ ഭൂരിപക്ഷം നഷ്ട്ടപെടാതിരിക്കാന്‍ കൊച്ചി മെട്രോയുടെ പേര് 'സൈനബ ട്രാവല്‍സ്' എന്നാക്കി ട്രെയിന്‍ മൊത്തം പച്ച പെയിന്‍റ് അടിക്കാന്‍ മുഖ്യന്‍ തീരുമാനിച്ചിട്ടുണ്ട്. കണവീനരും ഹസ്സനും അറിഞ്ഞിട്ടാണോ എന്നറിയില്ല. ഇനി അച്ചായന്മാരെ പിണക്കേണ്ട എന്ന് കരുതി വനം ഭൂമി കയ്യേറി റബര്‍ പാലൂറ്റിയതും മൂന്നാറിലെ റിസോര്‍ട്ടുകള്‍ സര്‍ക്കാരിന്‍റെ ഭൂമിയില്‍ പണിതതും നിയമവിധേയം ആണെന്ന് ഒരു ഓര്‍ഡിനന്‍സ് ഇറക്കിയേക്കും. ഒറ്റ എം എല്‍ എ മാത്രമുള്ള ഏതേലും ഗ്രൂപ്പിലെ ഗണെശന്മാര്‍ക്ക് എതിര്‍പ്പ് ഉണ്ടേല്‍ വെള്ലാപ്പിള്ളിയും സുകുമാരന്‍ നായരും കൂടെ 'ഒണ്ടാക്കാന്‍' പോകണ പാര്‍ട്ടിയില്‍ ചേരാം. ഈഴവ ശിവനെ തൊഴണോ നായര് ശിവനെ  തൊഴണോ എന്ന് മാത്രം തീരുമാനിച്ചാല്‍ മതി. ഭൂരിപക്ഷത്തിന്റെ കാര്യമോര്‍ത്ത് ഭയം വേണ്ട. മറുകണ്ടം ചാടുന്ന എം എല്‍ എ മാരെ പ്രസവിക്കാന്‍ തനിക്കു കഴിയുമെന്ന് സെല്‍വരാജന്‍ സ്വന്തം വയറു കാണിച്ച് പറഞ്ഞു കഴിഞ്ഞു. ചീഫ് വിപ്പിന്‍റെ ഗര്‍ഭം സെല്‍വരാജിന്റെ വയറിലേക്ക് കുടിയേറി പാര്‍ത്തോ? അതോ 5 കോടിയുടെ  ഗര്‍ഭപാത്രം കണ്ട മോഹിച്ചിട്ടോ?


അരിവാള്‍ നഷ്ട്ടപെട്ട് ഇപ്പോള്‍ വടിവാളും പിടിച്ച് നക്ഷത്രമെണ്ണി ഇരിക്കുന്ന പ്രതിപക്ഷത്തിനെ സംബന്ധിച്ച്ചിടതോളം മെട്രോ ട്രെയിന്‍ എന്ന് പറയുന്നത് കേരളത്തിന്റെ പൈതൃകത്തിനും സാഹചര്യങ്ങള്‍ക്കും ഒട്ടും ഇണങ്ങാത്ത ഒന്നാണ്. ഈ വണ്ടിക്കു 'ബുക്കും പേപ്പറും' ഇല്ലെന്നു മാത്രമല്ല, ഓടിക്കാന്‍ ഡ്രൈവര്‍ പോലുമില്ല. ഒരു പാര്‍ട്ടി നേതാവിനെ കണ്ടാല്‍ മണിയടിച്ച് വണ്ടി നിര്‍ത്തുവാന്‍ ഒരു കണ്ടക്ടര്‍ ഇല്ല . എന്തിന്, ഒന്നുമില്ലേലും ഫുട്ട് ബോര്‍ഡില്‍ നിന്ന് പെണ്ണുങ്ങളെ മുട്ടിയുരുമ്മാന്‍ ഒരു കിളിയെങ്കിലും ആകാമായിരുന്നു. അല്ല, അതിനിപ്പോ ഫുട്ട് ബോര്‍ഡ് ഉണ്ടോ? ഏതോ ഒരു പെണ്ണുമ്പിള്ള മൈക്കിലൂടെ വിളിച്ചു പറയുന്ന തോന്ന്യാസം കേട്ട് സ്വയം തുറക്കുകയും അടയുകയും ചെയ്യുന്ന വാതിലുകളല്ലേ എല്ലാം. (ആ പെണ്ണുമ്പിള്ള നമ്മുടെ പാര്‍ട്ടിയാണേല്‍ ഒരു തൊഴിലാളി സംഘടന ഉണ്ടാക്കി സംഭവം പൂട്ടിക്കായിരുന്നു.. ആരേലും ഒളിക്യാമറ വച്ചിട്ടുണ്ടോ). ഇരിക്കാന്‍ ആവശ്യത്തിനു സീറ്റുകള്‍ ഇല്ലത്രെ, കൂടുതല്‍ പേരും നിന്നാണ് യാത്ര ചെയ്യുന്നത്. ബസ്സിലുള്ള ജാക്കിചാന്മാര്‍ എല്ലാരും ഇനി കൂട്ടത്തോടെ മെട്രോയ്ക്ക് സീസ്സന്‍ ടിക്കറ്റ് എടുക്കും. ബീവരേജിന്റെ ഓജസ്സും തേജസ്സും ഒത്തിണങ്ങിയ പാമ്പുകള്‍ക്ക് കിടന്നിഴയാന്‍ ഒരുപാട് സ്ഥലമുള്ളത് മാത്രമാണ് ഒരു നല്ല കാര്യം. സ്ത്രീകള്‍ക്ക് പ്രത്യേക കമ്പാര്‍ട്ട്മെന്റും മദ്യപിച്ച് യാത്ര ചെയ്യരുതെന്ന നിയമം ഇവിടേക്കും കൊണ്ടു വരാനാണ് ശ്രമമെങ്കില്‍ , ഗോവിന്ദചാമി ആന്‍ഡ്‌ പിള്ലെര്സിനെ കൊണ്ട് പാതിരാത്രിക്ക് വെട്ടികൊല്ലിക്കും. എന്നിട്ട് എം എം മണിക്ക് പ്രസന്ഗിക്കുംപോള്‍ വീശാന്‍ അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് കൊടുക്കും.  ഇതൊന്നും പോരെങ്കില്‍ നല്ല അരിയുടെ ചോറ് ഉണ്ണാത്ത ശ്രീധരനെ കുലംകുത്തിയായി പ്രഖ്യാപിക്കുകയും ഒളിക്യാമറ കേസില്‍ പെടുത്തി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ തരം താഴ്ത്തുകയും ചെയ്യും. എന്നിട്ടും മതിയായില്ലേല്‍  ശ്രീധരനെ ഡാങ്കെ ഡോങ്കെ ഡോങ്കി എന്നിങ്ങനെയുള്ള പാര്‍ട്ടി സൂകത്ങ്ങള്‍ വിളിച്ച് അവഹേളിക്കും, പാര്‍ട്ടി പത്രത്തില്‍ മുഖപ്രസന്ഗവും ചാനലുകളില്‍ ഭാസുരേന്ദ്ര ബാബുവിനെ കൊണ്ട്  തെറിയും വിളിപ്പിക്കും.

Sunday, July 11, 2010

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം.


വര്‍ഷത്തെ യുവജനോത്സവം ഒക്റ്റോബര്‍ 15,16,17 ദിവസങ്ങളിലായി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബുധനാഴ്ചക്കു മുന്‍പായി പേരു നല്‍കേണ്ടതാണ്”.
ടീച്ചര്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. യൂത്ത്ഫെസ്റ്റിവലെന്നാല്‍ എനിക്കു വീട്ടില്‍ കിടന്നുറങ്ങാനുള്ള സമയമാണ്. പക്ഷേ ഇത് +1 ആണ്. സ്കൂള്‍ നിറയെ സുന്ദരികളും. വായ് നോക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടുമോ? ആ ദിവസമെങ്കിലും ഈ യൂണിഫോം ഇടാതെ ഇവള്‍മാര്‍ക്കു വന്നൂടെ? ഞാന്‍ അങ്ങിനെ യൂത്ഫെസ്റ്റിവല്‍ എന്ന സമൂഹ്യവിപത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ചും അത് ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും ചിന്തിച്ചിരിക്കുമ്പോളാണ് ഒരു തവള കരയുന്ന ശബ്ദം ഞാന്‍ കേട്ടത്. ങേ! മഴക്കാലം കഴിഞ്ഞില്ലേ? ഞാന്‍ തിരിഞ്ഞു നോക്കി.
തവളയല്ല , കുട്ടുമോനായിരുന്നു. ഇംഗ്ലീഷില്‍ കുട്ടൂസന്‍ എന്നും പറയും. കൂറ്റെ കുഞ്ഞുണ്ണിയും എന്റെ ആജന്മസുഹ്രുത്താണേലും കണ്ടുമുട്ടിയത് 15ആം വയസ്സിലാണ്. കുട്ടുമോനെ പറ്റി പറയുവാണേല്‍ പുതൊയൊരു ബ്ലോഗ്ഗിനു സാധ്യതയുണ്ട്. കുട്ടുമോന്‍ നമ്മളോടു വളരെ മാന്യമായി തന്നെ പൊങ്ങച്ചം പറയാന്‍ കഴിവുള്ള വ്യക്തിയാണ് .... ‘എന്റെ വീട്ടില്‍ രണ്ട് ആനയുണ്ട്. എന്റെ വീടിനു മുന്നില്‍ ഞാന്‍ നട്ടു വളര്‍ത്തിയ ഒരു വലിയ ആല്‍മരത്തിലാണ് രണ്ടിനേയും നല്ല ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് തളച്ചിട്ടിരിക്കുന്നേ. ഞാനാണ് എന്നും അവറ്റങ്ങള്‍ക്കുള്ള പനയോല മരത്തില്‍ കയറി വെട്ടികൊണ്ട് വരാറുള്ളത്. പിന്നെ ആനപിണ്ടം റീസൈക്കിള്‍ ചെയ്യാനുള്ള പ്ലാന്റ് സ്ഥാപിച്സിരിക്കുന്നതിന്റെ മേല്‍നോട്ടവും എനിക്കാണ്”... ഹോ! ഈ പഹയന്‍ വല്ലാത്ത സംഭവം തന്നെ എന്നും കരുതി ആനയേയും ആലും പ്ലാന്റും കാണാന്‍ ചെല്ലുന്ന നമ്മള്‍ കാണുക രണ്ട് മുട്ടനാടുകള്‍ പുല്ലും പ്ലാവിലയും തിന്നുകൊണ്ടിരിക്കുന്നതും ആട്ടിന്‍ കാട്ടം തെങ്ങിന്റെ കടക്കു കൊണ്ടിടുന്ന കുട്ടുമോനേയും ആകും. പിന്നെ, കുട്ടുമോന്റെ പ്രണയകഥകള്‍ ഞാന്‍ പറയുന്നില്ല. കാരണം അവന്‍ പ്രണയിച്ച രണ്ടു ഡസന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും കുട്ടികളുമായി സുഖായി ജീവിക്കുന്നു.

“എടാ, 16 ഉം 17 ഉം മുടക്കമാണ്. ഓണ്‍ സ്റ്റേജ് ഐറ്റംസാണ്. പക്ഷേ 15 ആം തിയതി ഓഫ് സ്റ്റേജാണ്. പങ്കെടുക്കാത്തവര്‍ ക്ലാസ്സില്‍ ഇരിക്കേണ്ടി വരും”. അവന്‍ പറഞ്ഞു.

“ഛായ്!! ഇതേതു കോപ്പിലെ പരിപാടിയാ ഇഷ്ട്ടാ.. നമ്മളെന്തിനാ ക്ലാസ്സില്‍ കയറുന്നേ?”. എന്നിലെ കലാ‍ഹ്രുദയം ക്ഷുഭിതനായി. “ഇനി എന്തു ചെയ്യും?.”

“ഒരു വഴിയുണ്ട്. നമ്മള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം”. അവന്‍ വളരെ കൂളായി തന്നെ പറഞ്ഞു.

ഉറക്കവും വായ്നോട്ടവും മത്സര ഇനങ്ങളല്ല. അതുകൊണ്ട് തന്നെ ഞാന്‍ അവനോടു ചോദിച്ചു. “ എന്ത് പരിപാടിക്കാ പേരു കൊടുക്കുക? എനിക്കു വരക്കാനും പെയിന്റ് ചെയ്യാനുമൊന്നും അറിയില്ല.”

“വേണ്ട. നമുക്കു എസ്സെറൈറ്റിങ്ങിനു പേരു കൊടുക്കാം. പേന പിടിക്കാന്‍ മാ‍ത്രം അറിഞ്ഞാല്‍ മതി”.

അങ്ങിനെ ഞാനും കുട്ടുമോനും ഞങ്ങളുടെ പ്രിയ സുഹ്രുത്ത് കുഞ്ഞുണ്ണിയും കൂടെ മത്സരങ്ങളില്‍ പേരു കൊടുക്കാന്‍ പോയി. ഇംഗ്ലീഷ്, ഹിന്ദി,മലയാളം,അറബിക് എന്നീ ഭാഷകളില്‍ ഉപന്യാസം എഴുതാം.

“നിനക്കു അറബി അറിയോ?” അവന്‍ ചോദിച്ചു.
“കണ്ടാല്‍ മനസ്സിലാകും” ഞാന്‍ പറഞ്ഞു.
“അപ്പോള്‍ വായിക്കാന്‍ അറിയോ?”
“അതല്ല. കണ്ടാല്‍ അറബിയാണെന്ന് മനസിലാകും”. ഞാന്‍ എന്റെ അവസ്ഥ വ്യക്തമാക്കി.
“ഛെ!..ആ പൊട്ടേ സാരമില്ല. നമ്മള്‍ക്കു അറബി ഒഴിവാക്കാം”. അവന്‍ പദ്ധതിയുടെ കരടു രേഖ പ്രസിദ്ധപ്പെടുത്തി.
അങ്ങിനെ ഞാനും കുട്ടുമോനും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ ഉപന്യാസരചന എന്ന സാഹസ്സത്തിനു തയ്യറായി.
ലണ്ടനും ലിവര്‍പൂളിനും ഇടയിലുള്ള പൊന്നാനിനിയില്‍ ആയിരുന്നു കുഞ്ഞുണ്ണി ജനിച്ചത്. അതുകൊണ്ട് ഇംഗ്ലീഷില്‍ മാത്രേ അവനെഴുതാന്‍ അറിയു‍.

അങ്ങിനെ 15ആം തിയതി കാലത്ത് കുളിച്ച് കുറിയും തൊട്ടു, റിലയന്‍സ് വെബ് വേള്‍ഡിലെ ചേച്ചിയെ കാത്തു നിന്നു കണി കണ്ട് ഞങ്ങള്‍ മൂന്നു പേരും കൂടെ പതിവു പോലെ അസംബ്ലി കഴിയാന്‍ നേരം സ്കൂളിലെത്തി. ആദ്യം ഇംഗ്ലീഷ് ഉപന്യാസ രചനയ്ക്കുള്ള ക്ലാസ് റൂമിലെത്തി. അവിടെയെത്തിയപ്പോള്‍ സംത്രുപ്തിയായി. “വാട്ട് ഈസ് യുവര്‍ നെയിംസ്ലിപ്? മൈ നെയിം ഈസ് ദ കുഞ്ഞുണ്ണി.“ ഇത്രയും അറിയാവുന്ന കൊണ്ട് കുഞ്ഞുണ്ണി എന്തൊക്കെയോ എഴുതികൂ‍ട്ടി. ഞാനും കുട്ടുമോനും പേപ്പറില്‍ നമ്പര്‍ പോലും എഴുതാതെ തിരികെ കൊടുത്തു. ഉടനടി വിട്ടു മലയാളം ഉപന്യാസമെഴുതാന്‍. ആ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശ എണ്ണം കിട്ടി. അവിടെ തോട്ടത്തില്‍ ചെടി നനക്കാന്‍ നിക്കുന്ന വേലായുധേട്ടന്‍ വരെ മത്സരത്തിനുണ്ട്. ഇരിക്കാന്‍ പോലും സ്ഥലമില്ല. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്. എന്നെങ്കിലും ഏതെങ്കിലും പുരാവസ്തുക്കാര്‍ കുഴിച്ചെടുത്തോളും മ്യൂസിയത്തില്‍ വക്കാന്‍.

ഉച്ചക്കു ശേഷമാണ് ഹിന്ദി ഉപന്യാസരചന. ഞാനും കുട്ടുമോനും ക്ലാസ്സിലെത്തി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആകെ രണ്ടു പേര്‍ ഉണ്ട് അവിടെ.ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍ കുട്ടിയും. ഞങ്ങളേക്കാള്‍ വൈകി വരാന്‍ കഴിവുള്ളവര്‍ അവിടെ വേറെ ഇല്ലാത്ത സ്ഥിതിക്ക് ഈ മത്സരത്തിന് ആകെ നാലു പേര്‍ മാത്രം! എന്ത്?! ഞങ്ങള്‍ ഇന്ത്യയില്‍ തന്നെയല്ലേ? ഇത്ര രാഷ്ട്ര സ്നേഹം ഇല്ലാത്തവരാണോ നമ്മുടെ വിദ്യാര്‍ത്ഥികള്‍? .ഗാന്ധിജി പറഞ്ഞതൊക്കെ ഇവര്‍ മറന്നു പോയോ? “ ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷാ ഹേ| സഭീ ദേശ് വാസിയോന്‍ കോ പൈസെ കി സരൂരത് ഹേ|.”ലജ്ജാവഹം!

മത്സരം തുടങ്ങി. വിഷയം ‘ബേകാരി കി സമസ്യാ’. മുന്നിലിരുന്ന രണ്ടു പേരും എഴുതി തുടങ്ങി. ഞാന്‍ കുട്ടുമോന്റെ മുഖത്തേക്കു നോക്കി. ഞാന്‍ അവനോട് ചോദിക്കണം എന്നു വിചാരിച്ച ചോദ്യം അവന്‍ ഇങ്ങോട്ടു ചോദിച്ചു.
“ബേകാരി എന്നാല്‍ ദാരിദ്ര്യം എന്നല്ലേ അര്‍ഥം?”
ബികാരി എന്നാല്‍ ഭിക്ഷക്കാരന്‍. ബേകാരി എന്നത് ബിക്കാരിയുടെ അവസ്ഥ. അതായത് ദാരിദ്ര്യം.
“അതു തന്നെ. വേഗം എഴുതിക്കോ”. ഞാന്‍ അവനു ഉറപ്പു കൊടുത്തു.
ഞങ്ങള്‍ എഴുതി. ദാരിദ്ര്യവും ഇന്ത്യയും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബില്ലും , ബില്ല് അടക്കാത്തവനോട് ഹൊട്ടലുകാരുടെ പെരുമാറ്റത്തേയും കുറിച്ച് ആതമകഥാപരമായ ഒരു ഉപന്യാസം ഞാന്‍ തയ്യാറാക്കി. എഴുതുന്നതിനിടയില്‍ കുട്ടുമോന്റെ കണ്ണു നിറയുന്നതു ഞാന്‍ ശ്രദ്ധിച്ചു. അതേ, അവനും അതു തന്നെയാണ് എഴുതുന്നത്. ബില്ല് അടക്കാന്‍ കാശ് തികയാതിരുന്ന മൂന്നു കൂട്ടുകാരുടെ കഥ!

അങ്ങിനെ 15ആം തിയതി കഴിഞ്ഞു. 16ആം തിയതി ഞങ്ങള്‍ക്ക് സിനിമയ്ക്കു പോയി. യൂത്ഫെസ്റ്റിവല്‍ കഴിഞ്ഞു. സമ്മാനവിതരണം നടക്കുന്നു.

‘മലയാളം ഉപന്യാസ രചന ഒന്നാം സമ്മാനം പരപ്പനങ്ങാടി പങ്കജാക്ഷി രണ്ടാം സമ്മാനം കോട്ടയം കറിയ മൂന്നാം സമ്മാനം മലപ്പുറം മറിയ.’

മൂന്നു പേരും വരി വരിയായി പോയി സമ്മാനം വാങ്ങി. ഇത് എന്റേയും കുട്ടുമോന്റേയും മനസ്സില്‍ പ്രതീക്ഷ ജനിപ്പിച്ചു. എല്ലാത്തിനും മൂന്നു സമ്മാനങ്ങളുണ്ട്. ഹിന്ദി ഉപന്യാസത്തിനു ആകെ നാലു പേര്‍ അപ്പോള്‍ ഞങ്ങളിലൊരാള്‍ക്കേങ്കിലും സമ്മാനമുറപ്പ്. ചിലപ്പോള്‍ രണ്ടാള്‍ക്കും!

‘ഹിന്ദി ഉപന്യാസ രചന, ഒന്നാം സമ്മാനം ലാലാ ലജ് പത് റായ് 12 A.’
അങ്ങിനെ ഒന്നാം സമ്മാനം ഞങ്ങള്‍ക്കില്ല.
‘രണ്ടാം സമ്മാനം റാണി ലക്ഷ്മിഭായ് 12 C'.
അതും കൈ വിട്ടു പോയ്. അപ്പോള്‍ ഞങ്ങളിലൊരാള്‍ വെറും കയ്യോടെ മടങ്ങും.
“സാരമില്ല. കിട്ടുന്ന ആള്‍ നമുക്കു മൂന്നു പേര്‍ക്കും വെണ്ടി ട്രീറ്റ് നടത്തും” കുട്ടുമോന്‍ പോം വഴി കണ്ടെത്തി. ഈ തീരുമാനത്തോട് ആദ്യം യോജിച്ചത് കുഞ്ഞുണ്ണിയായിരുന്നു. എനിക്കു സമ്മാനം കിട്ടരുതേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ആകാഷയോടെ റ്റീച്ചര്‍ അനൌണ്‍സ് ചെയ്യുന്നത് കാതോര്‍ത്തു.

‘അറബിക് ഉപന്യാസം ഒന്നാം സമ്മാനം ഒസാമാ ബിന്‍ ലാദെന്‍ 11 ബി’
എന്ത്?! അയ്യോ! ടീച്ചറേ ഒരു സമ്മാനം വിട്ടു പോയി. എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ‍ഞെട്ടലില്‍ നിന്നു ഉണര്‍ന്നിട്ടില്ലായിരുന്നു.

സമ്മാന വിതരണം അവസാനിച്ചു. ഞങ്ങള്‍ക്കെതിരേ നടന്ന കൊടും ക്രൂരതേയും വഞ്ചനയേയും ചോദ്യം ചെയ്യാനായി കുട്ടുമോന്‍ സ്റ്റാഫ് റൂമിലേക്കു പാഞ്ഞു. അവന്‍ ‘നീതി’ യും കൊണ്ട് വരുന്നതും കാത്ത് ഞങ്ങള്‍ കാത്തിരുന്നു. അവന്‍ വന്നു. അവനെ ഞങ്ങള്‍ സൂക്ഷിച്ചു നോക്കി. ഇല്ല, അവന്റെ കയ്യില്‍ നീതിയില്ല. അവന്‍ ഓടി വന്നു കിതച്ച് കൊണ്ട് തന്നെ പറഞ്ഞു,

“എടാ, പേരു വിട്ടു പോയതല്ല. നമ്മള്‍ക്കു സമ്മാനമില്ല അതാ.”
“എന്തു പറ്റി?”.
“നമ്മലെ രണ്ടാളേയും ‘ഡിസ് ക്വാളിഫൈ‘ ചെയ്തു.”
“കാരണം?”.
“ബേകാരി എന്നാല്‍ ദാരിദ്ര്യമല്ല. തൊഴിലില്ലായ്മയാണ്.”
“അതെന്നു മുതല്‍?”
“പണ്ടു മുതലേ അങ്ങിനെ തന്നെയാണെന്നാ പറയുന്നേ”
എന്തൊരു കഷ്ട്ടമാ. ബികാരിക്കു പോലും സ്വന്തമായി തൊഴിലുണ്ട്. പിന്നെ എങ്ങനെ ബേകാരി തൊഴിലില്ലായ്മയാകും?
കുട്ടുമോന്‍ കുഞ്ഞുണ്ണിയുടെ നേരെ തിരിഞ്ഞു.
“അപ്പോള്‍ ആരും ട്രീറ്റ് തരുന്നതല്ല. നീ സ്വപ്നം കണ്ടതു വെറുതെയായി”
കുഞ്ഞുണ്ണിക്കു പക്ഷേ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലായിരുന്നു. അവന്‍ പറഞ്ഞു.
“എന്റെ സ്വപ്നം വെറുതെയാകില്ല. എനിക്കു നിങ്ങള്‍ രണ്ടുപേരും കൂടെ ട്രീറ്റ് തരും”
“എന്തിന്?”. ഞാനും കുട്ടുമൊനും ഒരുമിച്ചു ചോദിച്ചു.
“ നിങ്ങളുടെ ഡിസ് ക്വാളിഫികേഷന്‍ കഥ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍”.
കുട്ടുമോന്‍ വാച്ച് പണയം വച്ചു. ഞാന്‍ അമ്മ മീന്‍ വാങ്ങാന്‍ വച്ച കാശ് മോഷ്ട്ടിച്ചു!

Thursday, March 4, 2010

"സാറിനെ നടത്തിയ ശിഷ്യന്‍" അഥവാ "ശിഷ്യനെ നടത്തിയ സാര്‍"



“സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്. സാറെനിക്കു നാലുമാസം മാത്രമേ ക്ലാസ്സ് എടുത്തിട്ടുള്ളൂ. പക്ഷേ, ഈ ബ്ലോഗ് മുഴുവന്‍ എഴുതി നിറക്കാനുള്ള കഥകള്‍ ഉണ്ട്.ചില വ്യക്തികള്‍ അങ്ങിനെയാണ്. സംഭവങ്ങള്‍ പ്രസ്ഥാ‍നങ്ങള്‍ എന്നൊക്കെ കളിയാക്കി വിളിക്കാറുണ്ട് നമ്മളവരെ. പ്രവീണ്‍ സാര്‍ ഇതില്‍ രണ്ടിലും പെടില്ല. സാറൊരു പ്രതിഭാസമാണ്. സുനാമി പോലെയൊരു പ്രതിഭാസം .വല്ലപ്പോഴും മാത്രം നമുക്കിടയിലേക്കു കടന്നു വരുന്ന ഒന്ന്. വന്നു കഴിഞ്ഞാല്‍ എല്ലാം തകര്‍ത്തു തരിപ്പണമാക്കിയേ പോകൂ.

ഞാനാദ്യമായി സാറിനെ കാണുന്നത് ഞങ്ങളുടെ ഡിപ്പാര്‍ട്മെന്റ് സംഘടിപ്പിച്ച Thrissur Motorshow യുടെ സമയത്താണ്. സാര്‍ കണ്ടുപിടിച്ച pedal cycle പ്രദര്‍ശനത്തിനു വച്ചിരുന്നു. സാറും സാറിന്റെ സൈക്കിളും എല്ലാ പത്രങ്ങളിലും ഇടം നേടി. ഈ പത്രക്കാരെ സമ്മതിക്കണം! ഈ സമയം ഞാന്‍ third sem(third semester) ഇല്‍ പഠിക്കുന്നു. ഒരുമാസം കഴിഞ്ഞു. ഞാന്‍ നാലാം സെമസ്റ്ററിലെത്തി. പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. അതേ ക്ലാസ്സ് റൂം. അതേ ബെഞ്ചുകള്‍. ക്ലാസ്സിനു മുന്നിലൂടെ കടന്നു പോകുന്ന സുന്ദരിമാരുടെ മുഖങ്ങള്‍ക്കും മാറ്റമില്ല. കഴിഞ്ഞ സെമെസ്റ്ററിലെ ‘പണിതീരാത്തെ അസ്സൈന്മെന്റുകളുടെ’ പണിപ്പുരയിലാണ് എല്ലാരും. ഈ സമയത്ത് ഒരു വലിയ ബാഗും തൂക്കി പ്രവീണ്‍ സാര്‍ ഞങ്ങളുടെ ക്ലാസ്സിലേക്കു വന്നു. അങ്ങേരുടെ ഭാഗ്യത്തിനു ആ‍ാദ്യം കണ്ണില്‍ പെട്ടത് എന്നെയായിരുന്നു. എന്റെയടുത്തു വന്ന് സാര്‍ ചോദിച്ചു.
"Is it fourth semester mechanical A batch??"

"No sir, it's third sem........"

"Ok......"
സാര്‍ പുറത്തേക്ക് നടന്നകന്നു. ഞാനെന്റെ ബെഞ്ചില്‍ പോയിരുന്നു. എന്റെ ഉള്ളില്‍ 100 വാട്ടിന്റെ ഒരു ബള്‍ബ് കത്തി. ഞാനത് കണ്ടില്ലെന്നു നടിച്ചു.
കുറച്ച് കഴിഞ്ഞപ്പോള്‍ വിചാരിച്ച പോലെ തന്നെ കോളേജ് മുഴുവനും അലഞ്ഞശേഷം സാര്‍ ഞങ്ങളുടെ ക്ലാസ്സിലെത്തി.വിയര്‍പ്പു തുടച്ച്കൊണ്ട് സംസാരിച്ചു തുടങ്ങി. ഞാനല്‍പ്പം പുറകിലേക്കു മാറിയിരുന്നു. തന്നെ വഴിതെറ്റിച്ചു വിട്ട ആ സാമൂഹ്യദ്രോഹിയെ സാറിന്റെ കണ്ണുകള്‍ പ്രത്യേകം തിരയുന്നില്ലായിരുന്നു.എനിക്കു സമാധാനമായി.
സാര്‍ ക്ലാസ് തുടങ്ങി. ആദ്യ വെടി പൊട്ടി.

"The reason behind terrorism is nothing but sex"

ഞങ്ങള്‍ നേരിടാന്‍ പോകുന്ന ഒരു വലിയ ദുരന്തത്തിനു നാന്ദി കുറിച്ചുകൊണ്ടുള്ള അങ്കപ്പുറപ്പാടു മാത്രമായിരുന്നു അത്. അമേരിക്കയില്‍ ജോലിയുണ്ടായിരുന്ന ഈ മനുഷ്യന്‍ എന്തിനാണിവിടെ വന്നതെന്ന ന്യായമായ ചോദ്യം ഞങ്ങളുടെ ഉള്ളിലുയര്‍ന്നു. ഉത്തരം ലഭിക്കാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. “സാര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ മാനേജുമെന്റിനു മുന്നില്‍ സാര്‍ ഉത്പാദനം കൂട്ടാനുള്ള ഒരു ‘idea' അവതരിപ്പിച്ചു. പിറ്റേ ദിവസം സാറിനെ പിരിച്ചു വിട്ടു. ഇത്രയ്ക്കു കഴിവുള്ള ഒരുത്തന്‍ കമ്പനിയിലുണ്ടായാല്‍ തങ്ങളുടെ നിലനില്‍പ്പിനു ഭീഷണിയാകുമെന്നു മനസ്സിലാക്കിയ മാനേജരുമാരുടെ ബുദ്ധിപരമായ നീക്കം”.
ഈ കഥ കേട്ടിട്ടു ഞങ്ങളാരും അടക്കം ചിരിച്ചില്ല. സാര്‍ പറഞ്ഞത് എല്ലാം സത്യമാണെന്നു വിശ്വസിച്ചു. കാരണം ഞങ്ങളാരും അമേരിക്കയില്‍ പോയിട്ടില്ലല്ലോ!! പക്ഷേ അടുത്ത കഥ കേട്ടപ്പോള്‍ ഞങ്ങള്‍ക്കു ചിരിക്കാതിരിക്കാനായില്ല. 30 വയസ്സു കഴിഞ്ഞിട്ടും സാര്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം സാര്‍ പറഞ്ഞതിങ്ങനെയാണ്.
“ നമ്മുടെ മുന്നില്‍ നല്ല ഒരു കപ്പ് ചായ കൊണ്ടു വച്ചിരിക്കുന്നു. നല്ല ചൂടുള്ള ചായ. അതിന്റെ ഫ്ലേവേര്‍സിന്റെ ഗന്ധം മൂക്കിലേക്കു അടിച്ചു കയറുന്നു. ഇപ്പോള്‍ തന്നെ നമുക്കത് എടുത്തു കുടിക്കണം. കുടിക്കാനായി കൈ നീട്ടുമ്പോള്‍ നമ്മുടെ കൂടെയുള്ളവരും വീട്ടുകാ‍രും പറയും
‘വരട്ടെ..കുടിക്കാന്‍ വരട്ടെ..സമയമായിട്ടില്ല’
നമ്മള്‍ കൈ പുറകോട്ടു വലിക്കും.പക്ഷേ വീണ്ടും കൊതി തോന്നുമ്പോള്‍ കൈ കപ്പിനു നേരെ കൊണ്ട് പോകും. വീണ്ടും ആ ശബ്ദം.
‘ഇല്ല..സമയമായിട്ടില്ല’.
ഇങ്ങനെ പലപ്രാവശ്യം ആവര്‍ത്തിച്ചു. സമയം കുറച്ച് കഴിഞ്ഞു. ചായ തണുത്തു. ഗന്ധമൊന്നും വരുന്നില്ല. നമുക്ക് ആ ചായയോടുള്ള ആഗ്രഹം കെട്ടടങ്ങി. അതാ, വീണ്ടും വരുന്നു ആ പഴയ ശബ്ദം
‘ കുടിക്കു മോനേ..ചായ കുടിക്കു’.

സാര്‍ ഒരു പമ്പ്(water pump) കണ്ടുപിടിച്ചു. നമ്മള്‍ കാലുകൊണ്ട് ചവിട്ടി പ്രവര്‍ത്തിപ്പിക്കണം. പെഡലില്‍ ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നത് കൊണ്ട് വൈദ്യുതിയുടെ ആവശ്യമില്ല. എത്ര ആഴമുള്ള കിണറ്റില്‍ നിന്നും വെള്ളം പമ്പുചെയ്യാം. സാറിന്റെ അവകാശവാദങ്ങള്‍ ഒരുപാടുണ്ട്. കോളേജില്‍ ഇതു പ്രദര്‍ശിപ്പിക്കുന്ന സമയത്ത് കുറച്ച് പെണ്‍പിള്ളേരെ കാഴ്ചക്കാരായി കൊണ്ടു വരാന്‍ സാര്‍ എന്നോടാവശ്യപെട്ടു. ഞാന്‍ വിചാ‍രിച്ചാല്‍ ഏതു പെണ്ണാണിവിടെ ഈ സാഹസത്തിനു മുതിരുക? ഒരു വഴിയുമില്ലാതെ ഞാന്‍ കുറച്ച് ടീച്ചര്‍മാരെ ഒപ്പിച്ചു കൊണ്ടു വന്നു. അവരൊക്കെ എന്നെ ഇപ്പോള്‍ എത്രമാത്രം ശപിച്ചിട്ടുണ്ടാകുമോ ആവോ! സാറിനു പമ്പും കൊണ്ട് വീട്ടിലേക്കു മടങ്ങാന്‍ സമയമായി. ആ ദിവ്യ സ്രുഷ്ട്ടി ഞങ്ങള്‍ കാറിലേക്കെടുത്തു വച്ചു. “ശക്തന്‍ ബസ് സ്റ്റാന്റിലേക്ക് ഉള്ളവര്‍ ആരേലും ഉണ്ടേല്‍ എന്റെ കൂടെ വാ.. പമ്പ് ഇറക്കി വക്കാന്‍ സഹായം വേണം”.. ഒരു ഫ്രീ ലിഫ്റ്റ്..പിന്നെ സാറിനെ ഒന്നു പൊക്കിയടിച്ചാല്‍ മാര്‍ക്കും കിട്ടും. ഞാന്‍ തയ്യാറായി. സാര്‍ കാറിലിരുന്നു. എന്നോട് ഇത്ര വലിയ കണ്ടുപിടുത്തം നടത്തിയ ഒരാളെ അധ്യാപകരോ വിദ്യാര്‍ത്ഥികളോ ഒരു സ്വീകരണം നല്‍കി അഭിനന്ദിക്കാത്തതിനെ പറ്റി പരിഭവം പറഞ്ഞു. അധ്യാപരുടെയും വിദ്യാര്‍ത്ഥികളുടേയും ഈ കൊടും ക്രൂരതെക്കെതിരെ ഞാനും ശബ്ദമുയര്‍ത്തി. എനിക്കു കുമിഞ്ഞു കൂടുന്ന മാര്‍ക്ക് സ്വപ്നവും കണ്ടു. ഇതിനിടയിലാണ് എനിക്കൊരു സംശയം തോന്നിയത്. [ സംശയത്തിനു മുന്നു ഒരു കാര്യം പറയട്ടെ.. ഒരു പമ്പിലേക്കു നമ്മള്‍ രണ്ടു പൈപ്പുകള്‍ ഘടിപ്പിക്കും. ഒന്നു കിണറ്റില്‍ നിന്നും വെള്ളം വലിക്കാനുള്ളത് (suction pipe) അതിന്റെ അറ്റത്താണു foot valve ഉള്ളത്. മറ്റേ പൈപ്പാണു നമുക്ക് വെള്ളം കൊണ്ടു തരുന്നത് (delivery pipe)]. ഒട്ടും ആലോചിക്കാതെ ഞാന്‍ ചോദിച്ചു. “സാര്‍, സാധാരണ ഗതിയില്‍ suction pipe ഇന്റെ length അഞ്ചോ ആറോ മീറ്റര്‍ വരെയല്ലേ കാണുള്ളൂ. സാറിന്റെ പമ്പാണേല്‍ കാലു കൊണ്ടു ചവിട്ടി പ്രവര്‍ത്തിപ്പിക്കുന്നതാണ്. സക്ഷന്‍പൈപ്പിനു കൂടിയാല്‍ ഒന്നോ രണ്ടോ മീറ്റര്‍ നീളം വരെയാകാം. അങ്ങിനെയെങ്കില്‍ നമ്മള്‍ ഈ പമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ കിണറ്റില്‍ ഇറങ്ങിയിരുന്നു ചവിട്ടേണ്ടി വരില്ലേ??”. സാര്‍ എന്നോടു എന്റെ പേരു ചോദിച്ചു. എന്നിട്ട് ഒന്നു മൂളി. എന്റെ മാര്‍ക്കു കൊട്ടാരം നിലം പൊത്തി. സാറിന്റെ വീടെത്തി. ശക്തന്‍ സ്റ്റാന്റില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ഉള്ളിലോട്ടാണ്. പമ്പു ഇറക്കി വച്ചു. എനിക്കു ഒരു കുപ്പി വെള്ളം തന്നു. എന്നെ ഗെയറ്റിന്റെ അടുത്തേക്കു കൊണ്ട് പോയി എന്നിട്ട് പറഞ്ഞു “ദാ..ആ വഴിയെ നടന്നാല്‍ മതി സ്റ്റാന്റിലെത്തും”. ആ ഒന്നര കിലോമീറ്റര്‍ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു അന്നു സാറിനെ വഴി തെറ്റിച്ച് കോളേജു മുഴുവന്‍ നടത്തിയ കഥ.

Monday, July 20, 2009

എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. എന്റെ വിശപ്പിന്റെ ശമനം ആ മാറിലാണെന്ന് ഞാന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.

അവള്‍ മേശമേല്‍ എന്തോ വയ്ക്കുന്ന ശബ്ദം. ഒരു കാലൊച്ച പതുക്കെ അകന്നു പോകുന്നതായി ഞാന്‍ അറിഞ്ഞു. ഞാന്‍ അങ്ങോട്ടു നോക്കിയില്ല. നോക്കാന്‍ മനസ്സ് വന്നില്ല. ഞാന്‍ എന്റെ മനസ്സ് ആ മുലകളില്‍ പൂര്‍ണമായും അര്‍പ്പിച്ചു കഴിഞ്ഞിരുന്നു. ഒരിക്കലും തീരാത്ത എന്റെ ദാഹം തീര്‍ക്കാന്‍ ഞാനതില്‍ കടിച്ചു തൂങ്ങി കിടക്കുന്നതായി എനിക്കു തോന്നി.

പൊടുന്നനെ എന്റെ മുറിയുടെ പുറത്ത് എന്തോ കുപ്പി വീണു പൊട്ടുന്ന ശബ്ദം ഞാന്‍ കേട്ടു. വാതില്‍ ഒരു സീല്ക്കാരത്തൊടെ തള്ളി തുറക്കപ്പെട്ടു. മധ്യവയസ്കയായ ഒരു സ്ത്രീ അകത്തേക്കു അതിക്രമിച്ചു കടന്നു വന്നു.

എന്താണിത്?!! എനിക്കൊന്നും മനസ്സിലായില്ല. ഞാന്‍ നിശ്ചലനായി കിടന്നു. ആ സ്ത്രീ എന്റെ നേരെ പാഞ്ഞടുത്തു. ഞാന്‍ പുതച്ചിരുന്ന വെളുത്ത പുതപ്പ് അവര്‍ പൊടുന്നെ എടുത്തു മാറ്റി. പരിപൂര്‍ണ നഗ്നനായി ആ പുതപ്പിനടിയില്‍ കിടക്കുവായിരുന്ന ഞാന്‍ അമ്പരന്നു പോയി. ലജ്ജ കൊണ്ടാണോ അതോ ദേഷ്യം കൊണ്ടാണോ എന്നറിയില്ല ഞാന്‍ അലറി കരയുവാന്‍ തുടങ്ങി.

എന്ത് വൃത്തികേടാണ്‌ ഈ സ്ത്രീ കാണിക്കുന്നത്?!

അവരുടെ നോട്ടം എന്റെ കാലുകള്‍ക്കിടയിലേക്കു പായുന്നത് ഞാന്‍ കണ്ടു. അവരുടെ കണ്ണുകള്‍ ഒരു താമരമൊട്ടു പോലെ വിടരുന്നുണ്ടായിരുന്നു. എന്ത് കണ്ടിട്ടാണാവോ? അവരുടെ ശബ്ദം ആ മുറിയാകെ പ്രകമ്പനം കൊണ്ടു.

"ആഹാ.....ആണ്‍കുട്ടിയാണല്ലേ?"

"അതേ" എന്റരുകില്‍ നിന്നും മറ്റൊരു സ്ത്രീ ശബ്ദം.

"സന്തോഷമായി. ഇവനെ കാണാനുള്ള വെപ്രാളത്തില്‍ വരുവായിരുന്നു ഞാന്‍ . പുറത്ത് വച്ച് നഴ്സുമായി കൂട്ടിയിടിച്ചു ഗ്ളൂക്കോസ് കുപ്പി വീണു പൊട്ടി" ആ സ്ത്രീ അഭിമാനപൂര്‍വം പറഞ്ഞു.

അതുശരി! അപ്പോള്‍ അതാണ്‌ ഞാന്‍ കേട്ട ശബ്ദം. നഴ്സിന്റെ വെള്ളയുടുപ്പില്‍ അഴുക്കായി കാണുമോ ആവോ?

അവര്‍ തുടര്‍ന്നു. "പേരു വല്ലതും കണ്ടു വച്ചിട്ടുണ്ടോ?"

എന്റെ അടുത്തു കിടന്നിരുന്ന സ്ത്രീ എണീറ്റു നിന്നു. ബ്ളൌസിന്റെ ഹുക്കിട്ടു. എന്നിട്ടുറക്കെ പ്രഖ്യാപിച്ചു.

" ഗോപികുട്ടന്‍ "

അങ്ങിനെ ആ വിശ്വപ്രസിദ്ധമായ നാമം എന്റെ അമ്മയുടെ നാവിലൂടെ അദ്യമായി പുറത്തേക്കൊഴുകി

മാനം കറുത്തിരുണ്ടു. ദിക്കെട്ടും ഞെട്ടുമാറ്‌ ഇടിവെട്ടി. മിന്നല്‍പിണരുകള്‍ മേഘങ്ങളെ കീറിമുറിച്ചു. ഭൂമിയെ അടിമുടി നനന്ച്ചു കൊണ്ട് മഴ പെയ്തിറങ്ങി.

പ്രകൃതി എന്റെ വരവറിയിച്ചിരിക്കുന്നു. അതേ! ഞാന്‍ വന്നിരിക്കുന്നു. ഒരു ഇടിവെട്ട്‌ സാധനം! എന്റെ മനസ്സ് വീണ്ടും വീണ്ടും ആ പേര്‌ മന്ത്രിച്ചു.

"ഗോപികുട്ടന്‍ .....ഗോപികുട്ടന്‍ ....ഗോപികുട്ടന്‍ ..."

എന്നെ വിവസ്ത്രനാക്കിയ ആ സ്ത്രീയുടെ ശബ്ദം ഞാന്‍ വീണ്ടും കേട്ടു.

"തുലാവര്‍ഷമാ.. രണ്ടാഴ്ചയായിട്ട് ഇങ്ങനാ.ഇടിയും മഴയും തന്നെ..പുറത്തിറങ്ങാന്‍ വയ്യ!"

ഓഹോ! അപ്പോള്‍ അങ്ങിനെയാണ്‌ കാര്യങ്ങള്‍ ! ഇടിയും മഴയും തുടങ്ങിയിട്ട്‌ രണ്ടാഴ്ചയായി. അല്ലാതെ ഞാന്‍ ജനിച്ചതിന്റെയല്ല. അപ്പോള്‍ നമ്മള്‍ മോശക്കാരനായി. ഞാന്‍ ഇളിഭ്യനായില്ല.
എന്റെ ജനലിനരുകിലുരുന്നു ഒരു കോഴി കൂവുന്നതിനു ഞാന്‍ കാതോര്‍ത്തു.

"കൊ ..കൊ..കൊ..കൊ..കോ..കോ..കോ..കോപികുട്ടാ"

ആ കോഴി എന്നെയാണോ കൂവിയത്‌? അല്ല എന്നു വിശ്വസിക്കുന്ന പോലെ ഞാന്‍ അഭിനയിച്ചു. നിങ്ങളും വിശ്വസിക്കേണ്ട.

ആ സ്ത്രീ എന്റെ കവിളില്‍ തൊട്ടു. എനിക്കത് ഇഷ്ട്ടമായില്ല. ഞാന്‍ പണ്ടേ അങ്ങിനെയാണ്‌ സ്ത്രീകള്‍ തൊടുന്നത് എനിക്കിഷ്ട്ടമല്ല. അവരുടെ കയ്യില്‍ എന്നെ പുതച്ചിരുന്ന വെളുത്ത തുണി ഇരുന്നു ആടുന്നത് ഞാന്‍ കണ്ടു. ഇവര്‍ ദുശ്ശാസന്റെ പെങ്ങള്‍ ആണോ? ആ പുതപ്പിങ്ങ് താ വല്ല്യമ്മച്ചി....

"അയ്യേ! ഗോപികുട്ടാ, നീ ഉടുപ്പില്ലാതെ കിടക്കുവാണോ? ഷെയിം ഷെയിം പപ്പി ഷെയിം"

പ്ഫ! ഉള്ള വസ്ത്രം അടിച്ചു മാറ്റിയതും പോര, എന്റെ നഗ്നതയെ കളിയാക്കുന്നോ? ഈ തള്ളയെ ഞാനിന്ന്‌ ......

"ഗോപികുട്ടാ, അമ്മായി പോകുവാട്ടോ. നാളെ കാലത്തു വരാം" അവരെന്നെ ആ പുതപ്പു കൊണ്ടു മൂടി.

അയ്യോ! അതെന്റെ അമ്മായി ആരുന്നോ? എന്റെ അച്ഛന്റെ പെങ്ങള്‍ ? എന്റെ അച്ഛനെ ദുശ്ശാസനന്‍ എന്നു വിളിച്ചതില്‍ ഞാന്‍ ഖേദിച്ചു.

ദുശ്ശാസനന്റെ മകനായി പിറന്ന ഞാന്‍ കുടുംബ തൊഴില്‍ പിന്തുടരുമോ എന്ന ഭീതി കൊണ്ടാണോ എന്നറിയില്ല അന്നു രാത്രി മുഴുവന്‍ ഞാന്‍ നിര്‍ത്താതെ കരഞ്ഞു. നഴ്സുമാര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഞാന്‍ കരച്ചില്‍ നിര്‍ത്തിയില്ല. ആ രാത്രി ഞാന്‍ കരഞ്ഞു തീര്‍ത്തു. എന്റെ ആദ്യരാത്രി!!

പിറ്റേ ദിവസം അതിരാവിലെ തന്നെ അമ്മായി എത്തി. കൂടെ കാഷായ വസ്ത്രധാരിയായ ഒരു മനുഷ്യനും . അതുവരെ കരഞ്ഞു കൊണ്ടിരുന്ന ഞാന്‍ അയാളെ കണ്ടതും കരച്ചില്‍ നിര്‍ത്തി.എല്ലാവര്‍ക്കും സമാധാനമായി.

"ജ്യോത്സനാ.. ഗോപികുട്ടന്റെ ജാതകം വായിക്കാന്‍ കൊണ്ടു വന്നതാ.." അമ്മായി അയാളെ പരിചയപ്പെടുത്തി.

ജ്യോത്സന്‍ ജാതക വായന തുറ്റങ്ങി.

"1986 ആം ആണ്ട് ഓക്ടോബര്‍ മാസം ഭൂജാതനാം ഗോപികുട്ടന്റെ ജാതകം ."

എങ്ങും കരഘോഷങ്ങള്‍ മുഴങ്ങുന്നതായി ഞാന്‍ സ്വപ്നം കണ്ടു. എനിക്കൊരു വിസിലടിക്കാന്‍ തോന്നി.

അയാള്‍ തുടര്‍ന്നു:

"ഇവന്റെ ജന്മത്തോടെ വീടിന്റെ ആധാരം ബാങ്ക് ലോക്കറില്‍ ഭദ്രമാകും.അമ്മയുടെ ബാഗിലെ കാശു മോഷ്ട്ടിച്ച് ഇവന്‍ സിനിമ കാണും. പുറത്തിറങ്ങുമ്പോള്‍ തലയിലിടാന്‍ അച്ഛനു മുണ്ട് വാങ്ങി കൊടുക്കും. ഇവന്റെ വളര്‍ച്ച കീഴ്ക്കോടതിയില്‍ നിന്നു ഹൈക്കോടതിയിലേക്കും, ഹൈക്കോടതിയില്‍ നിന്നു സുപ്രീംകോടതി വഴി പൂജപ്പുര വരെ നീളുന്നതുമായിരിക്കും. മഹാ നുണയനും വായ്‌നോക്കിയുമായി ഇവന്‍ വളരും. ക്രിക്കറ്റും ഇന്റര്‍നെറ്റും കാണാന്‍ കൊള്ളാവുന്ന പെണ്‍പിള്ളേരും ഇവന്റെ ദൌര്‍ബല്യങ്ങളായിരിക്കും. മമ്മൂട്ടിയേക്കാള്‍ മോശം ഡാന്‍സറാകും."

എല്ലാവരും വായ പിളര്‍ന്നു നിന്നു.

അയാള്‍ തുടര്‍ന്നു:

" 2007 ആം ആണ്ടില്‍ ഇവനൊരു അപകടം സംഭവിക്കും. പക്ഷേ ആ അപകടത്തിന്റെ ഫലം പേറുന്നത് മറ്റുള്ളവര്‍ ആകും. 2007 ജൂലയ് മാസം 20ആം തിയതി ഇവനൊരു ബ്ളോഗര്‍ ആകും. ഇവന്റെ മരണം ഇവന്റെ ബ്ളോഗ് വായിക്കുന്ന ഏതേലുമൊരുവന്റെ കൈ കൊണ്ടായിര്ക്കും"

ഈശ്വരാ! ജനിച്ചിട്ടു 24 മണിക്കൂര്‍ തികഞ്ഞിട്ടില്ല. അപ്പോളേക്കും മരണവും തീര്‍ച്ചയായോ?!!
ഞാന്‍ വീണ്ടും അലറി കരയുവാന്‍ തുടങ്ങി.

"ഇള്ളേ..ഇള്ളേ..ഇള്ളേ..ഇള്ളേ..ഇള്ളേ..."

Thursday, July 16, 2009

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്‌" പറഞ്ഞത് പത്മരാജനാണ്. ശരിയാണ്‌, സ്നേഹിച്ചവരില്‍ നിന്നുള്ള അവഗണന ഒരു തീരാ ദു:ഖം തന്നെയാണ്‌. അതിങ്ങനെ മനസ്സിന്റെ അഗാധങ്ങളില്‍ കിടന്നു നിലവിളിച്ചു കൊണ്ടേയിരിക്കും. നിലവിളിക്കുമെന്നു ഞാന്‍ ചുമ്മാ പറഞ്ഞതാ,ആ വേദന അവിടെ കിടന്ന് തേങ്ങിക്കൊണ്ടേയിരിക്കും എന്തിനെന്നറിയാതെ. ആ തേങ്ങലിനെയണ്‌ പത്മരാജന്‍ മനസ്സിന്റെ വിങ്ങലെന്നു വിളിക്കുന്നേ. പക്ഷേ, പത്മരാജന്‍ പറയാന്‍ മറന്നു പോയ ഒന്നുണ്ട്. ആ വിങ്ങല്‍ എങ്ങനെ അവസാനിപ്പിക്കും?

അത് ഞാന്‍ പറഞ്ഞു തരാം. പക്ഷേ, അതിനു മുന്‍പ് ഒരു ഫ്ളാഷ് ബാക്ക്!!!

2003 ഇലെ വേനല്‍ക്കാലം.
ഞാനും കുഞ്ഞുണ്ണിയും കുട്ടുമോനും ഞങ്ങളുടെ പ്ളസ് ടു കാലം ആഘോഷിക്കുന്നു.
എല്ലാവരും ക്ളാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങി. ഞങ്ങള്‍ മൂന്നാളും സൈക്കിള്‍ ഷെഡ്ഡിന്റെ അടുത്തെത്തി.
കുട്ടുമോന്‍ ആകെ പരവശനായി കാണപ്പെട്ടു.അവന്റെ അവസ്ഥ എന്നെ പ്രസവവേദന തുടങ്ങിയ ഗര്‍ഭിണിയെ ഓര്‍മിപ്പിച്ചു. [സോറി ബാഡ് ജോക്ക്.]

അവന്‍ ഞങ്ങളുടെ രണ്ടാളുടേയും നേരെ തിരിഞ്ഞു.
"എടാ, ഞാന്‍ അവളോട് പറയാന്‍ പോകുവാ"
"നീ പോയി പറയെടാ". ഞാന്‍ അനുഗ്രഹിച്ചു.
"അവള്‍ എന്തു പറയുമെന്നോര്‍ത്തിട്ടാ ഒരു പേടി" അവനു വീണ്ടും ഒരു സംശയം.
"ഛെ!! നീ ഞങ്ങള്‍ ആണ്‍പിള്ളേരുടെ മാനം കളയും" കുഞ്ഞുണ്ണി കുട്ടുമോനെ പുച്ഛിച്ചു.
"പറയാമല്ലേ?" കുട്ടുമോന്‍ ഒരു സിംഹത്തെ പോലെ സട കുടഞ്ഞ് എണീറ്റു."എന്നാലും ഇത് പറഞ്ഞ് കഴിഞ്ഞാല്‍ അവള്‍ ഇനി മേലില്‍ എന്നോട് മിണ്ടിയില്ലെങ്കിലോ?" സട മാത്രമേ ഉള്ളൂ സിംഹത്തിനു പല്ലില്ല.

ഞങ്ങളുടെ സംസാരം അടുത്തു നിക്കുന്ന സിന്ധുവും പേരറിയാത്ത കൂട്ടുകാരിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാന്‍ അവരെ കണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ തിരിഞ്ഞു നിന്നു.

"ദേ.. അവള്‍ " കുഞ്ഞുണ്ണിയുടെ വാക്കുകള്‍ . നോക്കിയപ്പോള്‍ ക്ളാസ്സില്‍ നിന്നും ഇറങ്ങുന്ന ഇന്ദു.
കുട്ടുമോന്‍ അവളോട് പറയാനുള്ള ഡയലോഗുകള്‍ ഞങ്ങളോട് പറഞ്ഞു. റിഹേഴ്സല്‍ കഴിഞ്ഞതും ഞങ്ങള്‍ അവനോട് പറഞ്ഞു.

"അടിപൊളി അളിയാ, ഈ ഡയലോഗില്‍ അവള്‍ വീഴും. ഉറപ്പ്‌ "

കുട്ടുമോന്‍ ഇന്ദുവിന്റെ നേരെ ഓടി. വഴിയില്‍ ഉണ്ടായിരുന്ന കുറ്റിച്ചെടികള്‍ക്കു മുകളിലൂടെ ചാടി ഓടുന്ന ആ തടിയനെ കണ്ട് ഞാനും കുഞ്ഞുണ്ണിയും ശ്വാസമടക്കി നിന്നു. സിന്ധുവും പേരറിയാത്ത കൂട്ടുകാരിയും ഒന്നുമറിയാത്തവരെ പോലെ സൂര്യന്‍ അസ്തമിക്കുന്നതും നോക്കി പടിഞ്ഞാറോട്ട് കണ്ണും നട്ടിരുന്നു. ഇവള്‍ക്കൊക്കെ വീട്ടില്‍ പൊക്കൂടെ?



"അളിയാ, അവന്‍ പറയില്ലേ?" ഞാന്‍ കുഞ്ഞുണ്ണിയോട് ചോദിച്ചു.
"പറഞ്ഞില്ലേല്‍ നമ്മുടെ പദ്ധതിയെല്ലാം പൊളിയും" കുഞ്ഞുണ്ണിയും ടെന്‍ഷനിലാണ്‌.



കുട്ടുമോന്‍ ഇന്ദുവിന്റെ അടുത്തെത്തി.അവര്‍ പറയുന്നതൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. എന്നാലും പിന്നീട് കുട്ടുമോന്റെ കയ്യില്‍ നിന്നും ഞാന്‍ ഡൌണ്‍ലോഡ് ചെയ്ത സംഭാഷണശകലങ്ങള്‍ ഇവിടെ അപ്പ്ലോഡ് ചെയ്യുന്നു

"ഇന്ദു.... ഒരുകാര്യം പറയാനുണ്ട്".
ഒരു തണുത്ത കാറ്റ് അവിടം മുഴുവന്‍ വീശാന്‍ തുടങ്ങി. പാറി പറന്നു നടക്കുന്ന ഒലിവ് ഇലകള്‍ . പതിയെ വന്നു വീഴുന്ന മഞ്ഞുകണങ്ങള്‍ . ഇതൊന്നും ഉണ്ടായില്ല. അവന്‍ അവളോട് മനസ്സു തുറന്നു.
"തുറന്ന് പറയുന്ന കൊണ്ട് ഒന്നും തോന്നരുത്‌. "
"ഇല്ല. നീ കാര്യം പറയൂ."
"ഇത് പറഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ ഇപ്പോഴത്തെ സൌഹൃദത്തിനു കോട്ടമൊന്നും സംഭവിക്കരുത്"
"ഇല്ല. കുട്ടുമോനേ , എന്താണേലും നീ പറയൂ". അവന്‍ പറയാന്‍ പോകുന്നത് കേള്‍ക്കാന്‍ അവളുടെ മനസ്സ്‌ കൊതിക്കുന്നുണ്ടെന്നു തോന്നി.

കുട്ടുമോന്‍ അല്‍പ്പം പരുങ്ങലോടെ ആണേലും കാര്യം പറഞ്ഞു.
"അത്..അതായത്..നാളെ എനിക്കു നിന്റെ ചേച്ചിയുടെ കല്യാണത്തിനു വരാന്‍ പറ്റില്ല. തൃശ്ശൂര്‍ വരെ ഒന്നു പോകണം"


കുട്ടുമോന്‍ തിരികെ ഓടി വന്നു. ഞങ്ങള്‍ ചോദിച്ചു. "എന്തായി അവള്‍ സമ്മതിച്ചോ?"
"സമ്മതിച്ചു അളിയാ,സമ്മതിച്ചു.ആദ്യം സമ്മതിച്ചില്ല. എന്നില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നൊക്കെ പറഞ്ഞു. എന്നാലും ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചു."

ഞങ്ങളുടെ അടുത്ത് സൂര്യസ്തമനം കാണാന്‍ ഇരുന്ന സിന്ധുവും കൂട്ടുകാരിയും 4 മണിക്കു സൂര്യന്‍ അസ്തമിക്കില്ല എന്നു മനസ്സിലാക്കി എണീറ്റു പോയി.

ഞാനും കുഞ്ഞുണ്ണിയും സന്തുഷ്ട്ടരായി.
"അപ്പോള്‍ നമ്മള്‍ പ്ളാന്‍ ചെയ്ത പോലെ നാളെ തൃശ്ശൂര്‍ക്ക് സിനിമ കാണാന്‍ പോകുന്നു. കല്യാണത്തിനു പോകുന്നില്ല" ഞാനും കുഞ്ഞുണ്ണിയും തുള്ളിച്ചാടി.


പിറ്റേ ദിവസം ഞങ്ങള്‍ സിനിമക്കു പോയി. കുട്ടുമോന്റെ വക ട്രീറ്റ് ആയിരുന്നു. പക്ഷേ, എന്റേയും കുഞ്ഞുണ്ണിയുടേയും നേട്ടം കുട്ടുമോനു വലിയ നഷ്ട്ടങ്ങള്‍ ഉണ്ടാക്കി കൊടുത്തു.

സംഭവത്തിനു രണ്ട് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ മൂന്നു പേരും സംസാരിച്ചു നിക്കുമ്പോള്‍ നീലാംബരി ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു.. എന്റെ അമ്മയ്ക്ക് നീലാംബരിയെ അറിയാം. എന്റെ മേല്‍ ചാര പണിക്കായി അമ്മ അവളെയാണ്‌ നിയമിച്ചിരിക്കുന്നത്.അവള്‍ ആ കൃത്യം സൌജന്യമായി അമ്മയ്ക്ക് വേണ്ടി ചെയ്തു കൊടുത്തു. അതുകാരണം അവള്‍ എന്തു പറഞ്ഞാലും ഞാന്‍ തിരുവായ്ക്കു എതിര്‍വാ ഇല്ല എന്ന മട്ടില്‍ കേട്ടു നിക്കും. ആ സ്കൂളില്‍ എന്തു നടന്നാലും അവള്‍ അറിയും.
ഓടി വന്നതും അവള്‍ ചോദിച്ചു.

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?"

"ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി.
"നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു. എല്ലാം പോയി അമ്മയോട് പറയുകയും ചെയ്യും എന്നിട്ട് എല്ലാം പോയി അമ്മയോട് ചോദിച്ചോളാനും പറയും .ദുഷ്ട്ട! നിന്നോടൊക്കെ ദൈവം ചോദിക്കുമെടീ.

ആദ്യം ഉണ്ടായ ഞെട്ടലില്‍ നിന്നും രക്ഷപ്പെട്ട കുട്ടുമോന്‍ ചോദിച്ചു. "ആരാ പറഞ്ഞേ?"
"ഗ്രീഷ്മ"
ഓഹോ!! അപ്പോള്‍ അതാണ്‌ സിന്ധുവിന്റെ പേരറിയാത്ത കൂട്ടുകാരിയുടെ പേര്‌. ഞാന്‍ മനസ്സിലോര്‍ത്തു.

വാര്‍ത്ത കാട്ടുതീ പോലെ പരന്നു. പക്ഷേ, ഇന്ദു ഇതറിഞ്ഞില്ല. അവള്‍ അവ്ളുടെ ചേച്ചിയുടെ കല്യാണത്തിനു ചെന്ന രണ്ടു മൂന്നു പയ്യന്മാരുമായി കളിച്ച് ചിരിച്ച് നടന്നു.

കുട്ടുമോനു ഇതു സഹിച്ചില്ല. അവനും ഇന്ദുവും ഇഷ്ട്ടത്തിലാണെന്ന്‌ ആളുകള്‍ നുണ പരഞ്ഞ് പരത്തിയതാണെങ്കിലും പകുതി സത്യമാണെന്നു ഞങ്ങള്‍ക്കു അറിയാമല്ലോ!!

പവം കുട്ടുമോന്‍ എന്തൊക്കെ ചെയ്തു. അധ്യാപക ദിനത്തിനു ടീച്ചര്‍മാര്‍ക്ക് സമ്മനം കൊടുക്കാന്‍ വാങ്ങിയ പൂക്കളില്‍ ആരുമറിയാതെ ഉമ്മ വച്ച് ഇന്ദുവിന്റെ കയ്യില്‍ ഏല്പ്പിച്ചു.

പൂക്കള മത്സരത്തിനു അവളുടെ മുന്നില്‍ ആളാകാന്‍ വേണ്ടി പൂക്കള്‍ വാങ്ങിക്കൊണ്ടു വന്നു. യുവജനോത്സവത്തിനു അവളെ നായികയാക്കി നാടകം എഴുതി. അവള്‍ അഭിനയിക്കില്ല എന്നു പറഞ്ഞത് കൊണ്ട് മാത്രം ആ നാടകം അവന്‍ വേണ്ടെന്നു വച്ചു. പിന്നെ ടാബ്ളോ, അതില്‍ അവള്‍ ഉണ്ടായിരുന്നു. അവളുടെ മുഖത്ത് കരി തേക്കേണ്ടി വരുമെന്ന ഒറ്റ കാരണത്താല്‍ ടാബ്ളൊയുടെ വിഷയം തന്നെ അവന്‍ മാറ്റി. അവളെ മനസ്സിലോര്‍ത്ത് ഹിന്ദിയില്‍ കവിത വരെ എഴുതി. ഏതെങ്കിലും ഒരു കാമുകന്‍ ചെയ്യുമോ ഇത്രയും ത്യാഗം? എന്നിട്ടും അവള്‍ എന്താ കുട്ടുമോന്റെ സ്നേഹം മനസ്സിലാക്കാത്തെ? അറിയില്ല. അവള്‍ മനസ്സിലാക്കിയില്ല. കുട്ടുമോനു തുറന്നു പറയാനുള്ള ധൈര്യവുമില്ലായിരുന്നു.

കാലങ്ങള്‍ കഴിഞ്ഞു. ഋതുക്കള്‍ മാറിമറഞ്ഞു. കുട്ടുമോന്‍ ജോലിക്കാരനായി. പക്ഷേ ഇപ്പോളും ഒരു പെണ്ണും തിരിഞ്ഞു നോക്കുന്നില്ല. ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ? കുട്ടുമോനു ഇപ്പോളും ഇന്ദുവിനെ കുറിച്ചാണ്‌ ചിന്ത. ഇതിനിടയില്‍ ഇന്ദുവിന്റെ വിവാഹം ഉറപ്പിച്ചു. കുട്ടുമോനെ അവള്‍ കല്യാണം ക്ഷണിച്ചില്ല. കഷ്ട്ടമായി പോയി!

അവള്‍ കല്യാണം കഴിഞ്ഞ് കെട്ട്യോന്റെ കൂടെ ദുഫായിലേക്കു പറന്നു. ഈ സമയത്താണ്‌ കുട്ടുമോനു 'മനസ്സിന്റെ വിങ്ങല്‍ ഉണ്ടായത്'

ഇത് തീര്‍ക്കുവാന്‍ ഒരുപാട് മാര്‍ഗങ്ങള്‍ കുട്ടുമോന്‍ പരീക്ഷിച്ചു നോക്കി. മദ്യപിച്ചു നോക്കി. രക്ഷയില്ല. ഒരു സങ്കല്പ്പകാമുകിയെ സൃഷ്ടിച്ച് അവളുടെ കൂടെയുള്ള ലീലാവിലാസങ്ങള്‍ ഞങ്ങളോട് വിശദീകരിച്ചു. ഞാനും കുഞ്ഞുണ്ണിയും വിശ്വസിച്ചില്ല. അങ്ങിനെ അതും പൊളിഞ്ഞു.
അവസാനം കുട്ടുമോന്‍ ഒരു വഴി കണ്ടെത്തി. കഥയെഴുതുക. ഇന്ദുവിനേയും കുട്ടുമോനേയും നായികനായകന്‍മാരായി കഥയെഴുതുക. കുട്ടുമോന്‍ കഥയെഴുതി. അവന്‍ ചെയ്യാന്‍ കൊതിച്ച കാര്യങ്ങള്‍ എല്ലാം അവന്റെ നായകന്‍ സാധിച്ചു.

കഥയെഴുതി കഴിഞ്ഞതും അവന്‍ എന്നെ വിളിച്ച് കഥ കേള്‍പ്പിച്ചു. ആ കഥ അവന്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നു എന്നെ ഭീഷണിപ്പെടുത്തി. കഥ ഞാന്‍ കേട്ടു. കഥയിലെ നായകന്‍ നായികയുടെ മാറിലേക്ക് ഒളികണ്ണെറിയുന്നു. ഒരുമിച്ച് സിനിമയ്ക്കു പോകുന്നു. അടുത്തടുത്ത സീറ്റുകളില്‍ ഇരിക്കുന്നു. അവരുടെ കരങ്ങള്‍ പരസ്പരം ശരീരത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലൂടെ ഒഴുകി നടക്കുന്നു. ആ തിയറ്ററില്‍ ഇരുന്നു കൊണ്ടു തന്നെ ആര്‍ത്തലച്ചു പുറത്തേക്കൊഴുകിയ പുരുഷത്വത്തെ വരെ കുട്ടുമോന്‍ അവന്റെ കഥയില്‍ ചിത്രീകരിച്ചു.

കഥ കേള്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ കുട്ടുമോന്‍ എന്നോട് ചോദിച്ചു. "എങ്ങനെയുണ്ട്? ബഷീറിനെ പോലെയില്ലേ എന്റെ എഴുത്ത്?"

"ക്രൈമിനു ഫയറില്‍ ജനിച്ച കുട്ടിയെ പോലെയുണ്ട്" എനിക്കു പറയാതിരിക്കാന്‍ വയ്യ.

ഞാന്‍ മാധവികുട്ടിയെ ഓര്‍ത്തു. അവരുടെ 'ജീനിയസ്സിന്റെ ഭാര്യ' എന്ന ചെറുകഥയില്‍ പറഞ്ഞ വാക്കുകളെ ഓര്‍ത്തു. എത്ര വല്ല്യ സത്യം!

"സൃഷ്ടിക്കു പ്രേരണയാകുന്നത് സംഭോഗമാണ്‌, സ്വയംഭോഗമല്ല "

Sunday, July 12, 2009

A സോഷ്യലിസ്റ്റ് കള്ളച്ചൂത് By ധൃതരാഷ്ട്രര്‍

" രാജാവേ, ഇത് അനീതിയാണ്‌." വിദുരര്‍ അലറി.

പക്ഷേ എന്ത് കാര്യം! ജന്മനാല്‍ അന്ധനാണ്‌. ഇപ്പോള്‍ പുത്രവാത്സല്യം തലക്കു പിടിച്ച് ഉള്‍ക്കണ്ണിന്റെ കാഴ്ചയും നഷ്ട്ടപെട്ടിരിക്കുന്നു. ധൃതരാഷ്ട്രരുടെ മുഖത്ത് ഭാവവ്യത്യാസമില്ല.

"പ്രഭോ, അവിടുന്നറിയുന്നില്ലേ? ഇവിടെ നടക്കുന്നത്‌ കള്ളച്ചൂതാണ്‌" വിദുരര്‍ ദയനീയമായി തുടര്‍ന്നു."ഈ കളിയുടെ അവസാനം ഒരു ദുരന്തമാകും . ആ ദുരന്തത്തില്‍ ഒലിച്ചു പോകുന്നത്‌ ഈ സാമ്രാജ്യം ആകും."

ധൃതരാഷ്ട്രര്‍ മൌനം വെടിഞ്ഞു. "പറയൂ വിദുരരേ, ആരാണിവിടെ കള്ളച്ചൂത്‌ കളിക്കുന്നത്?"

വിദുരര്‍ ശകുനിയുടെ നേരെ തിരിഞ്ഞു. "ദാ.. ഇവന്‍ തന്നെ.. ഗജഫ്രോഡ് ശകുനി"
ധൃതരാഷ്ട്രര്‍ ശകുനിയെ അടുത്തേക്ക്‌ വിളിച്ചു. ശകുനി ധൃതരാഷ്ട്രരുടെ ചെവിയില്‍ എന്തോ രഹസ്യം പറഞ്ഞു.

ധൃതരാഷ്ട്രര്‍ വിദുരരുടെ നേരെ തിരിഞ്ഞു. കാര്യം വിശദീകരിച്ചു.

"ലുക്ക് മിസ്റ്റര്‍ വിദുരര്‍ , ഇവിടെ നടക്കുന്നത് കള്ളച്ചൂതല്ല."

"വാട്ട്?!!" വിദുരര്‍ ഞെട്ടിപ്പോയി. "അപ്പോള്‍ ബ്രഹ്മാവ് നിയമിച്ച സി ബി ഐ യും ക്രൈം ബ്രാഞ്ചും വിജിലന്‍സുമൊക്കെ പറയുന്നത് കള്ളമാണെന്നാണോ അവിടുന്നു പറയുന്നത്‌?"

"ത്രിമൂര്‍ത്തികള്‍ക്ക് നമ്മോട് അസൂയയാണ്‌. ഒറ്റ പ്രസവത്തില്‍ നൂറ് പിള്ളേരെ പടച്ചു വിടാന്‍ കഴിവുള്ള വേറെ ആരുണ്ടിവിടെ?"

ഈ ചോദ്യം കേട്ട് ദുര്യോധനാദികള്‍ രാജാവിനു വേണ്ടി നിലവിളിച്ചു. സോറി.. മുദ്രാവാക്യം വിളിച്ചു.

ഇത് കേട്ട് ഗാന്ധാരി മനസ്സില്‍ വിചാരിച്ചു. 'ഓ..പിന്നേ.. പറയുന്ന കേട്ടാല്‍ തോന്നും നൂറെണ്ണം ഉണ്ടായത് ഈ മനുഷ്യന്റെ കഴിവു കൊണ്ടാണെന്ന്‌. സത്യം പറഞ്ഞാല്‍ എനിക്കു തന്നെ ചീത്ത പേരാകുമല്ലോ എന്നോര്‍ത്തിട്ടാ..അല്ലേല്‍ കാണാമായിരുന്നു. '

ധൃതരാഷ്ട്രര്‍ തുടര്‍ന്നു. " നമ്മുടെ ബന്ധുമിത്രാദികള്‍ എന്ത്‌ ചെയ്താലും അത്‌ തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കുന്നത്‌ നമ്മളാണ്‌. അല്ലാതെ ത്രിമൂര്‍ത്തികളും അവരുടെ ഏജന്‍സികളും കോടതികളുമല്ല"

വിദുരര്‍ മുഖ്യസഭാംഗത്തിന്റെ സീറ്റില്‍ വിഷണ്ണനായിരുന്നു.

ചൂതാട്ടം തുടരുകയാണ്‌. തോറ്റ്‌ തോറ്റ്‌ അവസാനം യുധിഷ്ഠിരന്‍ പാഞ്ചാലിയേയും പണയം വച്ചിരിക്കുന്നു. വസ്ത്രാക്ഷേപം തുടങ്ങുകയായി.

"ഡാഡീ...................."

എല്ലാരും അലര്‍ച്ച കേട്ട ഭാഗത്തേക്ക്‌ നോക്കി. വികര്‍ണ്ണന്‍ തല പൊക്കിയിരിക്കുന്നു. അസഹ്യതയോടെ ഇരുകരങ്ങളും കൂട്ടിതിരുമ്മികൊണ്ട് വികര്‍ണ്ണന്‍ ഉച്ചത്തില്‍ പറഞ്ഞു.

"ഡാഡി ഇതൊന്നും അറിയുന്നില്ലേ? ശകുനിയങ്കിള്‍ ഫൌള്‍ പ്ളേ നടത്തുന്നു. ദുശ്ശാസനേട്ടന്‍ പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യുന്നു. കര്‍ണ്ണന്‍ അത് ക്യാമറയില്‍ പകര്‍ത്തുന്നു."

ആരും അറിയുന്നില്ലെന്നു കരുതി 'പാഞ്ചാലി മൊളസ്റ്റേഷന്‍ ' വിഡിയോ ഷൂട്ട് ചെയ്യുവായിരുന്ന കര്‍ണ്ണന്‍ ക്യാമറ ഓഫ് ചെയ്ത് ബാഗിലേക്കിട്ടു.

"നായിന്റെ മോനേ.." ദുര്യോധനന്‍ വികര്‍ണ്ണനു നേരെ അലറി. "തലയിരിക്കുമ്പോള്‍ വാലാടണ്ടാ"

ഒരേ തന്തയ്ക്കു പിറന്ന ജ്യേഷ്ഠന്‍ തന്നെ നായിന്റെ മോനേ എന്നു വിളിച്ചതിലെ ലോജിക് മനസ്സിലാകാതെ വികര്‍ണ്ണന്‍ തനിക്കു കിട്ടിയ കസേരയില്‍ ഗുരുക്കന്മാരേയും ദാസന്മാരേയും ഓര്‍ത്തിരുന്നു. ധൃതരാഷ്ട്രര്‍ നായയാണോ? വികര്‍ണ്ണനു സംശയം മാറിയില്ല. അവന്‍ പിതാവിനു നേരെ നോക്കി. തല ആടുന്നത് കാണാം പക്ഷേ വാലെവിടെ?

പാഞ്ചാലി സ്കാന്‍ഡല്‍ കൂടെ ആയതോടെ വിദുരരുടെ ധര്‍മബോധം ആളിക്കത്തി.
"കള്ളക്കളി കളിച്ച് പാണ്ഡുവിന്റെ സന്തതികളെ പെരുവഴിയിലാക്കുന്ന ഈ ശകുനിയെ ഇവിടെ നിന്നാട്ടിയോടിക്കൂ. സര്‍വസംഹാരിയായ ഈ ദ്യൂതം ഇവിടെ അവസാനിപ്പിക്കൂ."

വിദുരര്‍ തരിച്ചു നിന്നു.

ഈ വയസ്സനെ ഇന്നു തന്നെ ശരിയാക്കണം. ധൃതരാഷ്ട്രര്‍ മനസ്സില്‍ കരുതി.

"ഇനഫ് മിസ്റ്റര്‍ വിദുരര്‍ ! ഒരു കാര്യം തന്നോട് ആദ്യമേ പറഞ്ഞതാണ്‌ . ഇവിടെ നടക്കുന്നത്‌ കള്ളച്ചൂതല്ല."

"ബട്ട് യുവര്‍ മജെസ്റ്റി.." വിദുരര്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും ധൃതരാഷ്ട്രരുടെ ശബ്ദം അതിനെ ഖണ്ഡിച്ചു.

"രണ്ടാമതായി ഈ ചൂതില്‍ നിന്നും ശകുനിക്കു വ്യക്തിപരമായ നേട്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല."

അതേ, എല്ലാം കൌരവരുടെ ഖജനാവിലേക്കാണ്‌ പോയത്. വിദുരര്‍ മനസ്സിലോര്‍ത്തു.

ധൃതരാഷ്ട്രര്‍ തുടര്‍ന്നു. "രാജസദസ്സില്‍ ഇതുപോലെ നൊണ്‍സെന്‍സ് പരയുന്ന താന്‍ ഇനി ഇങ്ങോട്ട് വരേണ്ട. സ്ത്രീകളുടെ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് കേന്ദ്ര അന്തപുര കമ്മിറ്റിയില്‍ കാലം കഴിച്ചാല്‍ മതി. ഇതാണ്‌ ശകുനിയെ കള്ളക്കളിക്കാരനെന്നു വിളിച്ചതിനുള്ള ശിക്ഷ"

തന്നെ അന്തപുര കമിറ്റിയില്‍ നിന്നു പിന്നെ തട്ടിക്കോളാമെടാ കോപ്പേ.ധൃതരാഷ്ട്രര്‍ മനസ്സില്‍ ചിരിച്ചു.

പക്ഷേ ഗാന്ധാരി ഇടപെട്ടു. "ഡാര്‍ലിങ്ങ്, വിദുരരോട് ഇനി മുതല്‍ രാജസ്സദസ്സിലേക്ക് വരേണ്ട എന്നു പറഞ്ഞത് ശരിയായില്ല. മുഖ്യസഭാംഗത്തിന്റെ കസേര അങ്ങേര്‍ കുറച്ച് കഷ്ട്ടപെട്ട് നേടിയെടുത്തതാണ്‌, നാണംകെട്ട്‌ നിലനിര്‍ത്തിയതാണ്‌."

ധൃതരാഷ്ട്രര്‍ക്ക് അത് ശരിയാണെന്നു തോന്നി. മുഖ്യസഭാംഗത്തിന്റെ കസേര നഷ്ട്ടപെട്ടാല്‍ ഒരുപക്ഷേ വിദുരര്‍ പാണ്ഡവരുടെ കൂടെ ചേരാനും സാധ്യതയുണ്ട്. ഒരു വെടിക്ക്‌ രണ്ട്‌ പക്ഷി! ധൃതരാഷ്ട്രര്‍ തലയാട്ടി.

"എന്നാല്‍ നമ്മുടെ സ്വീറ്റ്‌ ഹാര്‍ട്ട്‌ പറഞ്ഞ പോലെ ആകട്ടേ. വിദുരര്‍ മുഖ്യസഭാംഗത്തിന്റെ സീറ്റില്‍ ഇരുന്നോട്ടേ. പക്ഷേ ഒരു കണ്ടീഷന്‍ ...."

എല്ലാരും അതെന്താണെന്നറിയാന്‍ ധൃതരാഷ്ട്രരുടെ ചുണ്ടുകള്‍ക്കിടയിലേക്കു നോക്കി.

".... വിദുരര്‍ കസേരയില്‍ ഇരുന്നാല്‍ മതി. സദസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ കേള്‍ക്കുകയോ കേട്ട കാര്യങ്ങളെ കുറിച്ച് 'കമ' എന്നൊരക്ഷരം മിണ്ടിപ്പോകുകയോ ചെയ്യരുത്"

ഭലേ ഭേഷ്! കിടിലന്‍ !ഇന്‍ക്രഡിബിള്‍ ! ഫണ്ടാസ്റ്റിക് !
എല്ലാരും ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു.

ദുര്യോധനനും ശകുനിയും മുറുമുറുത്തു.
"പിടിച്ചു പുറത്താക്കാമായിരുന്നു കിഴവനെ"

വിദുരര്‍ പടിയിറങ്ങുമോ? ഞങ്ങളുടെ കൂടെ ചേര്‍ന്ന്‌ പുതിയൊരു രാജ്യം ഉണ്ടാക്കുമോ? പാണ്ഡവര്‍ സ്വപ്നം കണ്ടു.

എല്ലാരും വിദുരരെ നോക്കി.
ഒരു മൌനം മാത്രം!!!!
___________________________________________________________________________

വാല്‍കഷ്ണം: വര്‍ഷങ്ങള്‍ക്കു മുന്‍പ് ശകുനിക്ക് വേലക്കാരിയില്‍ കൈപ്പിഴ പറ്റി ഉണ്ടായ മകനാണ്‌ ബോബി. ബോബിയുടെ ഭാര്യയുടെ പേരാണ്‌ സൂസി. സൂസിയും ബോബിയും രണ്ടു ശരീരവും ഒരു ആത്മാവുമുള്ളവര്‍ എങ്കിലും ബോബിയുടെ അഭിപ്രായങ്ങള്‍ സൂസി ചുമ്മാ വീണ്ടും ചര്‍ച്ച ചെയ്യും . സൂസിയുടെ അമ്മായി അപ്പന്റെ കാര്യമാണേല്‍ പോലും!!

Friday, July 3, 2009

മൈക്കിള്‍ ജാക്സന്‍ മരിച്ചിട്ടില്ല

ഞെട്ടിയോ? എല്ലാരും ഞെട്ടിയില്ലേ? എന്നാല്‍ കേട്ടോ സംഗതി സത്യമാണ്. മൈക്കിള്‍ ജാക്സന്‍ മരിച്ചിട്ടില്ല. എന്റെ വീട്ടില്‍ തെങ്ങു കയറാന്‍ വരുന്ന ജാക്സന്‍ ചേട്ടന്റെ മോന്‍ മൈക്കിള്‍ അല്ല, സാക്ഷാല്‍ മൈക്കിള്‍ ജാക്സന്‍ . പാട്ടും പാടും ഡാന്‍സും ചെയ്യും. മരിച്ചു എന്നൊക്കെ പരയുന്നത് ആശാന്റെ ഒരോ നംബര്‍ അല്ലേ! ചുമ്മാ.. നമ്മുടെ നാട്ടില്‍ ഒരുപാട് കടം കയറിയാല്‍ ആളുകള്‍ എന്താ ചെയ്ക? ഒന്നുകില്‍ ആതമ്ഹത്യ ചെയ്യും , എന്നെ പോലെയുള്ള ഗജ ഫ്രോഡുകള്‍ സ്ഥലം കാലിയാക്കും. 500 മില്ല്യന്‍ ഡോളര്‍ കടമുള്ള ജാക്സന്‍ എന്തു ചെയ്യും? ഒരു സ്ഥലത്തും ഒളിച്ചു താമസിക്കാന്‍ പറ്റില്ല. എവിടെ ആണേലും ആരു കണ്ടാലും തിരിച്ചറിയുന്ന കോലമാണല്ലോ അങ്ങേരുടേത്‌.ആത്മഹത്യ ചെയ്യാനുള്ള ചങ്കുറപ്പുമില്ല. ഇനി ഇതു രണ്ടും കൂടെ ഒരുമിച്ചു സാധിക്കുന്ന ഒരു സ്കീം ഉണ്ട്‌. ചത്തു എന്നും പറഞ്ഞ് മുങ്ങി കളയുക. അങ്ങേര്‍ ഇപ്പോള്‍ അതാണ്‌ ചെയ്തിരിക്കുന്നത്‌. ആരേലും കണ്ടുവോ ജാക്സന്റെ മൃതദേഹം? ഇല്ലല്ലോ? അതാണ്‌ ഞാന്‍ പറയുന്നേ. ജാക്സന്‍ ഇപ്പോള്‍ ജൂലായില്‍ ലണ്ടനില്‍ വച്ചു നടക്കാന്‍ പോകുന്ന മ്യൂസിക്‌ കണ്‍സേര്‍ട്ടിനു വേണ്ടി പരിശീലിക്കുകയാണ്‌ . ആരാധകരെല്ലാം മരിച്ചു എന്നു വിശ്വസിച്ചിരിക്കുമ്പോള്‍ കഹോ നാ പ്യാര്‍ ഹേ യില്‍ ഹൃതിക് റോഷന്‍ വരുന്ന പോലെ സ്റ്റേജില്‍ പ്രത്യക്ഷപ്പെടും. ത്രില്ലര്‍ വീണ്ടും അരങ്ങേറും. അപ്പോളേക്കും ബാങ്കുകള്‍ എല്ലാ കടങ്ങളും എഴുതി തള്ളിയിട്ടുണ്ടാകും. ആ സമയത്ത് ജാക്സനെ കുടുക്കാന്‍ എഫ് ബി ഐ ക്കു പോലും സാധിക്കില്ല. കാരണം ജാക്സന്‍ ഇതു വരെ മരിച്ചതായി ജാക്സന്‍ സ്ഥിരീകരിച്ചിട്ടില്ലലോ!! അമേരിക്കയിലെ നിയമം അതിനുള്ള സാധുത ജാക്സനു നല്കുന്നുണ്ട്

ഹും... മതി മതി ..എല്ലാരും എണീറ്റ് പോയേ. അല്ല പിന്നെ, സ്വപ്നം കാണുന്നതിനും ഒരു പരിധിയൊക്കെ ഇല്ലേ ഇഷ്ട്ടാ?

Wednesday, June 24, 2009

കോക്കനട്ട് ഹണ്ടേര്‍സ്‌ - മലയാളികളുടെ സ്വന്തം IPL ടീം

അങ്ങിനെ കേരളത്തില്‍ നിന്നൊരു ഐ പി എല്‍ ടീം ജന്മം കൊള്ളാന്‍ പോകുന്നു. 'സിറ്റി ക്രിക്കറ്റേര്‍സ്' എന്നു പേരിട്ടിരിക്കുന്ന ടീമിന്റെ ഉടമസ്ഥര്‍ മറ്റാരുമല്ല. സാക്ഷാല്‍ മോഹന്‍ലാലും പ്രിയദര്‍ശനും തന്നെ. നമ്മുടെ സ്വന്തം കേന്ദ്രമന്ത്രി ശ്രീ ശശി തരൂരിനെ ടീമിന്റെ ചെയര്‍മാനാക്കിയിട്ടുണ്ട്‌. ഇനി പേടിക്കാനില്ല, മന്ദിര ബേഡിയെ ഇംഗ്ളീഷ് പറഞ്ഞ് ഞെട്ടിക്കാന്‍ ആളായി. എല്ലാ മലയാളികളും പേടിച്ചിരിക്കുന്ന ഒരു കാര്യം എങ്ങാനും ശ്രീശാന്ത് ടീമില്‍ ഉണ്ടാകുമോ എന്നാണ്‌. പൊന്നമ്മച്ചിയാണേ സത്യം! ചെക്കന്‍ ഇവിടെ കിടന്ന്‌ ചെകിടത്ത് അടി വാങ്ങിയാല്‍ ഞങ്ങള്‍ മലയാളികള്‍ കണ്ടു നിക്കില്ല കേട്ടാ, സത്യായും അടിച്ചവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും. ടീം കേരളത്തില്‍ നിന്നായതു കൊണ്ട് കോക്കനട്ട് ഹണ്ടേര്‍സ്‌ എന്നു പേരിടാമായിരുന്നു. ഒന്നുമില്ലേലും തോറ്റു മടങ്ങുമ്പോള്‍ കളിച്ചത് തേങ്ങാക്കൊല [കുല എന്നും പറയാം]കിട്ടാനായിരുന്നു എന്നു പറയാമല്ലോ!! ടീമിന്റെ മുതലാളി ആണേലും മോഹന്ലാലിനെ അംബാസിഡര്‍ ആക്കേണ്ട. സുരാജ് വെഞ്ഞാറമൂടിനെ ആക്കിയാല്‍ മതി. തള്ളേ, ചിരിച്ചു ചിരിച്ച്‌ ചാകും കേട്ടാ , ഒടുക്കത്ത കോമഡിയാ അണ്ണന്‍ . ചിയര്‍ ഗേള്‍സ്‌ കലാമണ്ഠലത്തില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ തന്നെയായിരിക്കണം . ടീം ജര്‍സി പിന്നെ പറയാനുണ്ടോ മുണ്ടും ഷര്‍ട്ടും തന്നെ! ഐ സി സി സമ്മതിച്ചാല്‍ തലയില്‍ ഒരു തോര്‍ത്തു മുണ്ടെടുത്ത്‌ ഒരു കെട്ടും ആകാം . ജര്‍സിയുടെ മുന്നില്‍ വിജയ്‌ മല്ല്യയുടെ കിങ്ങ് ഫിഷറിന്റെ പേരു വേണ്ട. കുമരകത്തെ ഏതേലും കള്ളു ഷാപ്പിന്റെ പേരു മതി. പിന്നെ ഷര്‍ട്ട് ചുവപ്പു നിറം ആകണം മുന്‍പില്‍ ഒരു കൈപ്പത്തി പുറകില്‍ ഒരു താമര. നമുക്കാരേയും പിണക്കാന്‍ പറ്റില്ല.
മോഹന്‍ലാല്‍ ഒരു നടനായതു കൊണ്ട് ഈ ടീം തങ്ങളുടെ കുടുംബ വകയാണെന്നും പറഞ്ഞ് നടന്‍മാരുടെ സംഘടന 'അമ്മ' രംഗത്തു വന്നു കഴിഞ്ഞു. എന്നാല്‍ പ്രിയദര്‍ശന്‍ സംവിധായകനായതു കൊണ്ട് ടീം തങ്ങളുടെ മുറ്റത്തു കളിച്ചു വളരേണ്ടവരാണേന്നു 'മാക്ടയും പുതിയ സംഘടനയും' ഒരു പോലെ പറയുന്നു. ഇവര്‍ രണ്ടുമല്ല, നിര്‍മാതാവായ ലാലിനു വേണ്ടി ചേംബര്‍ ഓഫ് കോമേര്‍സും രംഗത്തുണ്ട്. എന്നാണാവോ ഇനി എന്‍ .എസ് .എസ് അവകാശവാദം ഉന്നയിക്കുന്നത് ?!
ഇനി കളിക്കാരെ എങ്ങനെ തിരഞ്ഞെടുക്കുമെന്നു തീരുമാനിക്കാം. ലേലം ചെയ്യുന്നത് ഒരുതരം മൂരാച്ചി കുത്തക മുതലാളി ബൂര്‍ഷ്വാ നയമായതു കൊണ്ട്‌ പി എസ് സി വഴി നിയമനം നടത്തണമെന്നാണ്‌ കോറ്റതിയേക്കാള്‍ വലിയ പി ബിയുള്ള ഒരു പാര്‍ട്ടി പറഞ്ഞത്. ആദ്യം ഒരു എഴുത്തു പരീക്ഷ, പിന്നെ പാര്‍ട്ടി അനുഭാവികള്‍ക്കു വേണ്ടി ഒരു ഇന്റര്‍വ്യൂ. ഇതല്ല വേണ്ടത്, ന്യൂന പക്ഷങ്ങളേയും മതമേലധ്യക്ഷന്മാരേയും സുഖിപ്പിക്കുന്നതും തൃപ്തിപെടുത്തുന്നതുമായ ഒരു ടീമാണ്‍ നമുക്കു വേണ്ടത് എന്നാണ്‌ മറ്റൊരു പാര്‍ട്ടിയുടെ അഭ്പ്രായം. എന്തായാലും പറ്റിയാല്‍ ടീമില്‍ രണ്ടു ക്രിക്കറ്റ് കളിക്കാര്‍ക്ക് ഇടം നല്‍കണമെന്ന് കേരള രഞ്ജി ടീമംഗങ്ങള്‍ പ്രിയദര്‍ശനോടും ലാലിനോടും അഭ്യര്‍ത്ഥിച്ചു.

Tuesday, June 9, 2009

Fall Of The Mighty-Kangaaroos @ the Horizon








Well, it's strange and wonderful that something unusual took place in the world of Cricket on the same day I decided to blog on Cricket. Every superpower had ended one day, after it's long reign. Superpowers are meant to be dethroned. Sometimes, their end will be suicidal and sometimes they are overpowered by others. It is something that should be taken place because it is the law of nature. Dinosaurs were the emperors on the earth for a long time. The strong gigantic animals could not survive the climate change. Nepolian was formidable, still he was beaten by the British. And It was the turn of men like Gandhi to put an end to the British rule. Soviet union has perished. US is degrading. Yes!! it is universal and it is inevitable. The fall of the mighty!!

The men in yellow. Once, the invincible The Australian Cricket team is out of the ICC World T20 without a single win. It is something that the entire world was waiting for. It is something Australians afraid of. They were riding, NO!, flying on the wings of extraordinary talents like McGrath,Warne,Gilchrist and Hayden. Once their era is ended the sun started to touch the horizon. Teams like India and South Africa got better of Aussies. Now they are a bunch of players who can be easily beaten by all the test playing nations. They were chased by the Bagaladesis in the warm up match to make a score around 190. They don't have young talents now. The resource is minimum. It will take another 4-5 years for them to come back to their lost glory. Aussies might be thinking that they will make it big at the Ashes. But things are not looking good for them. Considering the form of England and watching Aussie players itself the task seems to be a Himalayan one! But we need them back to their glory, back to form, back on to victories!! For that we have to wait, may be a little longer one.