Featured Blogs

Blog Promotion By
INFUTION

Sunday, December 14, 2008

കാലന്റെ കാലൊടിഞ്ഞാല്‍


രാടാ ഫുട്ബോള്‍ കണ്ടുപിടിച്ചത്? അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ കാളവണ്ടി കയറ്റി കൊന്ന് കൊക്കയിലെറിയും. എന്തൊരു കഷ്ട്ടമാണിത് ഒരു പന്തും ഒരു പത്തിരുപത് ആളുകളും . ഇതിന്റെയൊക്കെ ഇടയില്‍ എന്റെ കാ‍ലും. എനിക്കു നല്ല വേദനയുണ്ട്. എന്തു കാര്യമുണ്ടായിട്ടാ? ആ തടിയന്‍ പന്തുമാ‍യി അങ്ങു പൊക്കോട്ടെ എന്നു വിചാരിച്ചാല്‍ മതിയായിരുന്നു. അവന്റെ പോക്കു കണ്ടപ്പോള്‍ ഭാര്യയെ പ്രസവത്തിനു കയറ്റിയ പോലെ ആയിരുന്നു. എന്നാല്‍ പിന്നെ പന്ത് എനിക്കു തന്നിട്ടു പോക്കൂടെ എന്നു കരുതി കാലു വച്ചതാ, എന്തൊക്കെയോ ശബ്ദം കേട്ടു. ആരോ കൈ തന്നിട്ടാ ഞാന്‍ നിലത്തു നിന്നെണീറ്റത്. മണ്ണ് തട്ടി കളഞ്ഞ് പകരം വീട്ടാന്‍ ഓടാന്‍ തുടങ്ങിയപ്പോളാ മനസ്സിലായേ കാലുളുക്കിയെന്ന്. ശരിക്കും നിക്കാന്‍ മേലാ. ഷര്‍ട്ട് മുഴുവന്‍ ചെളിയുമായി വീട്ടിലേക്കു വന്നപ്പോള്‍ അമ്മയുടെ വക എനിക്കില്ല്ലാത്ത ഭാര്യക്ക് ചീത്ത. നിന്റെ കെട്ടിയോള്‍ ഉണ്ടല്ലോ ഇവിടെ അലക്കിയിടാനെന്ന്‍. എന്റെ ഞൊണ്ടുന്ന കാലിലേക്കു നോക്കിയൊരു അനുശോചനമെങ്കിലും രേഖപ്പെടുത്തമ്മേ എന്ന് പറയണമെന്നുണ്ടായിരുന്നു. പിന്നെ അതും കാ‍ണിച്ചു കൊടുത്താല്‍ കാലൊടിഞ്ഞു കിടന്നാല്‍ നോക്കാന്‍ നിക്കാന്‍ അവളുണ്ടോ എന്നു ചോദിച്ചാലോ. വേണ്ട! എന്തിനാ എവിടെയെങ്കിലുമിരുന്ന് ആരുടെയെങ്കിലും പരദൂഷണം പറഞ്ഞു ജീവിക്കുന്ന ആ പാ‍വത്തിനെ ഇതിലേക്കു വലിച്ചിഴക്കുന്നേ. അവള്‍ക്കു ഫുട്ബോള്‍ എന്താണെന്നു കൂടെ അറിയുമോ ആവോ.

ഒരു ദിവസം മൊത്തം ഞാന്‍ വേദന സഹിച്ചു. പിറ്റെ ദിവസം എണീറ്റപ്പോള്‍ മനസ്സിലായി സംഗതി ഒരു നടക്കു പോകില്ല. ഡോക്റ്ററെ കണ്ടേ പറ്റു. അങ്ങിനെ നംബര്‍ ബുക്ക് ചെയ്ത് വൈകീട്ട് ഇറങ്ങി. അവതാരപിറവികളുടെ മുഴുവന്‍ രൂപവും ആവാഹിച്ച ആ രക്ഷകനെ കാണാന്‍. എന്നെ താങ്ങി കൊണ്ടുവാന്‍ എന്റെ അമ്മയിയുടെ മകനേയും കിട്ടി.

ഡോക്റ്ററുടെ വീട്ടിലേക്കു റോഡ് ഒന്നു ക്രോസ്സ് ചെയ്യണം. നമ്മുടെ അമ്മായിയുടെ മകനെന്നു പറയുന്ന സഹായി ആദ്യം കടന്നു. എന്നിട്ടു എന്നോടു ആംഗ്യം കാണിച്ചു കടക്കാന്‍. ബെസ്റ്റ്! ഇതില്പരം എന്തു സന്തോഷമാ കാലുളുക്കി നടക്കാന്‍ മേലാത്തവനു വേണ്ടേ. നല്ല തിരക്കുള്ള റോഡ് മുറിച്കു കടക്കുക. ഇതിനു മാത്രം എന്തു പുണ്യമാ ഞാന്‍ ചെയ്തേ? ആ പഹയന്റെ തല്ലക്കടിച്ച് എന്നെ താങ്ങി കൊണ്ടു പോകെടോ എന്നു പറയണമെന്നുണ്ടായിരുന്നു. അപ്പുറത്ത് ക്രോസ് ചെയ്യുന്ന +2കാരി പെങ്കുട്ടികളോടു സഹായം ചോദിച്ചാലോ? ഒരു വെടിക്കു രണ്ട് പക്ഷി. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ. അല്ലേല്‍ വേണ്ട. ഇപ്പോല്‍ തന്നെ മൊത്തം പരുക്കുകളാ. അന്നു സമരത്തിന്റെ അന്നുണ്ടായത് ഓര്‍മയുണ്ടല്ലോ. എന്നോടെന്റെ ഉള്ളിലിരുന്നു ആരോ പറഞ്ഞു. ആ സംഭവം ഇപ്പം പറയാന്‍ വയ്യ. ഒരു വായ് നോക്കിയുടെ ജീവിതത്തിലെ ഒരു ഏട് മാത്രം! അങ്ങിനെ കണ്ടാല്‍ മതി.

ഡോക്റ്റരുടെ റൂമിനു പുറത്ത് നല്ല തിരക്ക്. എന്റെ നംബര്‍ 17 ആണ്. ഇപ്പോള്‍ 2 ആയത്രേ. ഹാവൂ! സംത്രുപ്തിയായി. ഇനി ഇവിടെ നിന്നു അത്താഴവും കഴിച്ചിട്ടു പോകാം. ഡൊക്റ്റര്‍ നിര്‍ബന്ധിക്കുമോ ആവോ. ഇല്ലേലും നമ്മള്‍ നമ്മുടെ മര്യാദ കാണിക്കണം. ചുറ്റും ഇരിക്കാന്‍ 10 കസേരയുണ്ട്. പത്തിലും ആളുണ്ട്. ഒരു താത്കാലിക വികലാംഗനെ കണ്ടിട്ട് ഒരാളും എണീറ്റു തന്നില്ല. ഞാന്‍ എത്രയാള്‍ക്കു ബസ്സില്‍ എണീറ്റ് നിന്നു സീറ്റ് കൊടുത്തിട്ടുള്ളതാ. എനിക്കൊരാവശ്യം വന്നപ്പോള്‍ ഒരു പട്ടിയും തന്നില്ല. ക്ഷമിക്കണം പട്ടി എന്ന വാക്ക് ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു, അതൊക്കെ വല്ല്യ പ്രശ്നമാകും. കൊടുത്താല്‍ കൊല്ലത്തു കിട്ടുമെന്നൊക്കെ പറയുന്നതു ചുമ്മാതാ. അല്ല, ഇതിപ്പോ സത്യത്തില്‍ എന്റെ തെറ്റല്ലേ? സീറ്റ് കിട്ടണമായിരുന്നേല്‍ ഡൊക്റ്ററെ കാണാന്‍ ഞാന്‍ കൊല്ലത്ത് പോകേണ്ടതായിരുന്നില്ലേ. എന്റെ മുന്നില്‍ ഒരു ചേട്ടനും ചേച്ചിയും അടുത്തിരുന്ന് ഒരുപാട് സ്വകാര്യം പറഞ്ഞു ചിരിക്കുന്നുണ്ടായീരുന്നു. ചേച്ചി കാണാന്‍ കൊള്ളാം. അയ്യോ! ചേട്ടനെ ഓരമയില്ലാട്ടോ. എന്നാലും ആ ചേട്ടനു ഒന്നു എണീറ്റു തരാമായിരുന്നില്ലേ? ചേച്ചിക്കു വേണേല്‍ എന്നോട് സ്വകാര്യം പറഞ്ഞൂടെ? അവസാനം ഞാന്‍ പുറത്ത് മതിലില്‍ പോയിരുന്നു.

അങ്ങിനെ ആ മനുഷ്യന്റെ മുന്നില്‍ പതിനേഴാമതായി ഞാന്‍ എത്തി. എന്തൊരു ഡൊക്റ്റര്‍! കാണാന്‍ കൊള്ളാവുന്ന ഒരു നര്‍സ് പോലുമില്ല അടുത്ത്. ഇതാ പറയുന്നേ ഡൊക്റ്ററെ കാണാന്‍ നര്‍സിങ്ങ് സ്കൂളുള്ള ആശുപത്രിയില്‍ പോകണമെന്ന്. ആ വെളുത്ത കുപ്പായക്കരെ കണ്ടാല്‍ മതി പകുതി രോഗം മാറും.

“ഗുഡ് ഈവനിങ്ങ് ഡൊക്റ്റര്‍“
“എന്തു പറ്റി”
“ഫൂട്ബോള്‍ കളിച്ചതാ, കാലുളുക്കി”
അങ്ങേരൊരു കട്ടില്‍ കാണിച്ച് തന്നിട്ട് പറഞ്ഞു.“അവിടെ കയറി കിടക്ക്”
ഞാന്‍ എന്റെ പരിപാവനമായ ശരീരം കയറ്റി അവിടെ കിടപ്പായി. നല്ല ആശ്വാസം തോന്നി.
“ഏതു കാലിലാ വേദന”
“ഇടത്തേ കാലില്‍. മുട്ടിലാ കൂടുതല്‍ വേദന”
അങ്ങേര്‍ എന്റെ കാലെടുത്തു പിടിച്ചു. എന്റെവരെ കാലു പിടിക്കേണ്ടി വന്ന അങ്ങേരുടെ ഗതികേടിനെ കുറിച്ചോര്‍ത്തപ്പോള്‍ എനിക്കു സഹതാപം തോന്നി. പക്ഷേ അങ്ങേരുടെ ആക്രമണം ഉടനെയായിരുന്നു. എന്റെ കാല്‍ അങ്ങൊട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ചു തിരിച്ചു. എന്നിട്ടു ചോദിക്കും.
“ഇപ്പോ വേദനയുണ്ടോ?”
“ആ..ഈ..ഓ..ര്‍.. ഉവ്വ!”
എനിക്ക് ആകെ കണ്‍ഫൂഷനായി. ദൈവമേ, ഇയാള്‍ക്കെന്താ എന്നോടിത്ര ദേഷ്യം? ഇനി എങ്ങാനും ഇയാളുടെ മോളാണൊ രേഷ്മ? അവള്‍ക്കു ഞാന്‍ പണ്ട് നരസിംഹത്തിലെ അവസാന ഡയലോഗ് മുഴുവന്‍ പ്രേമലേഖനമായി എഴുതി കൊടുത്തിരുന്നു. ‘തുലാവര്‍ഷരാത്രിയില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാം...’ എന്നൊക്കെ. ഇങ്ങേര്‍ക്കാണോ കത്തു കിട്ടിയത്? അതോ ഇനി മീരയുടെ ചേട്ടനാണോ? അവളുടെ ഒരു ചേട്ടന്‍ ഡോക്റ്ററാണെന്നു കേട്ടിട്ടുണ്ട്. എന്നാലും എല്ലിന്റെ ഡോക്റ്ററാണെന്നു അറിയില്ലായിരുന്നു. എന്നാലും ഈ പെണ്‍പിള്ളെരെന്താ ഇങ്ങനെ? എന്തുണ്ടായാലും വീട്ടില്‍ പോയി പറയും.

“ നീയെന്താ ചെയ്യുന്നെ?”
“എഞ്ചിനീയരിങ്ങ് കഴിഞ്ഞു”
“പ്ലേസ്മെന്റായില്ലേ”
“ഉവ്വ ഒരു ഐ ടി കമ്പനിയില്‍”
“എത്രയാ ഓഫര്‍?”
“ത്രീ ലാക് ആന്വല്ലി”
“ഇത് ശരിയാവില്ല”
എന്ത്?! ഞാന്‍ എന്നും ഞൊണ്ടി നടക്കേണ്ടി വരുമെന്നാണോ പറയുന്നേ? എനിക്കു മരിച്ചാല്‍ മതി. ഫുട്ബോള്‍ കളിക്കേണ്ടായിരുന്നു. എന്നാലും...ഞാന്‍..എന്തൊരു വിധി!
“ഞാന്‍ ഇത്ര കൊല്ലമായി ഗവണ്മെന്റ് സര്‍വിസില്‍. എനിക്കില്ലല്ലോ ഇത്ര ശമ്പളം”
ഓ. അതാണോ! ഞാന്‍ വിചാരിച്ചു എന്റെ കാലാകുമെന്ന്. ഞാന്‍ ചിരിച്ചു.
“എന്താടാ ശരിയല്ലേ?.”
“പക്ഷേ, ഞങ്ങള്‍‍ക്കിതു പോലെ വീട്ടിലിരുന്നു കാശ് ഉണ്ടാക്കാന്‍ പറ്റില്ലല്ലോ”
അത് അങ്ങേര്‍ക്കത്ര പിടിച്ചില്ല. അങ്ങേരുടെ മുഖം കണ്ടപ്പോള്‍ എന്റെ മറ്റേ കാലും തല്ലിയൊടിക്കുമെന്നു തോന്നി.
“നിന്റെ കാലു ഫുട്ബോള്‍ കളിച്ചിട്ട് ഉളുക്കിയതു തന്നെയാണോടാ? എന്തായാലും വല്ല്ല്യ കുഴപ്പമൊന്നുമില്ല. 5 ദിവസം റെസ്റ്റ് എടുക്ക്. ശരിയാകും” മരുന്നിന്റെ സ്ലിപ്പ് എനിക്കു തന്നു. ഞാന്‍ ഒരു 100 ഇന്റെ നോട്ടെടുത്ത് അങ്ങേര്‍ക്കു കൊറ്റുത്തു. എന്നെ പീഡിപ്പിച്ചതിന്റെ പ്രതിഫലം.
“ഡോക്റ്ററെ, ഭക്ഷണത്തിന്റെ കാര്യം?”
“കാലുളുക്കിയതിനു എന്തു ഭക്ഷണം.സാധാരണ പോലെ പൊക്കോ”
ഹാവൂ! സമാധാനമായി. അല്ലേല്‍ ഏതു ഡൊക്റ്ററെ കാണാന്‍ പോയാലും അവസാനം പറയും ഒരാ‍ഴ്ചക്കു ഇറച്ചിയും മീനും കഴിക്കേണ്ട എന്ന്. നെഞ്ചില്‍ കനല്‍ കോരിയിടുന്ന പോലെയാ അപ്പോള്‍. ഇതിപ്പോള്‍ റെസ്റ്റ് മാത്രം. ആരേലും ആപ്പിളും മുന്തിരിയുമായി കാണാന്‍ വരുമായിരിക്കും. വീട്ടിലെ പണിയൊന്നും എടുക്കുകയും വേണ്ട.

തിരി‍കെ പോന്നു. മരുന്നു വാങ്ങാന്‍ മെഡികല്‍ ഷോപ്പ് തപ്പി നടക്കുന്നതിനിടയില്‍ ഒരു അലപലാതി സുഹ്രുത്തിനെ കണ്ടുമുട്ടി. എന്റെ കാലിനെ നോക്കി ആര്‍ക്കിമിഡീസിനെ പോലെ അവനൊരു ഒടുക്കത്ത കണ്ടു പിടിത്തം നടത്തി
“എന്തു പറ്റി അളിയാ കാലിന്”
“ഒന്നു കളിച്ചതാടേ”
“നിന്റെ ബ്ലോഗ് വായിച്ച ആരേലും പണി തന്നതാകുമല്ലേ”
അവന്റെ അച്ഛനും കൊച്ഛച്ചനും അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഞാന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അല്ല പിന്നെ, ഒരുമാതിരി ശവത്തില്‍ കുത്തുന്ന ഡയലോഗ്.

NB:എന്റെ കാലിനു അനുശോചങ്ങളും ആദരാഞ്ജലികളും കമന്റിട്ടാല്‍ മതി. സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ എനിക്കു മെയില്‍ ചെയ്യുക. അക്കൌണ്ട് നംബര്‍ അയച്ചു തരാം.ആരേയും നിരാശപ്പെടുത്തുന്നതല്ല. പഴങ്ങള്‍ പാര്‍സല്‍ ചെയ്യാനുള്ള വിലാസവവും തരുന്നതാണ്.
എന്ന്,
വേദനിക്കുന്ന കാലുമായി
ഗോപിക്കുട്ടന്‍.

8 കമന്റടികള്‍:

കാലോടിഞ്ഞില്ലല്ലോ..ഭാഗ്യം..
ആ ഡോക്ടര് മറ്റേ രേഷ്മേടെ അച്ഛന്‍ തന്നെ !
ന്നാലും,"നരസിംഹ"ത്തിലെ ഡയലോഗ് തന്നെ എഴുതി, പ്രേമലേഖനം കൊടുത്തല്ലോ..ഭയങ്കരന്‍!
കാലിന്റെ വേദന വേഗം ഭേദാവട്ടെ

hahahahahahahaha....hahahaha...hahaha....hahahaha...ahah.hahah.ayyyyo hahaha, ahahahahah

hahahahahahahaha....hahahaha...hahaha....hahahaha...ahah.hahah.ayyyyo hahaha, ahahahahah

എടാ കാലമാടാ.. അപ്പൊ നീയാണല്ലെ
രേഷ്മക്ക് എഴുത്ത് കൊടുത്തത്.
നിന്റെ മറ്റെ കാലും ഞാൻ ഒടിക്കും.

ഗോപിക്കുട്ടാ, ഒന്നു വീണെങ്കിലെന്ത്! പോസ്റ്റ് കലക്കി. ഞാൻ ബ്ലോഗിലെ വീഴ്ചക്കാരുടെ എണ്ണമെടുക്കുന്നുണ്ട്. ഉൽഘാടനം ചെയ്ത ആളുടെ പേരു മറന്നു. രണ്ടാമതു ഞാനും [അതോ ഞാനാണോ ഉൽഘാടനം?!!] മൂന്നാമതു സാൻഡ്സും. ദാ ഇപ്പൊ ഗോപിക്കുട്ടനും. എന്തായാലും എന്നെയും സാൻഡ്സിനേയും പോലെ ഓപ്പറേഷൻ തീയറ്റർ കാണേണ്ടി വന്നില്ലല്ലൊ. ഭാഗ്യം തന്നെ. പിന്നെ പത്ത്യമൊക്കെ പ്രത്യേകം നോക്കണേ

കാലനു(സോറി കാലിനു) ഇപ്പോള്‍ എങ്ങനെയുണ്ട്?
:)

സ്മിതേച്ചി,ലക്ഷ്മ്യേച്ചി,
എന്റെ കാല്‍ ഒരു വിധം ശരിയായി. ഇപ്പോള്‍ വീണ്ടും കളിക്കാന്‍ പോയി തുടങ്ങി. പക്ഷേ ഇന്നലെ ഒരു വീഴ്ച്ച കൂറ്റെ കിട്ടി കൈമുട്ടു പൊട്ടി.

മോനൂസേ,
അരുത്, അരുത്... അത് ആണ്‍പിള്ളേര്‍ പറഞ്ഞു വച്ചിട്ടുണ്ട്. :-p

അരുണേട്ടാ,
കാലന്‍ കല്യാണത്തിനു തയ്യാറെടുക്കുന്നു. എന്റെ കാലു സുഖായി വരുന്നു. കളി വീണ്ടും തുടങ്ങി. ഇന്നലെ ഒരുത്തന്‍ എന്നെ വീഴ്ത്തി ഇന്നു അവന്റെ നെഞ്ചത്തേക്കു ബോള്‍ കൊണ്ട് നിറയൊഴിക്കണം.