എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. .

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം

. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്

ഞരമ്പുരോഗി കഥയെഴുതുകയാണ്‌

"കുട്ടുമോനേ, ഇന്ദുവിനെ ലൈന്‍ ആക്കി എന്നു കേട്ടല്ലോ?" "ലൈനോ? അങ്ങിനെ പറഞ്ഞാല്‍ എന്താ?" അമ്മയുടെ ഉണ്ണിയായ ഞാന്‍ എന്റെ നിഷ്ക്കളങ്കത കൊണ്ട് ചോദിച്ചു പോയി. "നിന്റെ അമ്മയോട് പോയി ചോദിക്ക്" അവള്‍ എളുപ്പ വഴി പറഞ്ഞു തന്നു.

വില്‍പ്പനക്കുണ്ടൊരു ജീവിതം

വിവാഹം സ്വര്‍ഗത്തില്‍ വച്ചു നടക്കുന്നു“ ആരാണ് പറഞ്ഞതെന്നു അറിയില്ല. എന്തായാലും കേട്ടു മടുത്ത കാര്യമാണ്. ഒരുപക്ഷേ, വിവാഹം നടക്കുന്നത് സ്വര്‍ഗത്തിലായിരിക്കാം, പക്ഷേ ജീവിക്കുന്നത് സ്വര്‍ഗത്തിലാണോ?. എന്തായാലും വിവാഹം തീരുമാനിക്കുന്നത് സ്വര്‍ഗത്തിലിരിക്കുന്നവരല്ല. അതെനിക്കുറപ്പ്. പെണ്ണിന്റേയും ചെക്കന്റേയും അച്ഛനമ്മമാരും ബന്ധുക്കളും ദേവന്മാരല്ലല്ലോ!!

സാറിനെ നടത്തിയ ശിഷ്യന്‍ അഥവാ ശിഷ്യനെ നടത്തിയ സാര്‍

സ്ത്രീകളെ കുറിച്ച് പുരുഷന്മാര്‍ക്കറിയാത്ത ഒരു നിഗൂഢരഹസ്സ്യം ഉണ്ട്. ആ രഹസ്സ്യം മനസ്സിലാക്കിയാല്‍ പുരുഷനു പിന്നെ സ്ത്രീസുഖം ഉണ്ടാകില്ല.” ഈ കണ്ടെത്തല്‍ എന്റേതല്ല. എന്നെ നാലാം സെമെസ്റ്റെറില്‍ Environmental studies പഠിപ്പിച്ച പ്രവീണ്‍ സാറിന്റേതാണ്

Featured Blogs

Blog Promotion By
INFUTION

Tuesday, February 17, 2009

കുട്ടൂസനും ഡാകിനിമാരും


DisClaimer

കുട്ടുമോനെ നിങ്ങള്‍ക്കെല്ലാം അറിയാം. അതേ, എന്റെ പ്രിയപ്പെട്ട സുഹ്രുത്തും നാണം, മാനം എന്നീ ഗുണങ്ങളുടെ അര്‍ത്ഥം പോലും അറിയാത്ത ഒരു പരമ ബോറന്‍. ഇന്ന് ഈ വാലന്റൈന്‍സ് ദിനത്തില്‍ അവന്റെ പ്രണയകഥകള്‍ പറയേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു. പ്രണയം എന്ന വാക്കിന്റെ അര്‍ത്ഥം കളഞ്ഞുകുളിക്കുമെന്നതിനാല്‍ ഇതിനെ ‘കുട്ടുമോന്റെ ഞരമ്പുരോഗ കഥകള്‍’ എന്നും പറയാം. ഈ കഥകള്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ എന്നെ ബ്ലോഗ്ഗിങ്ങ് ലോകത്തില്‍ നിന്ന് വിലക്കരുത്. റേഷന്‍ വെട്ടികുറക്കരുത്, കണ്ടാല്‍ കല്ലെറിയരുത്. പട്ടിയെ വിട്ട് കടിപ്പിക്കരുത് കാരണം ഇതെല്ലാം മുഷിഞ്ഞുനാറിയ കഥകളാണ്. എങ്കിലും അവനോടുള്ള വാക്കിന്റെ പേരില്‍ ഞാനിതെല്ലാം പറയുന്നു. എല്ല്ലാരും എന്നോട് പൊറുക്കുക.

കഥയിലേക്ക്,

കണ്ടാല്‍ വയറുചാടി , ഇടം തോള്‍ വലത്തോട്ട് ചെരിച്ച് മോഹന്‍ലാലിലെ പോലെ നടക്കും. സ്വയം ഒരു സുന്ദരനാണെന്നൊരു തോന്നല്‍ ഉണ്ട്. അത് സഹിക്കാം. പക്ഷെ താന്‍ വലിയൊരു കൊമേഡിയന്‍ ആണെന്ന തോന്നലാണ് നമ്മള്‍ക്ക് ഭീഷണിയാകുന്നത്. പഴയ കുറേ ഹോളിവുഡ് സിനിമകള്‍ കണ്ട് അതിലെ തമാശകള്‍ കാണാതെ പഠിച്ച് വഴിയില്‍ കിടന്ന് കിട്ടിയ കുറേ ഗേള്‍ ഫ്രണ്ട്സിനു എസ് ടി ഡി വിളിച്ച് പറഞ്ഞ് കൊടുക്കലാണ് ഇഷ്ട്ടന്റെ ഇപ്പോഴത്തെ പ്രധാന വിനോദം. കുട്ടുമോന്‍ ഒരുപാട് പെണ്‍കുട്ടികളെ പ്രേമിച്ചിട്ടുണ്ട്. അവരെല്ലാം ഇന്ന്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ കൂടെയോ കാമുകരുടെ കൂടെയോ സുഖായി ജീവിക്കുന്നു. എന്നാലും ആ കഥകളും കുട്ടുമോന്റെ ഇന്നത്തെ അവസ്ഥയും കണ്ടാല്‍ നമുക്ക് ഓര്‍മ വരിക ദേവദാസിനെ അല്ല. ഒരു നായയെ ആണ്. ഏതാണ് ആ നായ എന്നോ? കേട്ടിട്ടില്ലേ? എന്നാല്‍ പറയാം. ഒരിടത്തൊരിടത്ത് ഒരു പ്രശസ്തനായ ഒരു നായ ഉണ്ടായിരുന്നു. ആ നായയുടെ വാല്‍ ‍എത്രകാലം കുഴലിലിട്ടാലും നിവരില്ല!
കുട്ടുമോന്‍ അഥവാ ഇംഗ്ലീഷില്‍ കുട്ടൂസന്റെ നായികമാരുടെ കഥകള്‍ അക്കമിട്ട് നിരത്തിയാലോ എന്നാലോചിക്കുവാ... എന്നാല്‍ അങ്ങിനെ തന്നെയാകാമല്ലേ? ഒന്നുകൂടി പറയട്ടേ, വേറെ ഒരു പണിയുമില്ലേല്‍ മാത്രം മുന്നോട്ട് പോകുക.


കുട്ടുമോന്‍ +2 നു ചേര്‍ന്നതു തന്നെ അവന്റെ ഞരമ്പുരോഗത്തിനു ഒരു ചികിത്സകിട്ടുമെന്ന പ്രതീക്ഷയിലാണ്. അതിനാദ്യം അവന്‍ കണ്ടുപിടിച്ചത് ഇരട്ടപെറ്റതെന്നു നമ്മള്‍ക്കു തോന്നിക്കുന്ന എന്നാല്‍ രണ്ടമ്മകള്‍ക്ക് ജനിച്ച രണ്ടു കൂട്ടുകാരികളെ ആയിരുന്നു. പങ്കജാക്ഷിയും ദാക്ഷായണിയും. പങ്കജാക്ഷിയോടായിരുന്നു കുട്ടുമോനു താത്പര്യം. പക്ഷേ ദാക്ഷായണി അല്‍പ്പം തടിച്ച ശരീരമുള്ള ആളായിരുന്നുതുകൊണ്ട് കാഴ്ചയില്‍ കുട്ടുമോനു കൂടുതല്‍ ചേര്‍ച്ച അവളായിരുന്നു. അതുകൊണ്ട് തന്നെ കുട്ടുമോനെ കുറിച്ച് ഇറങ്ങിയ ഗോസിപ്പുകളിലെ നായിക ദാക്ഷായണിയായിരുന്നു. ഇത് കുട്ടുമോന്റെ പിഞ്ചു ഹ്രുദയത്തെ അസ്വസ്ഥമാക്കി. “എന്തോന്നാടേ ഇത്? ഇവന്മാര്‍ക്കൊക്കെ സത്യസന്ധമായി ഗോസിപ് ഇറക്കി കൂടെ?” കുട്ടുമോന്‍ വിതുമ്പി. കുട്ടുമോന്‍ പങ്കജാക്ഷിയെ വളക്കാന്‍ പലതും ചെയ്തു. ഒരു ക്ലാസ്സില്‍ അവളുടെ കണ്ണില്‍ മാത്രം നോക്കിയിരിക്കാന്‍ ശ്രമിച്ചു. അവളെ നായികയാക്കി ഒരു നാടകമെഴുതി അവളെകൊണ്ട് അഭിനയിപ്പിച്ച് അതില്‍ സ്വയം നായകന്റെ വേഷം അണിയാന്‍ വരെ ശ്രമിച്ചു.അവള്‍ സമ്മതിച്ചില്ല. എന്തിന്? അധ്യാപക ദിനത്തില്‍ റ്റീച്ചര്‍മാര്‍ക്ക് സമ്മാനിക്കാന്‍ കൊണ്ട് വന്ന പൂക്കളില്‍ ആരും കാണാതെ ചുംബനങ്ങള്‍ കുത്തി നിറച്ച് അവള്‍ക്കു കൊണ്ട് കൊടുത്തു. എന്നിട്ടും അവള്‍ തിരിഞ്ഞ് നോക്കിയില്ല. അവസാനം കാര്യങ്ങളെല്ലാം ഒരു വഴിക്കാക്കാന്‍ ഞാനും കുഞ്ഞുണ്ണിയും വേണ്ടി വന്നു.
ഞാന്‍ കുട്ടുമോനോട് പറഞ്ഞു. “എടാ, നിന്റെ രണ്ട് പ്രിയപ്പെട്ട്ക്ക സുഹ്രുത്തുക്കള്‍ നിനക്ക് ഞരമ്പ് രോഗമാണെന്ന് അപ്പുറത്തെ ക്ലാസ്സില്‍ പോയി പറഞ്ഞു”.
ആ രണ്ട് സുഹ്രുത്തുക്കള്‍ ഞാനും കുഞ്ഞുണ്ണിയുമാണെന്ന സത്യം മാന‍സ്സിലാക്കാതെ കുട്ടുമോന്‍ അലറി.
“എന്നാല്‍ രണ്ടിനുമുള്ളത് ഞാന്‍ കൊടുക്കാം. നാളെയാകട്ടേ”
പിറ്റേ ദിവസം കുട്ടുമോന്‍ എഴുതി തയ്യാറാക്കിയ ഡയലോഗുകള്‍ കാണാതെ പഠിച്ച് വന്നു. ദാക്ഷായണിയുറ്റേയും പങ്കജാക്ഷിയുടേയും അടുത്ത് പോയി കാച്ചി.
“സാസ്കാരിക പൈത്രുകത്തിന്റെ അധപതനമാണ് ഞാന്‍ നിങ്ങളുടെ വാക്കുകളില്‍ കാണുന്നത്. ഞരമ്പ് രോഗം നിന്റെയൊക്കെ കുടുംബത്തിരിക്കുന്നവര്‍ക്ക്”
ഒന്നും മനസ്സിലാകാതെ അവര്‍ രണ്ടാളും ഞെട്ടിത്തരിച്ച് നിന്നു.
പിന്നീട് ഞാന്‍ കുട്ടുമോന്റെയടുത്ത് സത്യങ്ങള്‍ പറഞ്ഞപ്പോള്‍ കുട്ടുമോന്‍ അവരുടെ രണ്ടുപേരുടേയും അടുത്ത് ചെന്ന് മാപ്പ് പറഞ്ഞു.
“പങ്കജാക്ഷി, സോറി.എല്ലാം എന്റെ തെറ്റിദ്ധാരണയായിരുന്നു. ഒരു തെണ്ടി എന്നെ പറ്റിച്ചതാണ്. നീ ക്ഷമിക്ക്”
അവന്‍ പങ്കജാക്ഷിയെ നോക്കി. എന്നിട്ട് തുടര്‍ന്നു.
“ശ്രീരാമന്‍ പോലും സീതയെ സംശയിച്ചിട്ടില്ലേ?”
ഇതിനു വളരെ റൊമാന്റിക് ആയി പങ്കജാക്ഷി മറുപടി പറഞ്ഞു.
“പ് ഫ!! ചൂലേ!”


സ്വജാതിയില്‍ നിന്നും പ്രേമിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത പോലെയാണ് കുട്ടുമോന്‍ എന്ന കള്ള നസ്രാണിയുടെ പ്രവര്‍ത്തികള്‍. കാണാന്‍ ഐശ്വര്യം ഉണ്ടെന്നും പറഞ്ഞു ഹിന്ദു പെണ്‍കുട്ടികളെമാത്രം നോക്കുന്ന പതിവ് പക്ഷേ അവന്‍ പങ്കജാക്ഷിപ്രണയം എന്ന ദുരന്ത കഥയോടു കൂടി അവസാനിപ്പിച്ചു. പിന്നീട് മുസ്ലിം സമുദായമാണ് നല്ലതെന്ന തിരിച്ചറിവുണ്ടായി. പാത്തുമ്മ, ആമിന എന്നീ രണ്ടു കുട്ടികളെ കാണുമ്പോളായി കുട്ടുമോന്റെ ഞരമ്പുകള്‍ പഴയ അസുഖം കാണിക്കാന്‍ തുടങ്ങിയത്. അതുപക്ഷേ നേരിട്ട് മുട്ടാനുള്ള ധൈര്യം കുട്ടുമോനില്ലായിരുന്നു. മുസ്ലിം പെണ്‍കുട്ടികളെ കെട്ടണമെങ്കില്‍ പൊന്നാനിയില്‍ പോയി ചില കൈക്രിയകള്‍ വേണ്ടി വരുമെന്ന ഭയമാണോ കാരണമെന്നറിയില്ല. എങ്കിലും ഒരിക്കല്‍ ലോകത്തിലെ ഏറ്റവും നാറിയ നമ്പറുമായി കുട്ടുമോന്‍ ആമുവിനെ ഒന്നു മുട്ടി.
ഒരു ഉച്ച നേരം. കുട്ടുമോനു കടുത്ത ദാഹം. ക്ലാസ്സില്‍ ഒരുപാട് പേരുടെ കയ്യില്‍ വെള്ളമുണ്ടേലും അപ്പുറത്തെ സൈഡിലിരിക്കുന്ന ആമുവിനോട് വെള്ളം ചോദിച്ചു അവന്‍. അവളുടെ കുപ്പിയില്‍ നിന്നും വെള്ളം വാങ്ങി കുടിച്ചശേഷം ഒരു പരതറ കമന്റും പറഞ്ഞു.
“ഹായ്! നല്ല നെയ് ചോറിന്റെ രസം.”

Saturday, February 14, 2009

ഒരാശംസ കയ്യിലുണ്ട്..വേണേല്‍ തരാം.



1000 എസ് എം എസ് തരാമെന്നും പറഞ്ഞ് എന്നെ പറ്റിച്ച എയര്‍ടെല്‍ കാര്‍ക്ക് എന്റെ ക്രുതജ്ഞത രേഖപ്പെടുത്തികൊണ്ട്,
രണ്ടാം ശനി കേതുവിന്റെ ഇടനാഴികളില്‍ വന്ന് തലയിട്ടു നോക്കിയ കാരണം കോളേജ് അവധിയായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സഹതപിച്ചു കൊണ്ട്,
ലാലു-വേലു-ലാലു ട്രെയിന്‍ നിര്‍ത്താതെ പോകുന്നതു കണ്ട് വായും പൊളിച്ച് നിക്കുന്ന കേരളത്തിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട്,
പി ബി യില്‍ പന്തം കൊളുത്തി ജാഥയ്ക്കു ആരേലും കല്ലെറിയുമെന്ന പ്രതീക്ഷയില്‍ കെട്ട്യോളൊടു ഒരു ഗുഡ് മോര്‍ണിങ്ങ് പോലും പറയാതെ ക്യാമരയും തൂക്കി ഇറങ്ങിയ ചാനലുകാര്‍ക്ക് ,
കാമുകിമാരുടെ കല്യാണത്തിനു സദ്യയുണ്ണാന്‍ പോകുന്ന കാമുകന്മാര്‍ക്ക് സിന്ദാബാദ് വിളിച്ച് കൊണ്ട്,
കല്യാണം മുടക്കികള്‍ക്ക് നേരെ കൊഞ്ഞനം കാണിച്ച് കൊണ്ട്,
ഉണ്ണി പിറന്നാലും ഓണം വന്നാലും ബാറില്‍ പോകാത്ത ചാലക്കുടിയിലെ കുടിയന്മാരുടെ പ്രതിമകളില്‍ ആദരാഞ്ജലി അര്‍പ്പിച്കുകൊണ്ട് ,
വാലന്റൈന്‍സ് ദിനമെന്നു കേട്ടാല്‍ വാളെടുക്കുന്ന അമ്മാവന്മാര്‍ക്ക് അസൂയക്കുള്ള മരുന്നിന്റെ പേരു പറഞ്ഞു കൊടുക്കാനറിയാതെ,

സ്നേഹിച്ചു തീരാ‍ന്‍ സമയം തികയാത്ത ഈ ഭൂമിയില്‍ വെറുപ്പിനെ മറന്നു കൊണ്ട്,
പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാര്‍ക്കും,
പരസ്പരം സ്നേഹിക്കാന്‍ കൊതിക്കുന്ന ഓരോ മനുഷ്യനും ആരാധനയോടെ
വാലന്റൈന്‍സ് ദിനാശംസകള്‍ നേരുന്നു.!!

Wednesday, February 11, 2009

നമുക്കെന്തൂട്ടാഇഷ്ട്ടാ,ആര്ടെകല്യാണം കഴിഞ്ഞാലും?

“കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യവത്കരിച്ചു.”
കാവ്യമാധവന്റെ കല്യാണത്തെ കുറിച്ച് എനിക്കു വന്ന ഒരു എസ് എം എസ് ആണ്.കാവ്യയുടെ ഇന്റര്‍വ്യൂകളും കല്യാണത്തിന്റെ ഒരുക്കങ്ങളും മാത്രമായിരുന്നു ചാനലുകളില്‍ കല്യാണത്തിനു ഒരാഴ്ച മുന്‍പ് വരെ. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളും കാവ്യയുടെ വിവാഹം ലൈവായി തന്നെ കാണിച്ചു. കല്യാണം നടക്കുന്ന അമ്പലത്തിലേക്ക് ക്ഷണിക്കാതെ പോയവരുടെ എണ്ണം എത്രയെന്നു നിശ്ചയമില്ല. ഇത്ര നാണമില്ലാത്തവരാണോ മലയാളികള്‍? എന്തിനാണ് ഒരു സിനിമ നടി വിവാഹിതയാകുന്നത് കേരളം ഇങ്ങനെ ആഘോഷിക്കുന്നത്? ഇത്രയ്ക്കു സുന്ദരിയായ ഒരു നായികയെ വിവാഹം ചെയ്യാന്‍ പോകുന്ന ഭാഗ്യവാന്‍ ആരെന്ന് അറിയാനുള്ള എല്ലാര്‍ക്കും ഉണ്ടാകാം. അതിനുമപ്പുറം ക്യാമറയും കൊണ്ട് അമ്പലം മൊത്തം കറങ്ങി നടക്കേണ്ട കാര്യമുണ്ടോ?എല്ലാവര്‍ക്കും അറിയേണ്ടത് ഒന്നു മാത്രം. കാവ്യ ഇനി അഭിനയിക്കുമോ? ഉത്തരം പറയേണ്ടത് കാവ്യയെ കെട്ടിയ ആളും. മലയാളത്തില്‍ എന്നല്ല മിക്ക ഭാഷകളിലും വിവാഹം കഴിഞ്ഞാല്‍ നടികള്‍ അഭിനയം നിര്‍ത്തുന്നു എന്ന് പ്രഖ്യാപിക്കും. എന്താണ് കാരണം? വിവാഹത്തിനു മുന്‍പ് ചെയ്തിരുന്ന ഒരു തൊഴില്‍ വിവാഹത്തിനു ശേഷം ചെയ്യാന്‍ പറ്റാത്തതാണെന്ന് പറയുന്നത് എന്തുകൊണ്ട്? അതൊരു മോശം തൊഴില്‍ ആണ് . കുടുംബമായി ജീവിക്കുന്ന ഒരു പെണ്ണിനു ചേരാത്ത ഒന്നാണ് എന്ന് കരുതുന്നത് കൊണ്ട് തന്നെയല്ലേ? സമയമില്ല എന്നുള്ളത് ഒരുതരം ഒഴിഞ്ഞുമാറലാണ്. ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചാല്‍ തന്നെ സമയം എന്നു പറയുന്നത് ഉണ്ടാകും. സത്യത്തില്‍ ഇത്ര നാളും എല്ലാരും എന്റെ പെണ്ണിനെ തൊട്ടു, അവളുടെ സൌന്ദര്യം കണ്ടാസ്വദിച്ചു, ഇനി വേണ്ട എന്നതാണ് ഈ വിരമിക്കല്‍ തീരുമാനങ്ങളുടെ പിന്നില്‍. എന്തുകൊണ്ട് ഒരു വിവാഹജീവിതം എന്നത് സ്വന്തം തൊഴിലിനേക്കാള്‍ വലുതായി സ്ത്രീകള്‍ കാണുന്നു. നടന്മാര്‍ കരിയര്‍ സംരക്ഷിക്കാനായി വിവാഹമേ വേണ്ടെന്നു വച്ച് നടക്കുമ്പോള്‍, ഏതെങ്കിലും ഒരുത്തന്റെ കാല്‍ക്കീഴില്‍ തന്റെ കഴിവുകള്‍ അടിയറ വച്ച് ഒരു അടുക്കളക്കാരിയായി ഒതുങ്ങി കൂടുവാന്‍ ആഗ്രഹിക്കുന്നു? അല്ലേലും ഒന്നു കൂടെ ചോദിക്കട്ടേ? ഒരു നായികയ്ക്ക് ഇന്നു സിനിമയില്‍ എന്താണ് ചെയ്യാനുള്ളത്? ന്രുത്തം, ഫോട്ടോക്കു പോസ് ചെയ്യല്‍,അസ്ഥാനത്ത് ചിരി. ഇത്രയുമല്ലേ ഉള്ളൂ? കഥയ്ക്ക് ഒട്ടും ആവശ്യമില്ലാത്ത ചേരുവയാണ് ഇന്നു സിനിമകളില്‍ നായിക. അതിപ്പോള്‍ ഒരു കാവ്യ പോയാല്‍ ഒരു നവ്യ ഉണ്ട്. നവ്യ പോയാല്‍ ഒരു ഭാവന ഉണ്ട്. അതിങ്ങനെ മാറി മാറി വന്നോളും. മലയാളികള്‍ കാവ്യ പോയി എന്നും പറഞ്ഞ് കുണ്ഠിതപ്പെടേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ അനിയത്തികുട്ടി എന്നോട് പറഞ്ഞു.
“വല്ല്യേട്ടാ, കാവ്യാ മാധവന്റെ കല്യാണം കഴിഞ്ഞല്ലോ”.
“ഉവ്വോ? നീ പോയില്ലേ?”
“ അമ്മ കൊണ്ട്പോയില്ല.”
“കഷ്ട്ടായി”
“പിന്നെ കാവ്യാമാധവന്‍ ഇനി സിനിമയില്‍ വരില്ല എന്നു പറഞ്ഞിട്ട് ഇന്നലെ ടിവിയില്‍ കണ്ട സിനിമയില്‍ ഞാന്‍ കാവ്യമാധവനെ കണ്ടല്ലോ?”
സത്യത്തില്‍ ഇതിനുത്തരം പറയാന്‍ എനിക്കറിയില്ലായിരുന്നു . എങ്കിലും ഞാന്‍ മനസ്സിലോര്‍ത്തു.
“ടിവിയില്‍ മാത്രമല്ല മോളേ , കുറച്ചു നാള്‍ കഴിഞ്ഞാല്‍ തിയറ്ററിലും വരും. നമ്മളിതെത്ര കണ്ടിരിക്കുന്നു”

Wednesday, February 4, 2009

വാനരസേനയും കാമുകിമാരും


“അല്ല...ഇതെന്താ സംഭവം? ഇവിടെ മറ്റാര്‍ക്കും ജീവിക്കേണ്ടേ?“
കുഞ്ഞുണ്ണിയുടെ ശബ്ദം കേട്ടാണ് ഞാന്‍ എണീറ്റത്. മുറ്റത്തേക്കു വന്നപ്പോള്‍ ഒരു കയ്യില്‍ പത്രവും ചുരുട്ടി പിടിച്ച് അവന്‍ നില്‍ക്കുന്നു അവന്‍. കുറച്ച് മാറി പല്ലു തേച്ചു കൊണ്ട് കുട്ടുമോനും. കുട്ടുമോന്‍ പല്ലു തേച്ച് തേച്ച് കുഞ്ഞുണ്ണിയുടെ മുഖത്തേക്കു തുപ്പിക്കാണുമോ?
കുഞ്ഞുണ്ണി കുട്ടുമോന്റെ മുഖത്തേക്കു ഉത്തരത്തിനായി ക്ഷുഭിതനായി നോക്കി നില്‍ക്കുന്നു. വായില്‍ ബ്രഷും വച്ച് ഞാനെന്തു ചെയ്തു എന്ന ഭാവത്തില്‍ കുട്ടുമോനും. ഞാന്‍ ഇറ്റയില്‍ കയറി ചോദിച്ചു.
“എന്താ? എന്താ ഉണ്ടായേ?”
ഒരാളോടു പരിഭവം പങ്കു വയ്ക്കാന്‍ കിട്ടിയ പോലെ കുഞ്ഞുണ്ണി എന്റെ നേരെ തിരിഞ്ഞു.
“ദാ കണ്ടില്ലേ.. മാംഗ്ലൂര്‍ ഒരു പബ്ബില്‍ കയറി കുറേ അവന്മാര്‍ പെന്‍പിള്ളേരെ തല്ലിയിരിക്കുന്നു”
ഓഹോ! അപ്പോള്‍ സമൂഹ്യ പ്രതിബദ്ധതയാണ്. അല്ലാതെ കുട്ടുമോനല്ല. ഇതു കേട്ടതും കുട്ടുമോനു സമാധാനമായി. അവന്‍ ചോദിച്ചു.
“ആരാ തല്ലിയത്? അവളമാരുടെ തന്തമാരാണോ?”
“അല്ല. ചില സമൂഹ്യനവീകരണസാംസ്കാരികഗൂഢോത്രക്കാരാ”. കുഞ്ഞുണ്ണു വിശദീകരിച്ചു.
“എന്തോന്ന്?”
“ശ്രീരാം സേന ... താക്കരേയുടെ കന്നഡ വേര്‍ഷന്‍”
ഈ മൊഴിമാറ്റ ചിത്രങ്ങളുടെ കാലത്ത് ഇതിത്ര വല്ല്യ കാര്യാണോ?എങ്കിലും ചോദിക്കാതിര്‍ക്ക്കാന്‍ കഴിഞ്ഞില്ല.
“ആരാ ഈ ശ്രീരാംസേന?”. ന്യായമായ ചോദ്യമല്ലേ? ഇവരെ ഭൂകമ്പം ഉണ്ടായപ്പോളോ സുനാമി വന്നപ്പോളോ കണ്ടിട്ടുണ്ടോ ഇവരെ?

ഇതിനുള്ള ഉത്തരം പറഞ്ഞത് കുട്ടുമോനായിരുന്നു.
“ കര്‍ണാടകയില്‍ ചാരായം നിര്‍ത്തലാക്കിയതില്‍ പിന്നെ സംഭവിച്ച ഒരു സമൂഹ്യവിപത്തിന്റെ പരിണിതഫലമാണിത്”
“ഉവ്വ ..എല്ലാം മനസിലായി..മര്യാദയ്ക്കു പറ”.
“അതായത് അവിടെ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച് ഭാര്യമാര്‍ കാമുകന്മാരുടെ കൂടെ പോകുന്നത് ഒരു സ്ഥിരം സംഭവമാണ്. അങ്ങിനെയുള്ള ഭര്‍ത്താക്കന്മാര്‍ ചേര്‍ന്നു രൂപം കൊടുത്തതാണ് ഈ സംഘടന. ഇവര്‍ക്കു കാമുകീ കാമുകന്മാരെ കാണുന്നത് ചതുര്‍ത്ഥിയാണ്.എവിടെ കണ്ടാലും ആക്രമിക്കും”

പറയുന്നത് നുണയാണേലും കേട്ടാല്‍ സത്യമാണെന്നു തോന്നും.
“കുറ്റം അവരുടെയല്ലല്ലോ. സെക്യൂരിറ്റി ഇല്ലാത്തതല്ലേ?“ ഞാന്‍ ഇറ്റയില്‍ കയറി...ഈശ്വരാ എന്റെ വീട്ടിലും നാളെ ഒരു സെക്യൂരിറ്റികാരനെ വക്കണം
“അവന്മാര്‍ ഈ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ കൂടെ കലക്കുമെന്നാ പറഞ്ഞിരിക്കുന്നേ”. കുട്ടുമോന്‍ കൂട്ടിചേര്‍ത്തു.
“കുരങ്ങന്മാര്‍” കുഞ്ഞുണ്ണിക്കു സഹിക്കുന്നില്ല.
. ‘അതു നീ പറഞ്ഞത് ശരിയാ”ഞാന്‍ പറഞ്ഞു
“എന്ത്?”
“കുരങ്ങന്മാര്‍”
“എങ്ങനെ?”
“പണ്ട് ലങ്ക ആക്രമിക്കാന്‍ പോയശ്രീരമന്റെ സേനയില്‍ എല്ലാം കുരങ്ങന്മാരായിരുന്നു. കുരങ്ങന്മാര്‍ മനുഷ്യരെ പോലെ പെരുമാറില്ലല്ലോ?”

Tuesday, February 3, 2009

ഉപന്യാസപുരാണം ആട്ടകഥ, ഒടുക്കത്തെ ദിവസം.


വര്‍ഷത്തെ യുവജനോത്സവം ഒക്റ്റോബര്‍ 15,16,17 ദിവസങ്ങളിലായി നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബുധനാഴ്ചക്കു മുന്‍പായി പേരു നല്‍കേണ്ടതാണ്”.
ടീച്ചര്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കു പ്രത്യേകിച്ചൊന്നും തോന്നിയില്ല. യൂത്ത്ഫെസ്റ്റിവലെന്നാല്‍ എനിക്കു വീട്ടില്‍ കിടന്നുറങ്ങാനുള്ള സമയമാണ്. പക്ഷേ ഇത് +1 ആണ്. സ്കൂള്‍ നിറയെ സുന്ദരികളും. വായ് നോക്കാന്‍ ഇതിലും നല്ലൊരു അവസരം കിട്ടുമോ? ആ ദിവസമെങ്കിലും ഈ യൂണിഫോം ഇടാതെ ഇവള്‍മാര്‍ക്കു വന്നൂടെ? ഞാന്‍ അങ്ങിനെ യൂത്ഫെസ്റ്റിവല്‍ എന്ന സമൂഹ്യവിപത്തിന്റെ പരിണിത ഫലങ്ങളെ കുറിച്ചും അത് ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചും ചിന്തിച്ചിരിക്കുമ്പോളാണ് ഒരു തവള കരയുന്ന ശബ്ദം ഞാന്‍ കേട്ടത്. ങേ! മഴക്കാലം കഴിഞ്ഞില്ലേ? ഞാന്‍ തിരിഞ്ഞു നോക്കി.
തവളയല്ല , കുട്ടുമോനായിരുന്നു. ഇംഗ്ലീഷില്‍ കുട്ടൂസന്‍ എന്നും പറയും. കൂറ്റെ കുഞ്ഞുണ്ണിയും എന്റെ ആജന്മസുഹ്രുത്താണേലും കണ്ടുമുട്ടിയത് 15ആം വയസ്സിലാണ്. കുട്ടുമോനെ പറ്റി പറയുവാണേല്‍ പുതൊയൊരു ബ്ലോഗ്ഗിനു സാധ്യതയുണ്ട്. കുട്ടുമോന്‍ നമ്മളോടു വളരെ മാന്യമായി തന്നെ പൊങ്ങച്ചം പറയാന്‍ കഴിവുള്ള വ്യക്തിയാണ് .... ‘എന്റെ വീട്ടില്‍ രണ്ട് ആനയുണ്ട്. എന്റെ വീടിനു മുന്നില്‍ ഞാന്‍ നട്ടു വളര്‍ത്തിയ ഒരു വലിയ ആല്‍മരത്തിലാണ് രണ്ടിനേയും നല്ല ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് തളച്ചിട്ടിരിക്കുന്നേ. ഞാനാണ് എന്നും അവറ്റങ്ങള്‍ക്കുള്ള പനയോല മരത്തില്‍ കയറി വെട്ടികൊണ്ട് വരാറുള്ളത്. പിന്നെ ആനപിണ്ടം റീസൈക്കിള്‍ ചെയ്യാനുള്ള പ്ലാന്റ് സ്ഥാപിച്സിരിക്കുന്നതിന്റെ മേല്‍നോട്ടവും എനിക്കാണ്”... ഹോ! ഈ പഹയന്‍ വല്ലാത്ത സംഭവം തന്നെ എന്നും കരുതി ആനയേയും ആലും പ്ലാന്റും കാണാന്‍ ചെല്ലുന്ന നമ്മള്‍ കാണുക രണ്ട് മുട്ടനാടുകള്‍ പുല്ലും പ്ലാവിലയും തിന്നുകൊണ്ടിരിക്കുന്നതും ആട്ടിന്‍ കാട്ടം തെങ്ങിന്റെ കടക്കു കൊണ്ടിടുന്ന കുട്ടുമോനേയും ആകും. പിന്നെ, കുട്ടുമോന്റെ പ്രണയകഥകള്‍ ഞാന്‍ പറയുന്നില്ല. കാരണം അവന്‍ പ്രണയിച്ച രണ്ടു ഡസന്‍ പെണ്‍കുട്ടികള്‍ ഇപ്പോള്‍ അവരുടെ ഭര്‍ത്താക്കന്മാരും കുട്ടികളുമായി സുഖായി ജീവിക്കുന്നു.

“എടാ, 16 ഉം 17 ഉം മുടക്കമാണ്. ഓണ്‍ സ്റ്റേജ് ഐറ്റംസാണ്. പക്ഷേ 15 ആം തിയതി ഓഫ് സ്റ്റേജാണ്. പങ്കെടുക്കാത്തവര്‍ ക്ലാസ്സില്‍ ഇരിക്കേണ്ടി വരും”. അവന്‍ പറഞ്ഞു.

“ഛായ്!! ഇതേതു കോപ്പിലെ പരിപാടിയാ ഇഷ്ട്ടാ.. നമ്മളെന്തിനാ ക്ലാസ്സില്‍ കയറുന്നേ?”. എന്നിലെ കലാ‍ഹ്രുദയം ക്ഷുഭിതനായി. “ഇനി എന്തു ചെയ്യും?.”

“ഒരു വഴിയുണ്ട്. നമ്മള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാം”. അവന്‍ വളരെ കൂളായി തന്നെ പറഞ്ഞു.

ഉറക്കവും വായ്നോട്ടവും മത്സര ഇനങ്ങളല്ല. അതുകൊണ്ട് തന്നെ ഞാന്‍ അവനോടു ചോദിച്ചു. “ എന്ത് പരിപാടിക്കാ പേരു കൊടുക്കുക? എനിക്കു വരക്കാനും പെയിന്റ് ചെയ്യാനുമൊന്നും അറിയില്ല.”

“വേണ്ട. നമുക്കു എസ്സെറൈറ്റിങ്ങിനു പേരു കൊടുക്കാം. പേന പിടിക്കാന്‍ മാ‍ത്രം അറിഞ്ഞാല്‍ മതി”.

അങ്ങിനെ ഞാനും കുട്ടുമോനും ഞങ്ങളുടെ പ്രിയ സുഹ്രുത്ത് കുഞ്ഞുണ്ണിയും കൂടെ മത്സരങ്ങളില്‍ പേരു കൊടുക്കാന്‍ പോയി. ഇംഗ്ലീഷ്, ഹിന്ദി,മലയാളം,അറബിക് എന്നീ ഭാഷകളില്‍ ഉപന്യാസം എഴുതാം.

“നിനക്കു അറബി അറിയോ?” അവന്‍ ചോദിച്ചു.
“കണ്ടാല്‍ മനസ്സിലാകും” ഞാന്‍ പറഞ്ഞു.
“അപ്പോള്‍ വായിക്കാന്‍ അറിയോ?”
“അതല്ല. കണ്ടാല്‍ അറബിയാണെന്ന് മനസിലാകും”. ഞാന്‍ എന്റെ അവസ്ഥ വ്യക്തമാക്കി.
“ഛെ!..ആ പൊട്ടേ സാരമില്ല. നമ്മള്‍ക്കു അറബി ഒഴിവാക്കാം”. അവന്‍ പദ്ധതിയുടെ കരടു രേഖ പ്രസിദ്ധപ്പെടുത്തി.
അങ്ങിനെ ഞാനും കുട്ടുമോനും ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ ഉപന്യാസരചന എന്ന സാഹസ്സത്തിനു തയ്യറായി.
ലണ്ടനും ലിവര്‍പൂളിനും ഇടയിലുള്ള പൊന്നാനിനിയില്‍ ആയിരുന്നു കുഞ്ഞുണ്ണി ജനിച്ചത്. അതുകൊണ്ട് ഇംഗ്ലീഷില്‍ മാത്രേ അവനെഴുതാന്‍ അറിയു‍.

അങ്ങിനെ 15ആം തിയതി കാലത്ത് കുളിച്ച് കുറിയും തൊട്ടു, റിലയന്‍സ് വെബ് വേള്‍ഡിലെ ചേച്ചിയെ കാത്തു നിന്നു കണി കണ്ട് ഞങ്ങള്‍ മൂന്നു പേരും കൂടെ പതിവു പോലെ അസംബ്ലി കഴിയാന്‍ നേരം സ്കൂളിലെത്തി. ആദ്യം ഇംഗ്ലീഷ് ഉപന്യാസ രചനയ്ക്കുള്ള ക്ലാസ് റൂമിലെത്തി. അവിടെയെത്തിയപ്പോള്‍ സംത്രുപ്തിയായി. “വാട്ട് ഈസ് യുവര്‍ നെയിംസ്ലിപ്? മൈ നെയിം ഈസ് ദ കുഞ്ഞുണ്ണി.“ ഇത്രയും അറിയാവുന്ന കൊണ്ട് കുഞ്ഞുണ്ണി എന്തൊക്കെയോ എഴുതികൂ‍ട്ടി. ഞാനും കുട്ടുമോനും പേപ്പറില്‍ നമ്പര്‍ പോലും എഴുതാതെ തിരികെ കൊടുത്തു. ഉടനടി വിട്ടു മലയാളം ഉപന്യാസമെഴുതാന്‍. ആ ക്ലാസ്സില്‍ ചെന്നപ്പോള്‍ ഞങ്ങളുടെ സ്കൂളില്‍ എത്ര കുട്ടികള്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശ എണ്ണം കിട്ടി. അവിടെ തോട്ടത്തില്‍ ചെടി നനക്കാന്‍ നിക്കുന്ന വേലായുധേട്ടന്‍ വരെ മത്സരത്തിനുണ്ട്. ഇരിക്കാന്‍ പോലും സ്ഥലമില്ല. +2 ഇല്‍ പഠിക്കുന്ന കൊള്ളാവുന്ന ഒരു ചേച്ചിയെ തടസ്സങ്ങളൊന്നുമില്ലാതെ കാണാവുന്ന തരത്തില്‍ ഞാനും കുട്ടുമോനും ഇരുപ്പുറപ്പിച്ചു. വിഷയം കിട്ടി “കേരളത്തിലെ പാരമ്പര്യകലകള്‍”. ന്യുമോണിയ,മലേറിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചും അവയുടെ ലക്ഷണങ്ങള്‍ ,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയെ പറ്റി ഞാന്‍ വിശദമായി എഴുതി. കുട്ടുമോന്‍ എന്തിനെ പറ്റിയാ എഴുതിയേ എന്നത് ഇപ്പോളും പുറം ലോകം അറിയാത്ത രഹസ്യമാണ്. എന്നെങ്കിലും ഏതെങ്കിലും പുരാവസ്തുക്കാര്‍ കുഴിച്ചെടുത്തോളും മ്യൂസിയത്തില്‍ വക്കാന്‍.

ഉച്ചക്കു ശേഷമാണ് ഹിന്ദി ഉപന്യാസരചന. ഞാനും കുട്ടുമോനും ക്ലാസ്സിലെത്തി. ഞങ്ങള്‍ ഞെട്ടിപ്പോയി. ആകെ രണ്ടു പേര്‍ ഉണ്ട് അവിടെ.ഒരു ആണ്‍ കുട്ടിയും ഒരു പെണ്‍ കുട്ടിയും. ഞങ്ങളേക്കാള്‍ വൈകി വരാന്‍ കഴിവുള്ളവര്‍ അവിടെ വേറെ ഇല്ലാത്ത സ്ഥിതിക്ക് ഈ മത്സരത്തിന് ആകെ നാലു പേര്‍ മാത്രം! എന്ത്?! ഞങ്ങള്‍ ഇന്ത്യയില്‍ തന്നെയല്ലേ? ഇത്ര രാഷ്ട്ര സ്നേഹം ഇല്ലാത്തവരാണോ നമ്മുടെ വിദ്യാര്‍ത്ഥികള്‍? .ഗാന്ധിജി പറഞ്ഞതൊക്കെ ഇവര്‍ മറന്നു പോയോ? “ ഹിന്ദി ഹമാരാ രാഷ്ട്ര് ഭാഷാ ഹേ| സഭീ ദേശ് വാസിയോന്‍ കോ പൈസെ കി സരൂരത് ഹേ|.”ലജ്ജാവഹം!

മത്സരം തുടങ്ങി. വിഷയം ‘ബേകാരി കി സമസ്യാ’. മുന്നിലിരുന്ന രണ്ടു പേരും എഴുതി തുടങ്ങി. ഞാന്‍ കുട്ടുമോന്റെ മുഖത്തേക്കു നോക്കി. ഞാന്‍ അവനോട് ചോദിക്കണം എന്നു വിചാരിച്ച ചോദ്യം അവന്‍ ഇങ്ങോട്ടു ചോദിച്ചു.
“ബേകാരി എന്നാല്‍ ദാരിദ്ര്യം എന്നല്ലേ അര്‍ഥം?”
ബികാരി എന്നാല്‍ ഭിക്ഷക്കാരന്‍. ബേകാരി എന്നത് ബിക്കാരിയുടെ അവസ്ഥ. അതായത് ദാരിദ്ര്യം.
“അതു തന്നെ. വേഗം എഴുതിക്കോ”. ഞാന്‍ അവനു ഉറപ്പു കൊടുത്തു.
ഞങ്ങള്‍ എഴുതി. ദാരിദ്ര്യവും ഇന്ത്യയും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബില്ലും , ബില്ല് അടക്കാത്തവനോട് ഹൊട്ടലുകാരുടെ പെരുമാറ്റത്തേയും കുറിച്ച് ആതമകഥാപരമായ ഒരു ഉപന്യാസം ഞാന്‍ തയ്യാറാക്കി. എഴുതുന്നതിനിടയില്‍ കുട്ടുമോന്റെ കണ്ണു നിറയുന്നതു ഞാന്‍ ശ്രദ്ധിച്ചു. അതേ, അവനും അതു തന്നെയാണ് എഴുതുന്നത്. ബില്ല് അടക്കാന്‍ കാശ് തികയാതിരുന്ന മൂന്നു കൂട്ടുകാരുടെ കഥ!

അങ്ങിനെ 15ആം തിയതി കഴിഞ്ഞു. 16ആം തിയതി ഞങ്ങള്‍ക്ക് സിനിമയ്ക്കു പോയി. യൂത്ഫെസ്റ്റിവല്‍ കഴിഞ്ഞു. സമ്മാനവിതരണം നടക്കുന്നു.

‘മലയാളം ഉപന്യാസ രചന ഒന്നാം സമ്മാനം പരപ്പനങ്ങാടി പങ്കജാക്ഷി രണ്ടാം സമ്മാനം കോട്ടയം കറിയ മൂന്നാം സമ്മാനം മലപ്പുറം മറിയ.’

മൂന്നു പേരും വരി വരിയായി പോയി സമ്മാനം വാങ്ങി. ഇത് എന്റേയും കുട്ടുമോന്റേയും മനസ്സില്‍ പ്രതീക്ഷ ജനിപ്പിച്ചു. എല്ലാത്തിനും മൂന്നു സമ്മാനങ്ങളുണ്ട്. ഹിന്ദി ഉപന്യാസത്തിനു ആകെ നാലു പേര്‍ അപ്പോള്‍ ഞങ്ങളിലൊരാള്‍ക്കേങ്കിലും സമ്മാനമുറപ്പ്. ചിലപ്പോള്‍ രണ്ടാള്‍ക്കും!

‘ഹിന്ദി ഉപന്യാസ രചന, ഒന്നാം സമ്മാനം ലാലാ ലജ് പത് റായ് 12 A.’
അങ്ങിനെ ഒന്നാം സമ്മാനം ഞങ്ങള്‍ക്കില്ല.
‘രണ്ടാം സമ്മാനം റാണി ലക്ഷ്മിഭായ് 12 C'.
അതും കൈ വിട്ടു പോയ്. അപ്പോള്‍ ഞങ്ങളിലൊരാള്‍ വെറും കയ്യോടെ മടങ്ങും.
“സാരമില്ല. കിട്ടുന്ന ആള്‍ നമുക്കു മൂന്നു പേര്‍ക്കും വെണ്ടി ട്രീറ്റ് നടത്തും” കുട്ടുമോന്‍ പോം വഴി കണ്ടെത്തി. ഈ തീരുമാനത്തോട് ആദ്യം യോജിച്ചത് കുഞ്ഞുണ്ണിയായിരുന്നു. എനിക്കു സമ്മാനം കിട്ടരുതേയെന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ആകാഷയോടെ റ്റീച്ചര്‍ അനൌണ്‍സ് ചെയ്യുന്നത് കാതോര്‍ത്തു.

‘അറബിക് ഉപന്യാസം ഒന്നാം സമ്മാനം ഒസാമാ ബിന്‍ ലാദെന്‍ 11 ബി’
എന്ത്?! അയ്യോ! ടീച്ചറേ ഒരു സമ്മാനം വിട്ടു പോയി. എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ ‍ഞെട്ടലില്‍ നിന്നു ഉണര്‍ന്നിട്ടില്ലായിരുന്നു.

സമ്മാന വിതരണം അവസാനിച്ചു. ഞങ്ങള്‍ക്കെതിരേ നടന്ന കൊടും ക്രൂരതേയും വഞ്ചനയേയും ചോദ്യം ചെയ്യാനായി കുട്ടുമോന്‍ സ്റ്റാഫ് റൂമിലേക്കു പാഞ്ഞു. അവന്‍ ‘നീതി’ യും കൊണ്ട് വരുന്നതും കാത്ത് ഞങ്ങള്‍ കാത്തിരുന്നു. അവന്‍ വന്നു. അവനെ ഞങ്ങള്‍ സൂക്ഷിച്ചു നോക്കി. ഇല്ല, അവന്റെ കയ്യില്‍ നീതിയില്ല. അവന്‍ ഓടി വന്നു കിതച്ച് കൊണ്ട് തന്നെ പറഞ്ഞു,

“എടാ, പേരു വിട്ടു പോയതല്ല. നമ്മള്‍ക്കു സമ്മാനമില്ല അതാ.”
“എന്തു പറ്റി?”.
“നമ്മലെ രണ്ടാളേയും ‘ഡിസ് ക്വാളിഫൈ‘ ചെയ്തു.”
“കാരണം?”.
“ബേകാരി എന്നാല്‍ ദാരിദ്ര്യമല്ല. തൊഴിലില്ലായ്മയാണ്.”
“അതെന്നു മുതല്‍?”
“പണ്ടു മുതലേ അങ്ങിനെ തന്നെയാണെന്നാ പറയുന്നേ”
എന്തൊരു കഷ്ട്ടമാ. ബികാരിക്കു പോലും സ്വന്തമായി തൊഴിലുണ്ട്. പിന്നെ എങ്ങനെ ബേകാരി തൊഴിലില്ലായ്മയാകും?
കുട്ടുമോന്‍ കുഞ്ഞുണ്ണിയുടെ നേരെ തിരിഞ്ഞു.
“അപ്പോള്‍ ആരും ട്രീറ്റ് തരുന്നതല്ല. നീ സ്വപ്നം കണ്ടതു വെറുതെയായി”
കുഞ്ഞുണ്ണിക്കു പക്ഷേ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലായിരുന്നു. അവന്‍ പറഞ്ഞു.
“എന്റെ സ്വപ്നം വെറുതെയാകില്ല. എനിക്കു നിങ്ങള്‍ രണ്ടുപേരും കൂടെ ട്രീറ്റ് തരും”
“എന്തിന്?”. ഞാനും കുട്ടുമൊനും ഒരുമിച്ചു ചോദിച്ചു.
“ നിങ്ങളുടെ ഡിസ് ക്വാളിഫികേഷന്‍ കഥ മറ്റുള്ളവര്‍ അറിയാതിരിക്കാന്‍”.
കുട്ടുമോന്‍ വാച്ച് പണയം വച്ചു. ഞാന്‍ അമ്മ മീന്‍ വാങ്ങാന്‍ വച്ച കാശ് മോഷ്ട്ടിച്ചു!

Saturday, January 10, 2009

ശ്രീശാന്തിന്റെ കല്യാണാലോചന!


ഗോള സാമ്പത്തിക പ്രതിസന്ധി മൂലം തൊഴില്‍ നഷ്ട്ടപെട്ടു പെട്ടിയും കിടക്കയും എടുത്ത് കുടുംബത്തു വന്നിരിക്കേണ്ടി വന്ന ലക്ഷക്കണക്കിനാളുകളിലെ മലയാളി സാന്നിധ്യമാണ് ഗോപുമോന്‍. ‘അഗ്രസ്സീവ് ഡിസോര്‍ഡര്‍‘ എന്ന മാരക രോഗത്തിന്നടിമയായ ഇദ്ദേഹം രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും പല രീതിയിലുള്ള ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും വിധേയനായിട്ടുണ്ട്. കാര്യമായ ഫലമുണ്ടാകാത്തതു മൂലം പഞ്ചാബില്‍ നിന്നുള്ള ഒരു സര്‍ദ്ദാര്‍ജിയുടെ കരണ ചികിത്സയിലാണിപ്പോള്‍. എങ്കിലും ഇടയ്ക്കിടക്ക് മദം പൊട്ടി വരുന്ന അഗ്രഷന്‍ ആമാശയത്തിന്റെ ഇടത്തേ കോണില്‍ അടിഞ്ഞു കൂടുന്നതു മൂലമുള്ള മാനസിക പിരിമുറുക്കം അധികമാകുമ്പോള്‍, സ്വന്തം പിതാവിനു നേരേ അഗ്രഷനുമായി ചെല്ലുമെന്നു ചാനലുകളിലൂടെ ഗോപുമോന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതു കേട്ടു പരിഭ്രാന്തയായ ഗോപുമോന്റെ അമ്മ, ചെമ്പൈ സംഗീതോത്സവത്തില്‍ വിജയിയായ ജ്യോതിഷരത്നം ചെമ്മാംകുടി കണകുണാനന്ദജി സ്വാമികളുടെ നിര്‍ദ്ദേശമനുസരിച്ച് മകനെ പെണ്ണ് കെട്ടിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുന്നു. ഭാവി മരുമോള്‍ക്കുണ്ടായിരിക്കേണ്ട ഗുണങ്ങളും യോഗ്യതകളും താഴെ കൊടുത്തിരിക്കുന്നു. ജീവിതം മടുത്ത പെണ്‍കുട്ടികളുടെ ജീവനില്‍ കൊതിയില്ലാത്ത മാതാപിതാക്കളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിച്ചു കൊള്ളുന്നു.

1. ഭക്ഷണം പാകം ചെയ്യനുള്ള അറിവ് നിബ്ബന്ധമില്ലെങ്കിലും അമ്മായിഅമ്മയെ പൂജാമുറിയില്‍ സഹായിക്കേണ്ടതാണ്. ചാത്തനേറ്, ഗൂഢോത്രം ഇത്യാദി കലകളില്‍ സംസ്ഥാന യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനമോ എ ഗ്രേഡോ ലഭിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.
2. വിവാഹം കഴിഞ്ഞാലും ഗോപുമോന് പ്രേമം ക്രിക്കറ്റിനോട് മാത്രമായിരിക്കും. ഭാര്യക്ക് ദിവസവും ഷാരൂഖ് ഖാന്‍ അയക്കുന്ന എസ് എം എസുകള്‍ വായിക്കാനുള്ള അവസരമുണ്ടായിരിക്കുന്നതാണ്.
3.കുട്ടിക്കാലം മുതലേ ഗോപുമോന്‍ മണ്ണപ്പം ചുട്ടു കളിച്ചിരുന്ന കൂട്ടുകാരികളായ പ്രീതി,പ്രിയങ്ക,ലക്ഷ്മി എന്നിവരുമായി മണ്ണപ്പം ചുടുന്നത് തുടരുന്നതും ലക്ഷ്മിയെ ഇടയ്ക്കിടക്ക് എടുത്തുയര്‍ത്തി ഫോട്ടോ എടുക്കുന്നതുമായിരിക്കും.
4.കൂട്ടുക്കാരന്മാരേ കൊണ്ട് ഹോട്ടലുകളില്‍ റൂമെടുപ്പിക്കുകയും അടിയുണ്ടാക്കുകയും ഹോട്ടല്‍ മാനേജേര്‍സിന്റെ അടുത്ത് അഗ്രഷന്‍ കാണിക്കുകയും ചെയ്യണം. അല്‍ഫോണ്‍സ് കണ്ണാന്താനത്തോടു പോലും ‘തനാരാടോ കോപ്പേ?’ എന്ന് ചോദിക്കാനുള്ള അഹങ്കാരം വേണം.
5. അഗ്രഷന്റെ ഭാഗമായുള്ള ചികിത്സാവിധികള്‍ സ്വായത്തമാക്കുന്നതിനായി പെണ്‍കുട്ടിക്ക് പഞ്ചാബിലേക്കു പോകേണ്ടതായുണ്ട്. സ്ഥിരമായി തൂവാല കയ്യില്‍ പിടിക്കുന്നത് കരണത്തു മര്‍മ്മാണി ചികിത്സ കഴിയുമ്പോള്‍ പുറത്തേക്കൊഴുകുന്ന അഗ്രഷന്‍ തുടക്കുന്നതിനു ഉപകരിക്കും.
6. ഹണിമൂണിനായി വെസ്റ്റ് ഇന്‍ഡീസ് ന്യൂസിലാണ്ട് എന്നീ രാജ്യങ്ങളില്‍ പോകേണ്ടതുള്ളത് കൊണ്ട് പാസ്പോര്‍ട്ട് സ്വന്ത്മായി വേണം. പിന്നെ ടൂര്‍ കഴിഞ്ഞ് വന്നാല്‍ അമ്മയെ മമ്മി എന്നേ വിളിക്കാവൂ. അച്ഛനെ പേരു വിളിച്ചാല്‍ മതിയാകും. മലയാളം കുരച്ചു കുരച്ച് സംസാരിക്കുവാന്‍ പഠിക്കണം. സംസാരിക്കുമ്പോള്‍ അവിടെ ഇവിടെയായി ഐ നോ, യു നോ,ബിക്കോസ്,ബട്ട് എന്നിവ തിരുകി കയറ്റണം.
7. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുടേയും പള്ളികളുടേയും പേരു വിവരം സഹിതമുള്ള മാപ്പ് സ്വന്തമായി ഉള്ള പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനത്തില്‍ ഡിസ്ക്കൌണ്ട് ലഭിക്കുന്നതാണ്.സ്വന്തമായി വീഡിയോ കാമറ ഉള്ള പെങ്കുട്ടികള്‍ക്കു ഭര്‍ത്താവിനെ പട്ടിയെ പോലെ പിന്നാലെ നടത്താനുള്ള സൌകര്യം ലഭ്യമാണ്.
8.നര്‍ത്തികിമാര്‍ അപേക്ഷിക്കേണ്ടതില്ല. ഒരുത്തന്‍ പഠിച്ചതിന്റെ ക്ഷീണം വീട്ടുകാര്‍ അനുഭവിക്കുന്നുണ്ട്. ഒരഭിനേതാവും ഒരു ഗായകനും വീട്ടില്‍ ഉള്ളതു കൊണ്ടും ഈ വിഭാഗത്തില്‍ പെടുന്നവരും അപേക്ഷിക്കേണ്ടതില്ല. ആവശ്യമുള്ളത് സ്വന്ത്മായി ഒരു പൂജാരിയാണ്.
9. ഓരോ ദിവസവും ബെഡ് റൂമില്‍ കയറുന്നതിനു മുന്‍പായി കാമറയെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിക്കണം. ഗോപുമോന്‍ എറിയുന്ന ബോളുകള്‍ വൈഡ് ആകുകയാണേല്‍ തലയില്‍ കൈ വയ്ക്കുകയും മുഖം കുരങ്ങിന്റേതു പോലാക്കി അഗ്രഷന്‍ കാണിക്കുകയും വേണം. നോ ബോളുകള്‍ക്ക് ബെഡ് ഷീറ്റിനെ കുറ്റം പറയുക. സൌത്ത് ആഫ്രിക്കയിലെ ബെഡ് ഷീറ്റുകളാണ് നല്ലത്. ഗോപുമോനു പരിക്കേറ്റാലും റണ്ണറെ വച്ച് ബാറ്റിങ്ങ് തുടരുന്നതായിരിക്കും. എന്തു ചെയ്താലും ഇമ്പ്രഷന്‍ ഉണ്ടാക്കാന്‍ ഷാമ്പൂവിട്ടു കുളിച്ചാല്‍ മതിയാകും
10. ഏറ്റവും അവസാനമായി എസ് കെ നായരേയും മിസ്ബാ ഉല്‍ ഹക്കിനേയും കണ്‍കണ്ട ദൈവങ്ങളായി കണ്ട് ബെഡ് റൂമില്‍ ഫോട്ടോ വച്ച് പൂജിക്കണം. സര്‍ദാര്‍ജിക്ക് എന്നും ‘ഹാര്‍ഡ് ലക്ക്’ എന്നൊരു മെസേജുംഅയക്കണം കൂട്ടത്തില്‍ സര്‍ദാര്‍ജിയുടെ ‘മാ കി’ സുഖാണോന്നു കുശലം ചോദിക്കുകയും വേണം.

ഇതൊക്കെ സമ്മതമാണേല്‍ പെണ്‍കുട്ടികളെ ജാതകം ഉടനടി അയക്കുക. തിരഞ്ഞെടുത്തവര്‍ക്ക് എം ആര്‍ എഫ് പേസ് ഫൌണ്ടേഷനില്‍ വിട്ട് പരിശീലനം നല്‍കുന്നതാണ്. മികച്ച പ്രതിഭയുള്ള ആളെ സച്ചിനും ധോനിയും പ്രീതി സിന്‍ഡയും ചേര്‍ന്ന കമ്മിറ്റി ലേലം ചെയ്ത് തിരഞ്ഞെടുക്കും. പിന്നീട് ഫിസിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് കൂടെ നേടിയാല്‍ കേരളത്തിലെ തിരഞ്ഞെടുക്കുന്ന മൂ‍ന്നു അമ്പലങ്ങളില്‍ വച്ച് അടുത്ത രണ്ടു സീസണിലേക്കുള്ള ‍കോണ്ട്രാക്റ്റ് നല്‍കുന്നതായിരി്‍ക്കും. ബാക്കിയെല്ലാം പെര്‍ഫോര്‍മന്‍സ് അടിസ്ഥാനത്തില്‍ ബി സി സി ഐ തീരുമാനിക്കും.

Tuesday, January 6, 2009

"ചൂടന്‍ കൈമാറ്റങ്ങള്‍"

പേരു കണ്ടിട്ട് ഞാന്‍ പറയാന്‍ പോകുന്നത് ഒരു വട്ടത്തില്‍ ‘എ‘ ഉള്ള കഥയാണെന്നു കരുതിയോ? അങ്ങിനെ യാതൊരു വിധ പ്രതീക്ഷയും വച്ചു പുലര്‍ത്തേണ്ട. ഞാന്‍ ആ ‘ടൈപ്പ്‘ അല്ല. ചിരിക്കേണ്ട! ഞാന്‍ ആ ടൈപ്പാണ്. സമ്മതിച്ചു! എന്തായാലും ഈ പോസ്റ്റ് ആ ടൈപ്പ് അല്ല. ഞാന്‍ Heat Transfer എന്നത് മലയാളത്തിലേക്കു തര്‍ജ്ജമ നടത്തിയതാണ്. ഇപ്പോള്‍ നിങ്ങള്‍ക്കു ചിരിക്കാന്‍ അവകാശമുണ്ട്. Heat Transfer എന്നത് എനിക്ക് അഞ്ചാമത്തെ സെമെസ്റ്റെറില്‍ പഠിക്കാനുണ്ടായിരുന്ന [ഞാന്‍ ‘പഠിച്ച‘ എന്നവകാശപ്പെടുന്നില്ല] ഒരു പേപ്പര്‍ ആണ്. ഞങ്ങള്‍ക്ക് ഈ വിഷയം എടുത്തിരുന്നത് ശശീന്ദ്രന്‍ സാറായിരുന്നു. കുറേ കൊല്ലങ്ങളായി സാറു തന്നെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.ഞങ്ങള്‍ക്കു 50 മാര്‍ക്ക് ഇന്റേനല്‍ അസ്സെസ്മെന്റ് ആണ്. 100 മാ‍ര്‍ക്ക് യൂനിവേര്‍സിറ്റി പരീക്ഷയില്‍ നിന്നും. അങ്ങിനെ 75 മാര്‍ക്ക് വാങ്ങണം ജയിക്കണമെങ്കില്‍. അതില്‍ യൂണിവെര്‍സിറ്റി പരീക്ഷയില്‍ 40 മാര്‍ക്ക് എന്തായാലും വാങ്ങണം. സാറിന്മാരുടെ കാല്‍ക്കല്‍ ഇരന്നു കിട്ടിയ 35 മാര്‍ക്ക് ഇന്റേണല്‍ + 40 മാര്‍ക്ക് യൂണിവെര്‍സിറ്റി [എഴുതി കിട്ടിയത്+മോഡറേഷന്‍]=75 . ഇതായിരുന്നു സാധാരണ ഒരു എന്‍ജ്ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയുടെ ആഗ്രഹം. ശശീന്ദ്രന്‍ സാര്‍ സാധാരണ 35 മാര്‍ക്ക് ആര്‍ക്കും കൊടുക്കാറില്ല. അങ്ങിനെ യൂണിവേര്‍സിറ്റി എക്സാമില്‍ 50 വാങ്ങിയാല്‍ പോലും ജയിക്കാത്ത ഭാഗ്യവാന്മാര്‍ ഒരുപാടുണ്ട്. യൂണിവേര്‍സിറ്റി പേപ്പര്‍ നോക്കുന്നതും സാധാരണ സാറായിരിക്കും. കംസന്‍ ശ്രീക്രുഷ്ണന്റെ പേരു വിളി നടത്തുന്ന പോലെ. 110 പേര്‍ പരീക്ഷ എഴുതിയതില്‍ 15 പേര്‍ ജയിക്കും. സാറിനെ എല്ലാരും കിളീന്ദ്രന്‍ എന്നാണ് സ്നേഹപൂര്‍വം വിളിച്ചിരുന്നത്, സാറിനു ശബ്ദം തീരെ ഇല്ലായിരുന്നു. ഒരു കൊച്ചു പെണ്‍കുട്ടി നിന്നു പാട്ടു പാടുന്ന പോലെ തോന്നും നമുക്കു സാറിന്റെ ക്ലാസ്സ് കേട്ടാല്‍. സാര്‍ ക്ലാസ് തുടങ്ങിയാല്‍ എന്റെ കൂട്ടുകാരന്‍ ഒടിയന്‍ ഒരു പാട്ടു പാടും.

“കിളി ചിലച്ചു. ഒരു കിളി ചിലച്ചു...”

സാറിന്റെ ക്ലാസ്സില്‍ ഞാന്‍ എന്നും 20 മിനിറ്റ് വൈകിയേ എത്തൂ. അത്രയും കുറച്ച് സഹിച്ചാല്‍ മതിയല്ലോ. വന്നലുടനെ എനിക്കേറ്റവും ഇഷ്ട്ടപെട്ട പുറകിലെ ബെഞ്ചില്‍ പോയിരിക്കും. ആ ബെഞ്ചുകളാണ് എല്ലാ അനാശാസ്യപ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത്. ഇതേ ബെഞ്ചില്‍ വച്ചാണ് എന്റെ എക്കാലത്തേയും ബെസ്റ്റ് സെല്ലര്‍ “പാടത്തെ ദീപ പച്ച മാങ്ങ തിന്നുന്നു” എന്ന വൈജ്ഞാനിക ഗ്രന്ഥം ഞാന്‍ എഴുതിയത്. ഈ ക്രുതിയില്‍ ആഗോളവത്കരണത്തേയും അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെ ഒസോണ്‍ പാളിയിലെ വിള്ളലിനെ കുറിച്ചും ഞാന്‍ നടത്തിയ പരാമര്‍ശനങ്ങള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി എനിക്കു എ സര്‍ട്ടിഫികറ്റ് തന്നു ആദരിക്കുകയുണ്ടായി. കൂടാതെ ഇതിലെ നായകന്‍ എന്റെ ആത്മാര്‍ത്ഥ സുഹ്രുത്ത് സനല്‍ദാസ് അവനു വന്നു ചേര്‍ന്ന ചീത്തപേരിനു നന്ദി സൂചകമായി എന്റെ തല 10 മിനുറ്റ് വെള്ളത്തില്‍ മുക്കി പിടിച്ചിരുന്നു.

അങ്ങിനെ പറഞ്ഞു വരുമ്പോള്‍ എനിക്കു സാറിന്റെ വിഷയത്തില്‍ ഒരു പിണ്ണാക്കും അറിയില്ലായിരുന്നു. ആദ്യത്തെ ക്ലാസ് ടെസ്റ്റ് നടന്നു. 5 പ്രോബ്ലം മാത്രം. 5x5=25 . സിമ്പിള്‍ ! എനിക്കു കിളീന്ദ്രന്‍ സാറിനോട് വല്ലാത്ത ബഹുമാനം തോന്നി. അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്‍ വളരെ ക്രിയേറ്റീവ് ആയിരുന്നു. കാരണം, ആ പേപ്പറിന്റെ ഏറ്റവും വല്ല്യ പ്രത്യേകത എന്തായിരുന്നു എന്നു വച്ചാല്‍ അതു തിരിച്ചു പിടിച്ചു വായിച്ചാലും ഒരേ പോലെയായിരുന്നു. ആളൊരു ജീനിയസ്സ് തന്നെ. എന്തായാലും. ഞാന്‍ ഒരു കഥയും ഒരു കവിതയും മൂന്നു കടംങ്കഥയും എഴുതി പേപ്പര്‍ തിരികെ കൊടുത്തു. റിസല്‍റ്റ് വന്നു. എനിക്കു 25 ഇല്‍ 5 മാര്‍ക്ക് നഷ്ട്ടപെട്ടിരിക്കുന്നു. ഛായ്! എന്നാലും 5 മാര്‍ക്.അതെവിടെ പോയി?

എന്റെ കൂട്ടുകാരന്‍ സിമ്പ്ലന്‍ എന്ന നിതിന്‍ മോഹനന്‍ അടുത്തു വന്നു. ഞങ്ങള്‍ രണ്ടാളും പുറകിലെ ബെഞ്ചിലിരുന്നു ക്ലാസ്സിലെ ഒന്നാം സ്ഥാനത്തിനു വേണ്ടി പരസ്പരം മത്സരിക്കുന്നവരായിരുന്നു. വന്ന പാടേ അവന്‍ എന്റെ പേപ്പര്‍ എടുത്തു നോക്കി. എന്നിട്ടു ഒരു ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.

“നമുക്കു രണ്ടാള്‍ക്കും ഒരേ മാര്‍ക്ക് തന്നെ. എനിക്കു ടെന്‍ഷനായിരുന്നു നീയെന്നെ വെട്ടിക്കുമോയെന്നു”. അവന്‍ വീണ്ടും നെടുവീര്‍പ്പിട്ടു.
“ആണോ?” എനിക്കും സന്തോഷമായി. “അപ്പോള്‍ നമ്മളാണോ ടോപ്പേര്‍സ്?”
“അല്ല പിന്നെ! നമ്മള്‍ വീണ്ടും അടിച്ചു അളിയാ”. അവന്‍ ആകെ ത്രില്ലിലാണ്.
“അപ്പോള്‍ ആര്‍ക്കാ ഏറ്റവും കുറവ്?” എനിക്കു ആകാംഷയുണ്ടായിരുന്നു ഞങ്ങള്‍ ടോപ്പേര്‍സായ വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞ ആ മണ്ടനാരാ എന്നറിയാന്‍.
“ജോര്‍ജ്. അവന് 23 ഉണ്ട്.”
“എന്നാല്‍ അവനോടു പറ എന്റെ 2 ഉം കൂടെ എടുത്തോളാന്‍ 25 തികയ്ക്കാമല്ലോ. എനിക്കാണേല്‍ ഒരു നല്ല കാര്യം ചെയ്തതതിന്റെ സന്തോഷത്തില്‍ ‘സം പൂജ്യ‘നായി മടങ്ങാം”. ഞാന്‍ അവനെയാണോ എന്നെയാണോ പരിഹസിച്ചതെന്നുറപ്പില്ല.
“അതു വേണ്ട. നിന്റെ ആ‍ഗ്രഹം നീ അടുത്ത തവണ നടത്തിക്കോ? ഇപ്പോ നീ എനിക്കു കൂട്ടു വേണം. തത്ക്കാലം കാന്റീനിലേക്കു വാ”.
എന്തൊക്കെ പറഞ്ഞാലും കാന്റീന്‍ നല്ലൊരു വാക്കാണ്. കേട്ടാല്‍ എവിടുന്നാണെന്നറിയില്ല, വിശപ്പു തനിയേ ഓടി വരും. പോക്കറ്റിനെ മറക്കും.

ഒരു മാസം കഴിഞ്ഞു.അങ്ങിനെ എനിക്കു രണ്ടാമത്തെ ക്ലാസ്സ് ടെസ്റ്റ് നടന്നു. വീണ്ടും 5x5=25. ഇപ്രാവശ്യം ഞാന്‍ എന്റെ ലക്ഷ്യം നേടുക തന്നെ ചെയ്തു. നമ്മള്‍ എന്തെങ്കിലും മനസ്സു കൊണ്ട് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിനു വേണ്ടി അക്ഷീണം പ്രയത്നിച്ചാല്‍, ഊണിലും ഉറക്കത്തിലും അതിനെ പറ്റി മാത്രം ചിന്തിച്ചാല്‍ നമ്മള്‍ അതു നേടുക തന്നെ ചെയ്യും. ഞാന്‍ നേടി. ഇപ്രാവശ്യം തികഞ്ഞ ‘സം പൂജ്യ‘നായാണ് ഞാന്‍ മടങ്ങുന്നത്.
വീണ്ടും സിമ്പ്ലന്‍ വന്നു. വീണ്ടും പേപ്പര്‍ എടുത്തു നോക്കി. വീണ്ടും നെടുവീര്‍പ്പിട്ടു. എന്നിട്ടു പറഞ്ഞു.
“വട്ട പൂജ്യം!!..ഹും... വല്ലതുമൊക്കെ പഠിച്ചൂടെടാ?”
ഓഹോ..അങ്ങിനെയാണോ.. അല്ലേലും ഗ്രഹണസമയത്തു നീര്‍ക്കൊലിക്കും വിഷം കാണും എന്നല്ലേ? അതോ ഞാഞൂളിനും സീല്‍ക്കാരം കാണുമെന്നോ?.
“നിനക്കെത്രയാ?“ ഞാന്‍ ചോദിച്ചു പോയി.
“വീണ്ടും 2!”. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഒരുവന്റെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍.
അവന്‍ എന്റെയടുത്തു ഇരുന്നു. “ഏനിക്കു തോന്നുന്നത് ഈ ക്വസ്റ്റ്യന്‍ പേപ്പറില്‍ തിരുത്താന്‍ കഴിയാത്ത ഒരു പാട് തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെന്നാണ്”. അവന്‍ ഇല്ലാത്ത താടി സങ്കല്‍പ്പിച്ച് തടവാന്‍ തുടങ്ങി.

അതു കൂടി തിരുത്തിയാല്‍ പിന്നെ നീയും എന്നെ പൊലെ സം പൂജ്യനാകുമെടാ എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ പറഞ്ഞില്ല. മനസ്സില്‍ മറ്റന്നാള്‍ വക്കേണ്ട അസൈന്മെന്റാണ്. 52 പേജ് ഉണ്ടെന്നാ കേട്ടത്. ഈ കിളീന്ദ്രന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ലേ?

അസ്സൈന്മെന്റ് വക്കേണ്ട ദിവസം വന്നു. പതിവു പോലെ പകുതിയില്‍ അധികം പേരും എഴുതിയിട്ടില്ല. ഞാന്‍ എന്നും ഭൂരിപക്ഷാഭിപ്രായത്തൊട് നീതി പുലര്‍ത്തിയിട്ടുള്ളവനാണ്. അന്നു അസ്സൈന്മെന്റ് വച്ചതില്‍ എന്റെ ആത്മാര്‍ത്ഥസുഹ്രുത് അനീതും ഉണ്ടായിരുന്നു. ജോര്‍ജ് കഴിഞ്ഞാല്‍ അവനായിരുന്നു ഏറ്റവും മാര്‍ക്ക്. പിറ്റേ ദിവസം തന്നെ അസ്സൈന്മെന്റ് നോക്കി കിട്ടി. അവനു ‍18 മാര്‍ക്ക്. ഞാന്‍ തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ ടിക്ക് ഇട്ടിട്ടൊന്നുമില്ല. ഞാന്‍ വേഗം അതിന്റെ ആദ്യ പേജ് മാറ്റി. എന്റെ പേരുള്ള ഒരു പേജ് വച്ചു സാറിനു കൊണ്ട് കൊടുത്തു. എനിക്കു 17 മാര്‍ക്ക്. ഒരു ദിവസം വൈകിയതിനു ഒരു മാര്‍ക്ക് കുറവ്.
സാര്‍ എന്നോട് പറഞ്ഞു. “ഇത് 20 ഇലാണ്. ഈ മാര്‍ക്കും ഇതിന്റെ കൂടെ രണ്ടു ടെസ്റ്റുകളിലെ മാര്‍ക്ക് 30 ഇലാക്കിയതും ചേര്‍ത്താണ് നിങ്ങളുടെ സെഷനല്‍ മാര്‍ക്ക്”

ഞാന്‍ കണക്കു കൂട്ടി. എനിക്കു ഇപ്പോള്‍ 50 ഇല്‍ 2 മാര്‍ക്കാണ് ഉള്ളത്. അതായത് 4%. 30 ഇല്‍ അപ്പോള്‍ 1.2 മാര്‍ക്ക്. എനിക്കപ്പോള്‍ ആകെ സെഷന്‍ 50 ഇല്‍ 1.2+17=18.2 =19!!!!! എന്റെ ഗുരുവായൂരീശൊമറിയബിസ്മില്ലാഹിറഹിമേ!!! ഞാ‍ന്‍ അപ്പോള്‍ 75-19=56 വാങ്ങണോ പാസ്സാകാന്‍. ഞാന്‍ എന്ന് എന്‍ജ്ജിനീയറിങ്ങ് പാസ്സാകാനാ?!!

എനിക്കു കൂട്ടിനു കുറേ പേരുണ്ടായിരുന്നു. ഞങ്ങള്‍ പശുവിന്റെ നേത്രുത്വത്തില്‍ ദ്രുതകര്‍മസേന രൂപീകരിച്ചു. ഞങ്ങളെ ഈ നിലക്കാക്കിയ ആ പഹയനോടു പ്രതികാരം ചെയ്തിട്ടു തന്നെ ബാ‍ക്കി കാര്യം. “കിളീന്ദ്രന്റെ കൊക്കും ചിറകും ഞാന്‍ അരിയും” പശു ശപഥം ചെയ്തു. വാളും പരിചയമെടുത്ത് സാറിനെ വെട്ടാന്‍ റൂമിലേക്കു ഞങ്ങളെല്ലാവരും ചെന്നു. സാറിന്റെ മുന്നിലെത്തിയതും പശു ആക്രോശിച്ചു.

“സാ‍ാ‍ാ‍ാര്‍, ഒരവസരം കൂടെ തരണം. ഇല്ലേല്‍ ഞങ്ങളെല്ലാവരും തോറ്റു പോകും.പ്ലീസ്സ്സ്സ്സ്സ്സ്..”

ബംഗ്ലാദേശില്‍ നിന്നെത്തിയ അഭയാര്‍ഥികളെ പോലെ കുറെയെണ്ണത്തെ കണ്ടിട്ടാകണം അങ്ങേര്‍ സമ്മതിച്ചു. ഒരു റീടെസ്റ്റ്.

ഹാ‍ായ്!റീടെസ്റ്റ് ദിനം വന്നെത്തി കഴിഞ്ഞുഎന്നെ സംബന്ധിച്ചിടത്തോളം റീറ്റെസ്റ്റുകള്‍ സാധാരണ റീടേക്കുകളാകാറേ ഉള്ളൂ. ഇന്നും അങ്ങിനെ തന്നെ. അപ്പോളാണ് ക്ലാസ്സിലെ മൂന്നാം റാങ്കുകാരന്‍ പറവൂര്‍കാരന്‍ ജ്യോതിഷ് ഒരു പേപ്പറും പേനയും പിടിച്ചു വരുന്നത് ഞാന്‍ കണ്ടത്. കഴിഞ്ഞ രണ്ടു റ്റെസ്റ്റിലും 20 ഇല്‍ കൂടുതല്‍ വാങ്ങിയവനാ. പിന്നെ ഈ കോപ്പനു ഇവിടെ എന്തു കാര്യം?

“എന്താടാ പുല്ലേ ഇവിടെ?” ഞാന്‍ ചോദിച്ചു.
“എക്സാമെഴുതാന്‍”. അവന്‍ പറഞ്ഞു.
പ്പ്ഫ!!!
ഇവന്‍ എന്തിനാ റീടെസ്റ്റെഴുതുന്നെ? അല്ലേലും കാണും ഇങ്ങനെ ഓരോരുത്തന്മാര്‍. വീട്ടില്‍ ബെന്‍സ് കാര്‍ കാണും എന്നാലും ഓണത്തിനു സപ്പ്ലൈക്കോയുടെ സൌജന്യ കിറ്റ് വാങ്ങാന്‍ ക്യൂ നില്‍ക്കും.
“എടാ നീയെന്തിനാ എഴുതുന്നെ? നീ ഒരു കാര്യം ചെയ്യു. നീ എന്റെ പേരില്‍ എഴുതു” എന്റെ തലയില്‍ ബള്‍ബ് കത്തി.
“അത് വേണോ?” അവനൊരു സംശയം.
“വേണം. അപ്പോള്‍ പേരും നംബറും അറിയാമല്ലോ?” ഞാന്‍ എല്ലാം ഉറപ്പു വരുത്തി.
“അറിയാം.”
“അപ്പോള്‍ എല്ലാം പറഞ്ഞ പോലെ. ഞാന്‍ ഗാല്ലറിയില്‍ കാണും.”
പോരുന്ന വഴിയില്‍ ഞാന്‍ സിമ്പ്ലന്റെ മുഖത്തേക്കു നോക്കി. അസൂയകലര്‍ന്ന ഒരു അളിഞ്ഞ ചിരി. ഞാന്‍ എന്റെ ഷര്‍ട്ടിന്റെ കോളര്‍ ഒന്നു ഉയര്‍ത്തിയിട്ടു ഗാല്ലറിയില്‍ പോയിരുന്നു. അവിടെ രതിഷും സനലും കൂടെ എം.ടെക്കിനു പഠിക്കുന്ന ഒരു ചേട്ടനോടു സംസാരിക്കുവായിരുന്നു.

ആ ചേട്ടന്‍ ഗാല്ലറിയിലിരിക്കുന്ന രണ്ടു കമിതാക്കളെ നോക്കിയിട്ടു പറഞ്ഞു.
“ഞാനും ഇതു പോലെ ഒരു കൊച്ചിനെയും കൊണ്ട് ഇവിടെയിരുന്നു ഒരു മൂന്നു കൊല്ലം കുറേ പുന്നാരം പറഞ്ഞതാ”
“എന്നിട്ട്?” രതിഷിനു ആകാംക്ഷ സഹിക്കാന്‍ വയ്യ.
“എന്നിട്ടെന്ത്? അവളവസാനം ഒരു ഡോക്റ്ററെ കിട്ടിയപ്പോള്‍ എന്നോടു ചോദിച്ചു ഹു ആര്‍ യൂന്ന്” അങ്ങേര്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു.
ഏതവള്‍ക്കാ ഇത്ര അഹങ്കാരം? എഞ്ജിനീയര്‍മാരേക്കാള്‍ വല്ല്യ ഡോക്റ്ററ്മാരോ? കാണണമല്ലോ അവളെ.
ഇങ്ങനെ ചിന്തിച്ച് നിന്ന എന്നെ അപ്പോളാണവര്‍ കണ്ടത്. ഞാന്‍ പരീക്ഷ കൊട്ടേഷന്‍ കൊടുത്തതറിഞ്ഞ് അവര്‍ പറഞ്ഞു. “നീയതും ചെയ്യും!”
കുറേ കഴിഞ്ഞപ്പോള്‍ ജ്യോതിഷ് വരുന്നു.
“കഴിഞ്ഞോടാ? എങ്ങനെയുണ്ടായിരുന്നു. പേരൊക്കെ ശരിക്കും എഴുതിയിട്ടില്ലേ?”
“കഴിഞ്ഞു അളിയാ. ഞാന്‍ രണ്ടു പേപ്പര്‍ എഴുതി. ഒരെണ്ണം എന്റെയും ഒരെണ്ണം നിന്റെയും. പക്ഷേ നിന്റെ പേപ്പറില്‍ പേരെഴുതുന്നതിനു മുന്‍പ് മഷി തീര്‍ന്നു പോയി”
“കോപ്പേ എന്നിട്ട്?”
“ഞാന്‍ സിമ്പ്ലന്റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. അവന്‍ നിന്റെ പേപ്പറില്‍ നിന്നും പകര്‍ത്തുന്നുണ്ട്. അവന്‍ പേരെഴുതി വച്ചോളും.”
എനിക്കു കുറച്ചു നേരത്തേക്കു ഒന്നും ചിന്തിക്കാന്‍ പറ്റിയില്ല. ഈ മണ്ടന്‍ എന്തിനാ ഇവന്റെ പേരിലും പരീക്ഷ എഴുതിയെ? കയ്യക്ഷരം മനസ്സിലാകില്ലേ? എന്നിട്ട് അത് ഏല്‍പ്പിച്ചിരിക്കുന്നതാരെ.സിമ്പ്ലനെ! എനിക്കു വയ്യ ഒന്നും ആലോചിക്കാന്‍.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സിമ്പ്ലന്‍ വന്നു. ഞാന്‍ അവനെ കണ്ടതും ചോദിച്ചു.
“എന്തായി? നീ എന്റെ പേരെഴുതി സബ്മിറ്റ് ചെയ്തില്ലെ?”
അവന്‍ തലയാട്ടി.”ഉവ്വ. വച്ചിട്ടുണ്ട്”
സമാധാനമായി. ഇനി പ്രശ്നമില്ല. ചോദിച്ചാല്‍ പറയാം ജ്യോതിഷ് എന്റേതില്‍ നിന്നും പകര്‍ത്തിയതാണെന്ന്.
“പക്ഷേ ഇവന്‍ നീല മഷി കൊണ്ടാ ഉത്തരങ്ങള്‍ എഴുതിയത്. എന്റെ കയ്യില്‍ കറുപ്പേ ഉണ്ടായിരുന്നുള്ളൂ.” സിമ്പ്ലന്റെ ശബ്ദം.

രണ്ടു കയ്യക്ഷരം. രണ്ടു മഷി. മൂന്നു വ്യക്തികള്‍ക്കു ബന്ധം. സന്തോഷായി. സംത്രുപ്തിയായി എനിക്കു. സനലിനും രതിഷിനും ചിരി സഹിക്കാന്‍ പറ്റുന്നില്ല.

അങ്ങിനെ ആ പേപ്പറും നോക്കി കിട്ടി. എനിക്കും ജ്യോതിഷിനും ഒരേ മാര്‍ക്, രണ്ടു പേപ്പറിലും വട്ടത്തിലെഴുതിയിരിക്കുന്നു “Copy". ഈ “Copy" 25 ഇല്‍ കൂടുതലുള്ള മാര്‍ക്കാണോ? സാര്‍ എന്നെ പ്രത്യേകം കാണാന്‍ അന്വേഷിക്കുമെന്നു കരുതി. പക്ഷേ ഉണ്ടായില്ല. സെഷനല്‍ മാര്‍ക്ക് പബ്ലിഷ് ചെയ്തു. എനിക്കു 26. പക്ഷേ ഇപ്രാവശ്യവും പശുവിനു കുറവായതു കാരണം വീണ്ടും ഒരു ദൌത്യസംഘത്തേക്കൂടെ കിളീന്ദ്രനെ കാണാന്‍ അയച്ചു. വീണ്ടും ഒരു റീറ്റെസ്റ്റ് കിട്ടി. മൊത്തതില്‍ നാലാമത്തെ ടെസ്റ്റ്. രണ്ടാമത്തെ റീറ്റെസ്റ്റ്. കേട്ടവര്‍ കേട്ടവര്‍ ഞെട്ടി. ആരും ഹര്‍ത്താലൊന്നും നടത്തിയില്ല. സീനിയേര്‍സ് തല കറങ്ങി വീണു. ആദ്യായിട്ടാണത്രേ കിളീന്ദ്രന്‍ റീടെസ്റ്റ് കൊടുക്കുന്നത്. അതും രണ്ടെണ്ണം???!!!!! അതിന്റെ പിന്നിലുള്ള രഹസ്യം ഞങ്ങളോട് കിളീന്ദ്രന്‍ തന്നെ വെളിപ്പെടുത്തി. ആദ്യായിട്ടാണത്രേ സാറിനു 30 hour ക്ലാസ് എടുക്കാന്‍ കിട്ടുന്നത്. സീനിയേര്‍സ് എല്ലാരും മാസ് ബങ്കിങ്ങ് ആയിരുന്നു. 15 ക്ലാസ്സില്‍ കൂടുതല്‍ കിട്ടിയിട്ടില്ല ഈ പാവം സാറിന്. ഹാവൂ! എന്തായാലും ഞങ്ങളുടെ ഭാഗ്യം.

പരീക്ഷ നടന്നു. ഞാന്‍ പഠിച്ച് വന്നെഴുതി. കുറേ തെറ്റായ ഉത്തരം കണ്ടു പിടിച്ചു. വീണ്ടും റിസല്‍റ്റ് വന്നു. 25 ഇല്‍ 8 കിട്ടിയവര്‍ക്കൊക്കെ സെഷന്‍ 35 ആ‍ായി കിട്ടും. ഞാന്‍ എന്റെ പേപ്പര്‍ എടുത്തു നോക്കി. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എനിക്കു 9 മാര്‍ക്ക്. സന്തോഷം കൊണ്ടെന്റെ വയറ്റിലൊരു സുനാമി കയറിയിറങ്ങി. ദാ വരുന്നു സിമ്പ്ലന്‍.
പേപ്പര്‍ എടുത്തു. ഉയര്‍ത്തി. നെടുവീര്‍പ്പിട്ടു.
“ഹും.. ഇനി റീടെസ്റ്റ് കിട്ടില്ലല്ലോ ഗോപികുട്ടാ” അവന്‍ പറഞ്ഞു.
“ഇനി വേണ്ടല്ലോ? 8 ഇല്‍ കൂടുതല്‍ കിട്ടിയാല്‍ 35 കിട്ടും” ഞാന്‍ അവനെ തിരുത്തി.
“അതു 8 ഇല്‍ കൂടുതല്‍ കിട്ടിയവര്‍ക്കല്ലേ? നിനക്കു 6 അല്ലേ ഉള്ളു” അവന്‍ പേപ്പര്‍ എന്റെ നേരെ തിരിച്ചു.
ഈശ്വരാ ഞാനപ്പോള്‍ പേപ്പര്‍ തലതിരിച്ചാണോ പിടിച്ചിരുന്നേ. മാര്‍ക്ക് കൂട്ടി നൊക്കിയപ്പോള്‍ കാര്യം ശരിയാണ് ഒരു നാലും ഒരു രണ്ടും. മൊത്തം 6. ക്രിക്കറ്റില്‍ മാത്രേ 6 അടിച്ചാ‍ല്‍ ആഹ്ലാദിക്കാന്‍ പറ്റൂ . അതുകൊണ്ടു ഞാന്‍ പേപ്പറില്‍ ആകെ തിരഞ്ഞു. ദാ കിടക്കുന്നു. ഒരു രണ്ടു മാര്‍ക്കിന്റെ ഉത്തരത്തിനു മാര്‍ക്ക് ഇട്ടിട്ടില്ല. ഞാന്‍ വാലിന്മേല്‍ തീ പിടിച്ചവനെ പോലെ സാറിന്റെ മുന്നിലെത്തി. രണ്ടു മാര്‍ക്ക് വാങ്ങി മൊത്തം 35 ഒപ്പിച്ചു. ഹാവൂ! ഇനി യൂണിവേര്‍സിറ്റിയില്‍ ഒരു 40 അതും കൂടെ മതി.


യൂണിവേര്‍സിറ്റ്യ്ക്കു ഞാന്‍ പഠിക്കാനുള്ള ഒരു ശ്രമമൊക്കെ നടത്തിയെങ്കിലും കാര്യമായി ഒന്നും പഠിക്കാനായില്ല. എന്നിട്ടും ഞാന്‍ ജയിച്ചു. 40 മാര്‍ക്ക് ആഗ്രഹിച്ചിടത്ത് 71 വാങ്ങി. കാലികറ്റ് യൂണിവേര്‍സിറ്റി മൊത്തം ഞെട്ടി. എന്തിന് സാക്ഷാല്‍ കിളീന്ദ്രന്‍ പൊലും ഞെട്ടി വിറച്ചു. പക്ഷേ എന്റെ കൂട്ടുകാര്‍ , ടെസ്റ്റുകളിലെല്ലാം എന്നേക്കാള്‍ മാര്‍ക്ക് വാങ്ങിയവര്‍ എന്നിട്ടും യൂനിവെര്‍സിറ്റിയില്‍ ഞാന്‍ അവരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതു കണ്ടിട്ട് ഞെട്ടിയില്ല. അവര്‍ പറഞ്ഞു.

“അനീത് അടുത്തിരുന്നാല്‍ നീ ഇതു വാങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ”

ഞാന്‍ അനീതിന്റെ പേപ്പര്‍ ഈച്ച പകര്‍പ്പു നടത്തിയ കാര്യം ഇവന്മാരും അറിഞ്ഞിരിക്കുന്നു. സത്യത്തില്‍ ഇത്രയും മാര്‍ക്ക് കിട്ടിയതിനു ഞാന്‍ ആരോടാണ് കടപെട്ടിരിക്കുന്നത്? എനിക്കെഴുതുവാന്‍ പേപ്പര്‍ നീക്കി വച്ചു തന്ന അനീതിനോടോ? അതോ ഞാന്‍ പകര്‍ത്തുന്നത് കാണാതെ പോയ എന്റെ എക്സാമിനര്‍ക്കോ? അതോ പകര്‍ത്തിയെഴുതുവാന്‍ ഇത്രയ്ക്കു കഴിവുള്ള എന്നിലെ പ്രതിഭയ്ക്കോ?

അല്ല ഇവര്‍ക്കാര്‍ക്കുമല്ല. ഒന്നുകില്‍ എനിക്കു അനീഷ് എന്നു പേരിട്ട എന്റെ അച്ഛനും അമ്മയ്ക്കും അല്ലേല്‍ അവനു അനീത് എന്നു പേരിട്ട അവന്റെ അച്ഛനും അമ്മയ്ക്കും. അതുമല്ലെങ്കില്‍ ഞങ്ങളെ അടുത്തിരുത്തുന്ന ഇംഗ്ലിഷ് അക്ഷരമാലയ്ക്ക്!!

Monday, December 22, 2008

തുഗ്ലക്ക് മരിച്ചിട്ടില്ല; അവന്‍ എന്‍ട്രന്‍സ് പരീക്ഷ പാസായി


ന്‍ട്രന്‍സ് ലോബികളുടെ കളികള്‍ കാരണം മാറ്റത്തിന്റെ കൊടുംങ്കാറ്റുയര്‍ത്തി വരുന്ന പ്രൊഫെഷണല്‍ കോളേജുകളിലേക്കുള്ള പ്രവേശന നടപടികളിലെ ‘പരിഷ്കാരങ്ങള്‍‘ ഇക്കൊല്ലം നടപ്പിലാക്കാന്‍ കഴിയുന്നില്ല എന്നാണ് നമ്മുടെ വിദ്യഭ്യാസമന്ത്രിയുടെ ഏറ്റവും അവസാനത്തെ സങ്കടം. ശരിക്കും എനിക്കും സങ്കടമുണ്ട്. മന്ത്രിയോടു എന്റെ ദു:ഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രൊഫഷണല്‍ കോളേജ് ഫീസ് ഘടനയില്‍ കാര്യമായ മാറ്റങ്ങളൊന്നും വരുത്താന്‍ സാധിക്കാതെ പോയ ഗവണ്മെന്റിനു ഈ പരിഷ്കാരങ്ങല്‍ ഒരു ആശ്വാസം തന്നെയായിരുന്നു. എല്ലാം ശുദ്ധമണ്ടത്തരങ്ങള്‍ ആണെങ്കില്‍ പോലും.

+2 മാര്‍ക്ക് കൂടി പരിഗണിക്കുന്നതിലൂടെ എന്ത് മാറ്റമാണ് ഉദ്ദേശിക്കുന്നത്? +2 മാര്‍ക്ക് ആര്‍ക്കും എങ്ങനേയും ഏതു രീതിയിലും മാറി മറിഞ്ഞു പോകാവുന്ന ഒന്നാണ്. മനസ്സിലായില്ലല്ലേ?
1. അതായത്, ഒരു എഴുത്തു പരീക്ഷയില്‍ ഒരു കുട്ടിക്കു കിട്ടുന്ന മാര്‍ക്ക് നിശ്ചയിക്കുന്നത് ഉത്തരങ്ങള്‍ മാത്രമല്ല. പേപ്പര്‍ നോക്കുന്ന അദ്ധ്യാപകന്റെ തീരുമാനങ്ങള്‍ കൂടിയാണ്. ഒരു 30 മാര്‍ക്കിന്റെ പേപ്പറിനു അല്‍പ്പം ലിബറല്‍ ആയ ഒരു അദ്ധ്യാപന്‍ 35 മാര്‍ക്ക് കൊടുക്കും. അതേ സമയം ചിലര്‍ 25 കൊടുക്കും.
2. പിന്നെ മറ്റൊന്ന് 2005 ഇല്‍ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ മാര്‍ക്ക് 2006 ഇല്‍ പരീക്ഷയെഴുതിയ ഒരു കുട്ടിയുടെ മാര്‍ക്കുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. കാരണം ഒരൊ കൊല്ലവും ഓരോ ചോദ്യപേപ്പറാണ്. 2005 ലെ കണക്ക് പേപ്പര്‍ ചിലപ്പോള്‍ എളുപ്പമുള്ളതാകും. 2006 ല്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളതും. അങ്ങിനെയെങ്കില്‍ 2005 ഇല്‍ 95/100 വാങ്ങിയ കുട്ടിയും 2006 ല്‍ 90/100 വാങ്ങിയ കുട്ടിയും തമ്മില്‍ വേര്‍തിരിക്കുക ധാര്‍മികമായി ശരിയല്ല.
3.മറ്റൊന്ന് ലാബുകളാണ്. അതിലൊക്കെ കിട്ടുന്ന മാര്‍ക്ക് ചോദിക്കുന്ന വൈവയും അദ്ധ്യാപകന്റെ മനസാന്നിദ്ധ്യത്തിലും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. പിന്നെ എഞ്ജിനീയറിങ്ങ് പോലെ logical reasoning ഇനെ അടിസ്ഥാനമാക്കിയുള്ള കോര്‍സുകള്‍ക്ക് ചേരുവാന്‍ ഭാഷാ വിഷയങ്ങളില്‍ ഛര്‍ദ്ദിച്ചു കിട്ടുന്ന മാര്‍ക്കുകളും പ്രാധാന്യം നേടും.
4. ഒരു തരത്തിലും രണ്ട് സിലബസുകളിലെ മാര്‍ക്കുകള്‍ തമ്മില്‍ പൊതുവായൊരു അളവുകോലാല്‍ അളക്കാന്‍ സാധ്യമല്ല. അങ്ങിനെ ചിന്തിക്കുന്നവര്‍ ഒന്നുകില്‍ മരമണ്ടന്മാര്‍ ആകും. അല്ലേല്‍ സ്കൂളില്‍ പോകാത്തവര്‍.
5. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കു ട്യൂഷനു പോയി എന്‍ട്രന്‍സ് എഴുതാന്‍ സാധിക്കുന്നില്ല. അതുമൂ‍ലം അവസരം നഷ്ട്ടപെടുന്നു എന്നാണ് വാദം. 50:50 എന്ന അനുപാതത്തില്‍ ചോദ്യപേപ്പര്‍ വരുമ്പോള്‍ ഒരു കുട്ടി രണ്ട് സ്ഥലത്ത് ട്യൂഷനു പോകേണ്ടി വരും. അത്രയ്ക്കല്ലേ വ്യത്യാസം? ഈ +2 ല്‍ മാര്‍ക്ക് കിട്ടുന്നത് മുഴുവന്‍ സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളും എന്‍ട്രന്‍സ് ഇല്‍ റാങ്ക് കിട്ടുന്നത് സാമ്പത്തികമായി നല്ല സ്ഥിതിയിലുള്ള കുട്ടികളും ആണ് എന്നതു പോലെയാണ് സംസാരം. കഴിവുള്ളവര്‍ക്ക് തന്നെയേ അര്‍ഹിക്കുന്നത് കിട്ടൂ.
6. ഏതെങ്കിലും ദേശീയ പരീക്ഷകള്‍ +2 മാര്‍ക്ക് മാനദണ്ഠമാകുമോ? IIT ,JIPMER എല്ലാം എന്‍ട്രന്‍സ് പരീക്ഷ എഴുതി തന്നെ ജയിക്കണം.
7. പിന്നെ കലാ കായിക താരങ്ങള്‍ക്കു നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഒരു മാനദണ്ഠമാകില്ലേ? അപ്പോള്‍ ഇതെല്ലാം പരിശീലിപ്പിക്കാന്‍ സാമ്പത്തികമായി പിന്നോക്കം നല്‍കുന്നവര്‍ക്ക് സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.

ഒരു ക്വസ്റ്റന്‍ ബാങ്ക് ഇറക്കുമെന്നു പറയുന്നു. എങ്കില്‍ പിന്നെ ഏതു കുട്ടിക്കും അതു പഠിക്കാമല്ലോ. പിന്നെന്തിനാ +2 മാര്‍ക്ക് പരിഗണിക്കുന്നേ? പറയുവാനാണേല്‍ ഒരുപാടുണ്ട്. എങ്കിലും നിര്‍ത്തുന്നു. വിവരമില്ലാത്ത രാഷ്ട്രീയക്കാരും അവരു പറയുന്നതനുസരിച്ച് ന്രുത്തം ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഇതില്‍ ഇടപെടില്ല. മുണ്ടശ്ശേരി രണ്ടാമനെന്നോ തുഗ്ലക്ക് രണ്ടാമനെന്നോ നമ്മുടെ മന്ത്രിയെ വിളിക്കേണ്ടതെന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍.

Sunday, December 14, 2008

കാലന്റെ കാലൊടിഞ്ഞാല്‍


രാടാ ഫുട്ബോള്‍ കണ്ടുപിടിച്ചത്? അവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ കാളവണ്ടി കയറ്റി കൊന്ന് കൊക്കയിലെറിയും. എന്തൊരു കഷ്ട്ടമാണിത് ഒരു പന്തും ഒരു പത്തിരുപത് ആളുകളും . ഇതിന്റെയൊക്കെ ഇടയില്‍ എന്റെ കാ‍ലും. എനിക്കു നല്ല വേദനയുണ്ട്. എന്തു കാര്യമുണ്ടായിട്ടാ? ആ തടിയന്‍ പന്തുമാ‍യി അങ്ങു പൊക്കോട്ടെ എന്നു വിചാരിച്ചാല്‍ മതിയായിരുന്നു. അവന്റെ പോക്കു കണ്ടപ്പോള്‍ ഭാര്യയെ പ്രസവത്തിനു കയറ്റിയ പോലെ ആയിരുന്നു. എന്നാല്‍ പിന്നെ പന്ത് എനിക്കു തന്നിട്ടു പോക്കൂടെ എന്നു കരുതി കാലു വച്ചതാ, എന്തൊക്കെയോ ശബ്ദം കേട്ടു. ആരോ കൈ തന്നിട്ടാ ഞാന്‍ നിലത്തു നിന്നെണീറ്റത്. മണ്ണ് തട്ടി കളഞ്ഞ് പകരം വീട്ടാന്‍ ഓടാന്‍ തുടങ്ങിയപ്പോളാ മനസ്സിലായേ കാലുളുക്കിയെന്ന്. ശരിക്കും നിക്കാന്‍ മേലാ. ഷര്‍ട്ട് മുഴുവന്‍ ചെളിയുമായി വീട്ടിലേക്കു വന്നപ്പോള്‍ അമ്മയുടെ വക എനിക്കില്ല്ലാത്ത ഭാര്യക്ക് ചീത്ത. നിന്റെ കെട്ടിയോള്‍ ഉണ്ടല്ലോ ഇവിടെ അലക്കിയിടാനെന്ന്‍. എന്റെ ഞൊണ്ടുന്ന കാലിലേക്കു നോക്കിയൊരു അനുശോചനമെങ്കിലും രേഖപ്പെടുത്തമ്മേ എന്ന് പറയണമെന്നുണ്ടായിരുന്നു. പിന്നെ അതും കാ‍ണിച്ചു കൊടുത്താല്‍ കാലൊടിഞ്ഞു കിടന്നാല്‍ നോക്കാന്‍ നിക്കാന്‍ അവളുണ്ടോ എന്നു ചോദിച്ചാലോ. വേണ്ട! എന്തിനാ എവിടെയെങ്കിലുമിരുന്ന് ആരുടെയെങ്കിലും പരദൂഷണം പറഞ്ഞു ജീവിക്കുന്ന ആ പാ‍വത്തിനെ ഇതിലേക്കു വലിച്ചിഴക്കുന്നേ. അവള്‍ക്കു ഫുട്ബോള്‍ എന്താണെന്നു കൂടെ അറിയുമോ ആവോ.

ഒരു ദിവസം മൊത്തം ഞാന്‍ വേദന സഹിച്ചു. പിറ്റെ ദിവസം എണീറ്റപ്പോള്‍ മനസ്സിലായി സംഗതി ഒരു നടക്കു പോകില്ല. ഡോക്റ്ററെ കണ്ടേ പറ്റു. അങ്ങിനെ നംബര്‍ ബുക്ക് ചെയ്ത് വൈകീട്ട് ഇറങ്ങി. അവതാരപിറവികളുടെ മുഴുവന്‍ രൂപവും ആവാഹിച്ച ആ രക്ഷകനെ കാണാന്‍. എന്നെ താങ്ങി കൊണ്ടുവാന്‍ എന്റെ അമ്മയിയുടെ മകനേയും കിട്ടി.

ഡോക്റ്ററുടെ വീട്ടിലേക്കു റോഡ് ഒന്നു ക്രോസ്സ് ചെയ്യണം. നമ്മുടെ അമ്മായിയുടെ മകനെന്നു പറയുന്ന സഹായി ആദ്യം കടന്നു. എന്നിട്ടു എന്നോടു ആംഗ്യം കാണിച്ചു കടക്കാന്‍. ബെസ്റ്റ്! ഇതില്പരം എന്തു സന്തോഷമാ കാലുളുക്കി നടക്കാന്‍ മേലാത്തവനു വേണ്ടേ. നല്ല തിരക്കുള്ള റോഡ് മുറിച്കു കടക്കുക. ഇതിനു മാത്രം എന്തു പുണ്യമാ ഞാന്‍ ചെയ്തേ? ആ പഹയന്റെ തല്ലക്കടിച്ച് എന്നെ താങ്ങി കൊണ്ടു പോകെടോ എന്നു പറയണമെന്നുണ്ടായിരുന്നു. അപ്പുറത്ത് ക്രോസ് ചെയ്യുന്ന +2കാരി പെങ്കുട്ടികളോടു സഹായം ചോദിച്ചാലോ? ഒരു വെടിക്കു രണ്ട് പക്ഷി. കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെ. അല്ലേല്‍ വേണ്ട. ഇപ്പോല്‍ തന്നെ മൊത്തം പരുക്കുകളാ. അന്നു സമരത്തിന്റെ അന്നുണ്ടായത് ഓര്‍മയുണ്ടല്ലോ. എന്നോടെന്റെ ഉള്ളിലിരുന്നു ആരോ പറഞ്ഞു. ആ സംഭവം ഇപ്പം പറയാന്‍ വയ്യ. ഒരു വായ് നോക്കിയുടെ ജീവിതത്തിലെ ഒരു ഏട് മാത്രം! അങ്ങിനെ കണ്ടാല്‍ മതി.

ഡോക്റ്റരുടെ റൂമിനു പുറത്ത് നല്ല തിരക്ക്. എന്റെ നംബര്‍ 17 ആണ്. ഇപ്പോള്‍ 2 ആയത്രേ. ഹാവൂ! സംത്രുപ്തിയായി. ഇനി ഇവിടെ നിന്നു അത്താഴവും കഴിച്ചിട്ടു പോകാം. ഡൊക്റ്റര്‍ നിര്‍ബന്ധിക്കുമോ ആവോ. ഇല്ലേലും നമ്മള്‍ നമ്മുടെ മര്യാദ കാണിക്കണം. ചുറ്റും ഇരിക്കാന്‍ 10 കസേരയുണ്ട്. പത്തിലും ആളുണ്ട്. ഒരു താത്കാലിക വികലാംഗനെ കണ്ടിട്ട് ഒരാളും എണീറ്റു തന്നില്ല. ഞാന്‍ എത്രയാള്‍ക്കു ബസ്സില്‍ എണീറ്റ് നിന്നു സീറ്റ് കൊടുത്തിട്ടുള്ളതാ. എനിക്കൊരാവശ്യം വന്നപ്പോള്‍ ഒരു പട്ടിയും തന്നില്ല. ക്ഷമിക്കണം പട്ടി എന്ന വാക്ക് ഞാന്‍ തിരിച്ചെടുത്തിരിക്കുന്നു, അതൊക്കെ വല്ല്യ പ്രശ്നമാകും. കൊടുത്താല്‍ കൊല്ലത്തു കിട്ടുമെന്നൊക്കെ പറയുന്നതു ചുമ്മാതാ. അല്ല, ഇതിപ്പോ സത്യത്തില്‍ എന്റെ തെറ്റല്ലേ? സീറ്റ് കിട്ടണമായിരുന്നേല്‍ ഡൊക്റ്ററെ കാണാന്‍ ഞാന്‍ കൊല്ലത്ത് പോകേണ്ടതായിരുന്നില്ലേ. എന്റെ മുന്നില്‍ ഒരു ചേട്ടനും ചേച്ചിയും അടുത്തിരുന്ന് ഒരുപാട് സ്വകാര്യം പറഞ്ഞു ചിരിക്കുന്നുണ്ടായീരുന്നു. ചേച്ചി കാണാന്‍ കൊള്ളാം. അയ്യോ! ചേട്ടനെ ഓരമയില്ലാട്ടോ. എന്നാലും ആ ചേട്ടനു ഒന്നു എണീറ്റു തരാമായിരുന്നില്ലേ? ചേച്ചിക്കു വേണേല്‍ എന്നോട് സ്വകാര്യം പറഞ്ഞൂടെ? അവസാനം ഞാന്‍ പുറത്ത് മതിലില്‍ പോയിരുന്നു.

അങ്ങിനെ ആ മനുഷ്യന്റെ മുന്നില്‍ പതിനേഴാമതായി ഞാന്‍ എത്തി. എന്തൊരു ഡൊക്റ്റര്‍! കാണാന്‍ കൊള്ളാവുന്ന ഒരു നര്‍സ് പോലുമില്ല അടുത്ത്. ഇതാ പറയുന്നേ ഡൊക്റ്ററെ കാണാന്‍ നര്‍സിങ്ങ് സ്കൂളുള്ള ആശുപത്രിയില്‍ പോകണമെന്ന്. ആ വെളുത്ത കുപ്പായക്കരെ കണ്ടാല്‍ മതി പകുതി രോഗം മാറും.

“ഗുഡ് ഈവനിങ്ങ് ഡൊക്റ്റര്‍“
“എന്തു പറ്റി”
“ഫൂട്ബോള്‍ കളിച്ചതാ, കാലുളുക്കി”
അങ്ങേരൊരു കട്ടില്‍ കാണിച്ച് തന്നിട്ട് പറഞ്ഞു.“അവിടെ കയറി കിടക്ക്”
ഞാന്‍ എന്റെ പരിപാവനമായ ശരീരം കയറ്റി അവിടെ കിടപ്പായി. നല്ല ആശ്വാസം തോന്നി.
“ഏതു കാലിലാ വേദന”
“ഇടത്തേ കാലില്‍. മുട്ടിലാ കൂടുതല്‍ വേദന”
അങ്ങേര്‍ എന്റെ കാലെടുത്തു പിടിച്ചു. എന്റെവരെ കാലു പിടിക്കേണ്ടി വന്ന അങ്ങേരുടെ ഗതികേടിനെ കുറിച്ചോര്‍ത്തപ്പോള്‍ എനിക്കു സഹതാപം തോന്നി. പക്ഷേ അങ്ങേരുടെ ആക്രമണം ഉടനെയായിരുന്നു. എന്റെ കാല്‍ അങ്ങൊട്ടും ഇങ്ങോട്ടുമൊക്കെ പിടിച്ചു തിരിച്ചു. എന്നിട്ടു ചോദിക്കും.
“ഇപ്പോ വേദനയുണ്ടോ?”
“ആ..ഈ..ഓ..ര്‍.. ഉവ്വ!”
എനിക്ക് ആകെ കണ്‍ഫൂഷനായി. ദൈവമേ, ഇയാള്‍ക്കെന്താ എന്നോടിത്ര ദേഷ്യം? ഇനി എങ്ങാനും ഇയാളുടെ മോളാണൊ രേഷ്മ? അവള്‍ക്കു ഞാന്‍ പണ്ട് നരസിംഹത്തിലെ അവസാന ഡയലോഗ് മുഴുവന്‍ പ്രേമലേഖനമായി എഴുതി കൊടുത്തിരുന്നു. ‘തുലാവര്‍ഷരാത്രിയില്‍ ഒരു പുതപ്പിനടിയില്‍ സ്നേഹിക്കാം...’ എന്നൊക്കെ. ഇങ്ങേര്‍ക്കാണോ കത്തു കിട്ടിയത്? അതോ ഇനി മീരയുടെ ചേട്ടനാണോ? അവളുടെ ഒരു ചേട്ടന്‍ ഡോക്റ്ററാണെന്നു കേട്ടിട്ടുണ്ട്. എന്നാലും എല്ലിന്റെ ഡോക്റ്ററാണെന്നു അറിയില്ലായിരുന്നു. എന്നാലും ഈ പെണ്‍പിള്ളെരെന്താ ഇങ്ങനെ? എന്തുണ്ടായാലും വീട്ടില്‍ പോയി പറയും.

“ നീയെന്താ ചെയ്യുന്നെ?”
“എഞ്ചിനീയരിങ്ങ് കഴിഞ്ഞു”
“പ്ലേസ്മെന്റായില്ലേ”
“ഉവ്വ ഒരു ഐ ടി കമ്പനിയില്‍”
“എത്രയാ ഓഫര്‍?”
“ത്രീ ലാക് ആന്വല്ലി”
“ഇത് ശരിയാവില്ല”
എന്ത്?! ഞാന്‍ എന്നും ഞൊണ്ടി നടക്കേണ്ടി വരുമെന്നാണോ പറയുന്നേ? എനിക്കു മരിച്ചാല്‍ മതി. ഫുട്ബോള്‍ കളിക്കേണ്ടായിരുന്നു. എന്നാലും...ഞാന്‍..എന്തൊരു വിധി!
“ഞാന്‍ ഇത്ര കൊല്ലമായി ഗവണ്മെന്റ് സര്‍വിസില്‍. എനിക്കില്ലല്ലോ ഇത്ര ശമ്പളം”
ഓ. അതാണോ! ഞാന്‍ വിചാരിച്ചു എന്റെ കാലാകുമെന്ന്. ഞാന്‍ ചിരിച്ചു.
“എന്താടാ ശരിയല്ലേ?.”
“പക്ഷേ, ഞങ്ങള്‍‍ക്കിതു പോലെ വീട്ടിലിരുന്നു കാശ് ഉണ്ടാക്കാന്‍ പറ്റില്ലല്ലോ”
അത് അങ്ങേര്‍ക്കത്ര പിടിച്ചില്ല. അങ്ങേരുടെ മുഖം കണ്ടപ്പോള്‍ എന്റെ മറ്റേ കാലും തല്ലിയൊടിക്കുമെന്നു തോന്നി.
“നിന്റെ കാലു ഫുട്ബോള്‍ കളിച്ചിട്ട് ഉളുക്കിയതു തന്നെയാണോടാ? എന്തായാലും വല്ല്ല്യ കുഴപ്പമൊന്നുമില്ല. 5 ദിവസം റെസ്റ്റ് എടുക്ക്. ശരിയാകും” മരുന്നിന്റെ സ്ലിപ്പ് എനിക്കു തന്നു. ഞാന്‍ ഒരു 100 ഇന്റെ നോട്ടെടുത്ത് അങ്ങേര്‍ക്കു കൊറ്റുത്തു. എന്നെ പീഡിപ്പിച്ചതിന്റെ പ്രതിഫലം.
“ഡോക്റ്ററെ, ഭക്ഷണത്തിന്റെ കാര്യം?”
“കാലുളുക്കിയതിനു എന്തു ഭക്ഷണം.സാധാരണ പോലെ പൊക്കോ”
ഹാവൂ! സമാധാനമായി. അല്ലേല്‍ ഏതു ഡൊക്റ്ററെ കാണാന്‍ പോയാലും അവസാനം പറയും ഒരാ‍ഴ്ചക്കു ഇറച്ചിയും മീനും കഴിക്കേണ്ട എന്ന്. നെഞ്ചില്‍ കനല്‍ കോരിയിടുന്ന പോലെയാ അപ്പോള്‍. ഇതിപ്പോള്‍ റെസ്റ്റ് മാത്രം. ആരേലും ആപ്പിളും മുന്തിരിയുമായി കാണാന്‍ വരുമായിരിക്കും. വീട്ടിലെ പണിയൊന്നും എടുക്കുകയും വേണ്ട.

തിരി‍കെ പോന്നു. മരുന്നു വാങ്ങാന്‍ മെഡികല്‍ ഷോപ്പ് തപ്പി നടക്കുന്നതിനിടയില്‍ ഒരു അലപലാതി സുഹ്രുത്തിനെ കണ്ടുമുട്ടി. എന്റെ കാലിനെ നോക്കി ആര്‍ക്കിമിഡീസിനെ പോലെ അവനൊരു ഒടുക്കത്ത കണ്ടു പിടിത്തം നടത്തി
“എന്തു പറ്റി അളിയാ കാലിന്”
“ഒന്നു കളിച്ചതാടേ”
“നിന്റെ ബ്ലോഗ് വായിച്ച ആരേലും പണി തന്നതാകുമല്ലേ”
അവന്റെ അച്ഛനും കൊച്ഛച്ചനും അമ്മൂമ്മയ്ക്കും അപ്പൂപ്പനും ഞാന്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അല്ല പിന്നെ, ഒരുമാതിരി ശവത്തില്‍ കുത്തുന്ന ഡയലോഗ്.

NB:എന്റെ കാലിനു അനുശോചങ്ങളും ആദരാഞ്ജലികളും കമന്റിട്ടാല്‍ മതി. സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ എനിക്കു മെയില്‍ ചെയ്യുക. അക്കൌണ്ട് നംബര്‍ അയച്ചു തരാം.ആരേയും നിരാശപ്പെടുത്തുന്നതല്ല. പഴങ്ങള്‍ പാര്‍സല്‍ ചെയ്യാനുള്ള വിലാസവവും തരുന്നതാണ്.
എന്ന്,
വേദനിക്കുന്ന കാലുമായി
ഗോപിക്കുട്ടന്‍.