Featured Blogs

Blog Promotion By
INFUTION

Saturday, November 22, 2008

അയ്യപ്പനും അളിയനും സ്വാമിമാരും

പ്പോള്‍ ചുറ്റും നോക്കിയാല്‍ എവിടേയും കറുത്തവസ്ത്രക്കാരേ ഉള്ളൂ. ശബരിമലക്കു പോകുന്നവര്‍ എന്തുകൊണ്ട് കറുത്ത വസ്ത്രം ധരിക്കുന്നതെന്നു എനിക്കറിയില്ല. എങ്കിലും അത് പ്രശംസനീയവും പ്രോത്സാഹിപ്പിക്കപെടേണ്ടതുമാണ്. വെളുപ്പ് പരിശുദ്ധിയുടേയും[ഇതാരപ്പാ ഇങ്ങനെയൊരു കണ്ടുപിടിത്തം നടത്തിയത്?!] സൌന്ദര്യത്തിന്റേയും പ്രതീകമായി കാണുന്ന ഈ ലോകത്ത് അയ്യപ്പനേപോലുള്ളവരെങ്കിലും കറുപ്പിനെ പ്രൊമൊട്ട് ചെയ്യുന്നുണ്ടല്ലോ! അയ്യപ്പനു സ്വന്തമായി ഫെയര്‍നസ്സ് ക്രീം കമ്പനി ഇല്ലാ എന്നുറപ്പ്. അതോ ഇനി അയ്യപ്പന്‍ തരുണീ മണികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കിയതാണോ ഈ തീരുമാനത്തിനു പിന്നിലെ രഹസ്യം? എനിക്കറിയില്ല. ഏഴോ ഒന്‍പതോ -ക്രുത്യമായറിയില്ല-വയസ്സുമുതല്‍ ഏകദേശം അന്‍പത്തഞ്ച് വയസ്സുവരെയുള്ള സ്ത്രീകള്‍ക്കു ശബരിമലയ്ക്കുള്ള വിസ കിട്ടില്ല. ഇവര്‍ വിചാരിച്ചാല്‍ അയ്യപ്പന്‍ മനസ്സിളകി അവരുടെ കൂടെ പോകുമെന്നാണോ പറയുന്നേ? ഇതിലും ഭേദം ഞാനാ, എന്നെ ഇളക്കാന്‍ ഒരു 15 മുതല്‍ 35 വയസ്സു വരെയുള്ളവര്‍ക്കേ സാധിക്കൂ. പിന്നെ എന്റെ വീട്ടിലേക്കു വരുവാന്‍ ടാറിട്ട റോഡ് ഉണ്ട്, കല്ലും മുള്ളും ചവിട്ടേണ്ട. പിന്നെ കാണിക്ക ചെക്കും കാഷുമായി സ്വീകരിക്കും. ഒരിക്കലും നട അടക്കത്തുമില്ല. ചുമ്മാ പത്തുനാല്പത് ദിവസം നല്ലവനായി നടന്നിട്ട് പിന്നെ മാലയൂ‍രിയാല്‍ വീണ്ടും പഴയസ്വഭാവം കാണിക്കുന്നതില്‍ എന്തര്‍ത്ഥം? ചുമ്മാ പറഞ്ഞാതാട്ടോ.ഇനി നേര്‍ച്ചയീടാന്‍ എന്റെ അഡ്രസ്സൊന്നും ആരും ചോദിക്കേണ്ട. സത്യത്തില്‍ ഞാന്‍ പറഞ്ഞു വന്നത് എന്റെ അളിയന്‍ വെള്ളമടിച്ച് പൂസായിരുന്നപ്പോള്‍ പറഞ്ഞ ഒരു രഹസ്യമാണ്.

എന്റെ അളിയന്റെ അമ്മാവന്‍ ഒരു നോട്ടക്കാരന്‍ ആണ്. എന്നെപോലെ വായ്നോട്ടക്കരനല്ല കേട്ടോ. ഇത് ജ്യോതിഷം മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ മറ്റുള്ളവരുടെ ഭാവിയൊക്കെ പ്രവിചിച്ച് കിട്ടുന്ന കാശുകൊണ്ട് ദിവസവും അന്തിക്കള്ള് മോന്തുന്ന ഒരു പ്രത്യേക ജൈവവിഭാഗം. ഇവരുടെ ക്ലൈന്റ്സ് അഥവാ ഇരകളില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ ഉണ്ടാകും. കേരളത്തില്‍ ഒരു വര്‍ഷം 70 സിനിമ ഇറങ്ങിയാല്‍ വിജയിക്കുന്നത് 5 എണ്ണമായിരിക്കും. എന്നാലും പഠിക്കാതെ, അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമായ സിനിമാമേഖല ഇവരുടെ പിന്നാലെ ഓടികൊണ്ടേയിരിക്കും. ഒരു ഒക്ടോബര്‍ മാസത്തിലാണ് നമ്മുടെ നോട്ടക്കാരന്‍ അമ്മാവനെ ഒരു സംഘം സിനിമക്കാര്‍ ബാംഗ്ലൂരിലേക്കു ക്ഷണിച്ചത്. ഭക്ഷണവും താമസവും മറ്റു എല്ലാ ചെലവുകളും ഫ്രീ. വേറെ പണിയൊന്നുമില്ലാത്തതിനാല്‍ അളിയനും അമ്മാവന്റെ കൂടെ ഉദ്യാനനഗരിയിലേക്കു വിട്ടു. നമ്മുടെ സിനിമക്കാര്‍ക്ക് അവരുടെ പുതിയ Adults Only സിനിമയുടെ റിലീസ് എന്നു വേണമെന്നു അമ്മാവന്‍ നോക്കി പറയണം. അമ്മാവന്‍ പതിവു പോലെ കവിടിയെല്ലാം നിരത്തി ഗുളികന്റെ തലയില്‍ ശത്രുഘനനെ കൊണ്ട് ചവിട്ടിച്ച് , ചൊവ്വയിലും ബുധനിലും രാഹുവിനെ വിട്ട് സുഖവിവരങ്ങള്‍ അന്വേഷിപ്പിച്ച് കാ‍ര്യങ്ങള്‍ ഗണിച്ചെടുത്തു.

“ഒരു രണ്ടു മാസം കഴിഞു മതി റിലീസ്. എങ്കില്‍ പടം ഹിറ്റാകും”.
അങ്ങിനെ വിദഗ്ദോപദേശം കിട്ടിയ സിനിമക്കാര്‍ പടം രണ്ടുമാസം കഴിഞ്ഞ് മാത്രമേ റിലീസ് ചെയ്തുള്ളു. ഫലമോ?
“സൂപ്പര്‍ഹിറ്റ്!!”. അഴിഞ്ഞാടിയ നായിക എല്ലാരേയും കോരിത്തരിപ്പിച്ചു. കണ്ടവര്‍ വീണ്ടും കണ്ടു. കാണാത്തവര്‍ കേട്ടറിഞ്ഞു വന്നു. അമ്മാവനു സിനിമക്കാര്‍ കൂടുതല്‍ ‘ദക്ഷിണ’ നല്‍കി. കാശു കഴിയുന്നവരെ അമ്മാവന്‍ കള്ളിനു പകരം വിദേശിയെ കല്യാണം കഴിച്ചു.

ഇത് കണ്ട് അമ്പരന്ന അളിയന്‍ അമ്മാവനോട് ഈ ‘രണ്ടുമാസ‘ പ്രവചനത്തിന്റെ രഹസ്യം ആരാഞ്ഞു.
അമ്മാവന്‍ കവിടി നിരത്താതെ തന്നെ ആ രഹസ്യം അനന്തിരവനു പകര്‍ന്നു കൊടുത്തു. അനന്തരവനിലെ മദ്യം എനിക്കും.
“ A പടമല്ലേ, ശബരിമല സീസണൊന്നു കഴിഞ്ഞിട്ടു മതി റിലീസ്”. അമ്മവന്‍ ഒന്നു നിര്‍ത്തി.

ശരിയാ, സ്ത്രീവിചാരം മനസ്സില്‍ നിന്നു ഓടിച്ചു വിട്ട് മാലയിട്ടു നടക്കുന്ന അയ്യപ്പന്മാരുള്ള ആ കാലത്ത് വഴിയില്‍ മുഴുവന്‍ ഈ പടത്തിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നത് ശരിയല്ലല്ലോ. അളിയനും അമ്മാവന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നി. പക്ഷേ, അതും പടത്തിന്റെ വിജയവുമായി എന്ത് ബന്ധം?

നിര്‍ത്തിയിടത്ത് നിന്നും അമ്മാവന്‍ തുടര്‍ന്നു.
“ അതു കഴിഞ്ഞാല്‍ എല്ലാം അടക്കി പിടിച്ചു നടന്നിരുന്ന അയ്യപ്പന്മാര്‍ തിയറ്ററിലേക്കു തള്ളിക്കയറുമെന്നു എനിക്കുറപ്പായിരുന്നു.”

അളിയനു ഗുളികനേയും രാഹുവിനേയും പരിചയമില്ലേലും ഈ പറഞ്ഞത് ശരിക്കും മനസ്സിലായി.

4 കമന്റടികള്‍:

:-) പരമസത്യം!
മാലയിട്ട അയ്യപ്പന്‍മാരെ, ചിന്തിക്കൂ.

പോസ്റ്റ് ഞാന്‍ വായിച്ചേ..ബട്ട്,നോ കമന്റ്സ്..

കോമണ്‍ സെന്‍സ് ഡോ.വാട്സണ്‍ !

ഗോപികുട്ടാ അയ്യപ്പനെ തൊട്ടാ കളി.ഇത് അക്രമം തന്നെ.
എന്തായാലും നര്‍മ്മം ബോധിച്ചു