കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇന്ത്യ ഉറങ്ങിയിട്ടില്ല. കടലു കടന്നു ആയുധങ്ങളുമായി വന്ന ഒരു കൂട്ടം തീവ്രവാദികള്‍ ഒരു രാജ്യത്തെ എന്തിന് ഈ ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തി. അന്നൊരു ദിവസം മുംബൈയില്‍ താമസിക്കുക എന്ന ഒറ്റ തെറ്റിന്റെ പേരില്‍ ജീവന്‍ നഷ്ട്ടപെട്ടവര്‍ നിരവധി. ഭക്ഷണവും ഉറക്കവും നഷ്ട്ടപെടുത്തി സ്വന്തം ജീവന്‍ പോലും മറന്നു നാടിനു വേണ്ടി യുദ്ധം ചെയ്ത സൈനികര്‍ ഒരു വശത്ത്. ഇവരുടെയെല്ലാം കുടുംബങ്ങള്‍. മരിച്ചവരുടെ കുടുംബങ്ങളുടെ കണ്ണീര്‍, അലറി കരയുന്ന ബന്ധുക്കള്‍. ഈ നാട്ടിലെ ശരിയായ നായകര്‍ ഈ യോദ്ധാക്കളല്ലേ? റീ ടെയ്ക്ക് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കെവിടെ ഫാന്‍സ് ക്ലബ്ബുകളും ആരാധകരും? 8 കിലോ തൂക്കമുള്ള ഇരുമ്പ് ചട്ടയും മാറിലേന്തി തീവ്രവാദഭാന്തമാരുടെ തോക്കിനു മുന്നിലേക്കു എടുത്തു ചാടുന്ന ഇവരെ സുരക്ഷിതരാക്കേണ്ടേ? ഇവര്‍ക്കു അമേരിക്കയിലുള്ളതു പോലുള്ള ഫൈബര്‍ ബുള്ളറ്റ് പ്രൂഫുകള്‍ നല്‍കാന്‍ നമ്മുടെ രാജ്യത്തിനു കഴിയേണ്ടേ? ഇവരുടെ കുടുംബങ്ങള്‍ക്കു മറ്റു എല്ലാ തൊഴിലാളികളെക്കാളും കൂടുതല്‍ വേതനം നലകേണ്ടതുണ്ട്. അല്ലാതെ ഇന്നലെ ശ്രീ നരേന്ദ്ര മോഡി നറ്റത്തിയതു പോലുള്ള തരംതാണ രാഷ്ട്രീയമാണോ വേണ്ടത്? ആ സ്ഥലത്ത് ഒരു വി ഐ പി വന്നാല്‍ അവരെ കൂടെ സംരക്ഷിക്കേണ്ട ചുമതല വരില്ലേ? അതോ കാമറ കണ്ണുള്ളിടത്തെല്ലാം തങ്ങള്‍ ഉണ്ടാകണമെന്നോ? ഓപ്പറേഷന്‍ തീരും മുന്‍പ് ഗവണ്മെന്റിനെ പഴിച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ ശ്രമിക്കുന്ന പ്രതിപക്ഷം ഒരു രാജ്യത്തിനു ഒട്ടും നല്ലതല്ല. എവിടെ പോയി രാജ് താക്കറെ? ഞങ്ങള്‍ മുംബൈക്കാര്‍ മതി ഇതു നേരിടാന്‍ എന്നു പറഞ്ഞില്ലല്ലോ. തീവ്രവാദികളോടു മറാഠി സംസാരിക്കാനും ആവശ്യപ്പെട്ടില്ല. റെയില്‍ വേയുടെ എക്സാം എഴുതി ഒരു ജീവിതം ഉണ്ടാക്കാന്‍ കൊതിച്ചു വന്ന നൂറോളം പാവങ്ങളെ തല്ലിതകര്‍ക്കുമ്പോള്‍ ഉള്ള കപട രാഷ്ട്രീയത്തിന്റെ ചങ്കുറപ്പു പോരാ ഇരുപത്തഞ്ചോളം മരിക്കാന്‍ തയ്യാറായി AK series ആയുധങ്ങളും കയ്യിലേന്തി വരുന്ന ഭ്രാന്തന്മാരെ നേരിടാന്‍. അതിനു രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി വന്ന , ഉത്തരദക്ഷിണ പശ്ചിമപൂര്‍വ ഭാരതീയരുടെ സംഘങ്ങളായ NSG യും മിലിറ്ററിയും വേണം ഇതിനായി. ഈ യുദ്ധം ജയിച്ച നമ്മുടെ ധീര ജവാന്മാര്‍ക്കു അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയാന്‍ ഞാനില്ല. തീര്‍ത്താല്‍ തീരാത്ത കടപ്പാടാണ് നമുക്കവരോട്. വീരമ്രുത്യു പ്രാപിച്ചവര്‍ വെടിയുണ്ടേറ്റു വാങ്ങിയത് നമ്മള്‍ ജീവിക്കാന്‍ വേണ്ടിയാണ്. നമ്മളെല്ലാം മറക്കും. മറക്കണം. നമ്മള്‍ ഇതിനെയെല്ലാം ഭയപ്പെട്ടിരുന്നാല്‍ അവര്‍ ജയിക്കും. നമ്മള്‍ ഈ സംഭവങ്ങള്‍ മറക്കുന്നതിനോടൊപ്പം തന്നെ ഇനി ഇങ്ങനെ ഒന്നുണ്ടാകാതിരിക്കാനുള്ള നടപടിയെടുക്കണം. മരിച്ച മലയാളി ജവാന്‍ സന്ദീപ് ഉണ്ണിക്രുഷ്ണന്റെ ഓര്‍കുട് പ്രൊഫൈലില്‍ പോയി അദ്ദേഹത്തിനെ സല്യൂട് ചെയ്യുമ്പോള്‍ നമ്മള്‍ക്കു തോന്നും ‘നമുക്കിതു ഒഴിവാക്കിക്കൂടെ?’. നമുക്കിനിയും ട്രെയിനില്‍ യാത്ര ചെയ്യണം. ഹോട്ടലില്‍ താമസിക്കണം. ഹോസ്പിറ്റലില്‍ പോകണം. അതിനുള്ള നടപടികല്‍ കൂട്ടമായി ഇരുന്നു എടുക്കേണ്ടതാവശ്യമാണ്. ഇന്നലെ ഒരു ന്യൂസ് ചാനലില്‍ പറയുന്ന കേട്ടു “ഒരു പക്ഷേ അന്നത്തെ പാര്‍ലമെന്റ് ആക്രമണത്തില്‍ ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ നമ്മുടെ നേതാക്കളാരും കൊല്ലപ്പെട്ടില്ല, ഉണ്ടായിരുന്നേല്‍ ഒരുപക്ഷേ ഇന്നിത് ഉണ്ടാകില്ലായിരുന്നു.” സാധാരണജനങ്ങള്‍ മരിക്കുമ്പോള്‍ രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി പരസ്പരം പഴിചാരുന്ന നേതാക്കള്‍ രതന്‍ ടാറ്റായെ പോലുള്ളവരെ കണ്ടു പഠിക്കു. ആദ്യം സിംഗൂരില്‍ മറ്റുള്ളവര്‍ കാരണം കനത്ത നഷ്ട്ടം, ഇപ്പോള്‍ പുകയുന്ന ഒരു ഹോട്ടലും ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന നഷ്ട്ടങ്ങളും. എന്നിട്ടും ഗവണ്മെന്റിനേയോ സിസ്റ്റത്തേയും പഴിചാരാന്‍ അദ്ദേഹം വരുന്നില്ല. തീവ്രവാദത്തിനു ശാശ്വതമായ ഒരു പരിഹാരം നമുക്കു പ്രതീക്ഷിക്കാമോ? എന്താണ് തീവ്രവാദികള്‍ ഇതു കൊണ്ടു നേടുന്നത്? അതാണെനിക്കു മനസ്സിലാകാത്തത്. സ്വര്‍ഗ്ഗമോ..ഇത്ര പേരെ കൊന്നിട്ട്??
0 കമന്റടികള്‍:
Post a Comment