പേരു കണ്ടിട്ട് ഞാന്‍ പറയാന്‍ പോകുന്നത് ഒരു
വട്ടത്തില്‍ ‘എ‘ ഉള്ള കഥയാണെന്നു കരുതിയോ? അങ്ങിനെ യാതൊരു വിധ പ്രതീക്ഷയും വച്ചു പുലര്‍ത്തേണ്ട. ഞാന്‍ ആ ‘ടൈപ്പ്‘ അല്ല. ചിരിക്കേണ്ട! ഞാന്‍ ആ ടൈപ്പാണ്. സമ്മതിച്ചു! എന്തായാലും ഈ പോസ്റ്റ് ആ ടൈപ്പ് അല്ല. ഞാന്‍ Heat Transfer എന്നത് മലയാളത്തിലേക്കു തര്‍ജ്ജമ നടത്തിയതാണ്. ഇപ്പോള്‍ നിങ്ങള്‍ക്കു ചിരിക്കാന്‍ അവകാശമുണ്ട്. Heat Transfer എന്നത് എനിക്ക് അഞ്ചാമത്തെ സെമെസ്റ്റെറില്‍ പഠിക്കാനുണ്ടായിരുന്ന [ഞാന്‍ ‘പഠിച്ച‘ എന്നവകാശപ്പെടുന്നില്ല] ഒരു പേപ്പര്‍ ആണ്. ഞങ്ങള്‍ക്ക് ഈ വിഷയം എടുത്തിരുന്നത് ശശീന്ദ്രന്‍ സാറായിരുന്നു. കുറേ കൊല്ലങ്ങളായി സാറു തന്നെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്.ഞങ്ങള്‍ക്കു 50 മാര്‍ക്ക് ഇന്റേനല്‍ അസ്സെസ്മെന്റ് ആണ്. 100 മാര്‍ക്ക് യൂനിവേര്‍സിറ്റി പരീക്ഷയില്‍ നിന്നും. അങ്ങിനെ 75 മാര്‍ക്ക് വാങ്ങണം ജയിക്കണമെങ്കില്‍. അതില്‍ യൂണിവെര്‍സിറ്റി പരീക്ഷയില്‍ 40 മാര്‍ക്ക് എന്തായാലും വാങ്ങണം. സാറിന്മാരുടെ കാല്‍ക്കല്‍ ഇരന്നു കിട്ടിയ 35 മാര്‍ക്ക് ഇന്റേണല്‍ + 40 മാര്‍ക്ക് യൂണിവെര്‍സിറ്റി [എഴുതി കിട്ടിയത്+മോഡറേഷന്‍]=75 . ഇതായിരുന്നു സാധാരണ ഒരു എന്‍ജ്ജിനീയറിങ്ങ് വിദ്യാര്‍ത്ഥിയുടെ ആഗ്രഹം. ശശീന്ദ്രന്‍ സാര്‍ സാധാരണ 35 മാര്‍ക്ക് ആര്‍ക്കും കൊടുക്കാറില്ല. അങ്ങിനെ യൂണിവേര്‍സിറ്റി എക്സാമില്‍ 50 വാങ്ങിയാല്‍ പോലും ജയിക്കാത്ത ഭാഗ്യവാന്മാര്‍ ഒരുപാടുണ്ട്. യൂണിവേര്‍സിറ്റി പേപ്പര്‍ നോക്കുന്നതും സാധാരണ സാറായിരിക്കും. കംസന്‍ ശ്രീക്രുഷ്ണന്റെ പേരു വിളി നടത്തുന്ന പോലെ. 110 പേര്‍ പരീക്ഷ എഴുതിയതില്‍ 15 പേര്‍ ജയിക്കും. സാറിനെ എല്ലാരും കിളീന്ദ്രന്‍ എന്നാണ് സ്നേഹപൂര്‍വം വിളിച്ചിരുന്നത്, സാറിനു ശബ്ദം തീരെ ഇല്ലായിരുന്നു. ഒരു കൊച്ചു പെണ്‍കുട്ടി നിന്നു പാട്ടു പാടുന്ന പോലെ തോന്നും നമുക്കു സാറിന്റെ ക്ലാസ്സ് കേട്ടാല്‍. സാര്‍ ക്ലാസ് തുടങ്ങിയാല്‍ എന്റെ കൂട്ടുകാരന്‍ ഒടിയന്‍ ഒരു പാട്ടു പാടും.
“കിളി ചിലച്ചു. ഒരു കിളി ചിലച്ചു...”
സാറിന്റെ ക്ലാസ്സില്‍ ഞാന്‍ എന്നും 20 മിനിറ്റ് വൈകിയേ എത്തൂ. അത്രയും കുറച്ച് സഹിച്ചാല്‍ മതിയല്ലോ. വന്നലുടനെ എനിക്കേറ്റവും ഇഷ്ട്ടപെട്ട പുറകിലെ ബെഞ്ചില്‍ പോയിരിക്കും. ആ ബെഞ്ചുകളാണ് എല്ലാ അനാശാസ്യപ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത്. ഇതേ ബെഞ്ചില്‍ വച്ചാണ് എന്റെ എക്കാലത്തേയും ബെസ്റ്റ് സെല്ലര്‍ “
പാടത്തെ ദീപ പച്ച മാങ്ങ തിന്നുന്നു” എന്ന വൈജ്ഞാനിക ഗ്രന്ഥം ഞാന്‍ എഴുതിയത്. ഈ ക്രുതിയില്‍ ആഗോളവത്കരണത്തേയും അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെ ഒസോണ്‍ പാളിയിലെ വിള്ളലിനെ കുറിച്ചും ഞാന്‍ നടത്തിയ പരാമര്‍ശനങ്ങള്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി എനിക്കു എ സര്‍ട്ടിഫികറ്റ് തന്നു ആദരിക്കുകയുണ്ടായി. കൂടാതെ ഇതിലെ നായകന്‍ എന്റെ ആത്മാര്‍ത്ഥ സുഹ്രുത്ത് സനല്‍ദാസ് അവനു വന്നു ചേര്‍ന്ന ചീത്തപേരിനു നന്ദി സൂചകമായി എന്റെ തല 10 മിനുറ്റ് വെള്ളത്തില്‍ മുക്കി പിടിച്ചിരുന്നു.
അങ്ങിനെ പറഞ്ഞു വരുമ്പോള്‍ എനിക്കു സാറിന്റെ വിഷയത്തില്‍ ഒരു പിണ്ണാക്കും അറിയില്ലായിരുന്നു. ആദ്യത്തെ ക്ലാസ് ടെസ്റ്റ് നടന്നു. 5 പ്രോബ്ലം മാത്രം. 5x5=25 . സിമ്പിള്‍ ! എനിക്കു കിളീന്ദ്രന്‍ സാറിനോട് വല്ലാത്ത ബഹുമാനം തോന്നി. അദ്ദേഹത്തിന്റെ ഉള്ളിലെ കലാകാരന്‍ വളരെ ക്രിയേറ്റീവ് ആയിരുന്നു. കാരണം, ആ പേപ്പറിന്റെ ഏറ്റവും വല്ല്യ പ്രത്യേകത എന്തായിരുന്നു എന്നു വച്ചാല്‍ അതു തിരിച്ചു പിടിച്ചു വായിച്ചാലും ഒരേ പോലെയായിരുന്നു. ആളൊരു ജീനിയസ്സ് തന്നെ. എന്തായാലും. ഞാന്‍ ഒരു കഥയും ഒരു കവിതയും മൂന്നു കടംങ്കഥയും എഴുതി പേപ്പര്‍ തിരികെ കൊടുത്തു. റിസല്‍റ്റ് വന്നു. എനിക്കു 25 ഇല്‍ 5 മാര്‍ക്ക് നഷ്ട്ടപെട്ടിരിക്കുന്നു. ഛായ്! എന്നാലും 5 മാര്‍ക്.അതെവിടെ പോയി?
എന്റെ കൂട്ടുകാരന്‍ സിമ്പ്ലന്‍ എന്ന നിതിന്‍ മോഹനന്‍ അടുത്തു വന്നു. ഞങ്ങള്‍ രണ്ടാളും പുറകിലെ ബെഞ്ചിലിരുന്നു ക്ലാസ്സിലെ ഒന്നാം സ്ഥാനത്തിനു വേണ്ടി പരസ്പരം മത്സരിക്കുന്നവരായിരുന്നു. വന്ന പാടേ അവന്‍ എന്റെ പേപ്പര്‍ എടുത്തു നോക്കി. എന്നിട്ടു ഒരു ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു.
“നമുക്കു രണ്ടാള്‍ക്കും ഒരേ മാര്‍ക്ക് തന്നെ. എനിക്കു ടെന്‍ഷനായിരുന്നു നീയെന്നെ വെട്ടിക്കുമോയെന്നു”. അവന്‍ വീണ്ടും നെടുവീര്‍പ്പിട്ടു.
“ആണോ?” എനിക്കും സന്തോഷമായി. “അപ്പോള്‍ നമ്മളാണോ ടോപ്പേര്‍സ്?”
“അല്ല പിന്നെ! നമ്മള്‍ വീണ്ടും അടിച്ചു അളിയാ”. അവന്‍ ആകെ ത്രില്ലിലാണ്.
“അപ്പോള്‍ ആര്‍ക്കാ ഏറ്റവും കുറവ്?” എനിക്കു ആകാംഷയുണ്ടായിരുന്നു ഞങ്ങള്‍ ടോപ്പേര്‍സായ വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞ ആ മണ്ടനാരാ എന്നറിയാന്‍.
“ജോര്‍ജ്. അവന് 23 ഉണ്ട്.”
“എന്നാല്‍ അവനോടു പറ എന്റെ 2 ഉം കൂടെ എടുത്തോളാന്‍ 25 തികയ്ക്കാമല്ലോ. എനിക്കാണേല്‍ ഒരു നല്ല കാര്യം ചെയ്തതതിന്റെ സന്തോഷത്തില്‍ ‘സം പൂജ്യ‘നായി മടങ്ങാം”. ഞാന്‍ അവനെയാണോ എന്നെയാണോ പരിഹസിച്ചതെന്നുറപ്പില്ല.
“അതു വേണ്ട. നിന്റെ ആഗ്രഹം നീ അടുത്ത തവണ നടത്തിക്കോ? ഇപ്പോ നീ എനിക്കു കൂട്ടു വേണം. തത്ക്കാലം കാന്റീനിലേക്കു വാ”.
എന്തൊക്കെ പറഞ്ഞാലും കാന്റീന്‍ നല്ലൊരു വാക്കാണ്. കേട്ടാല്‍ എവിടുന്നാണെന്നറിയില്ല, വിശപ്പു തനിയേ ഓടി വരും. പോക്കറ്റിനെ മറക്കും.
ഒരു മാസം കഴിഞ്ഞു.അങ്ങിനെ എനിക്കു രണ്ടാമത്തെ ക്ലാസ്സ് ടെസ്റ്റ് നടന്നു. വീണ്ടും 5x5=25. ഇപ്രാവശ്യം ഞാന്‍ എന്റെ ലക്ഷ്യം നേടുക തന്നെ ചെയ്തു. നമ്മള്‍ എന്തെങ്കിലും മനസ്സു കൊണ്ട് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അതിനു വേണ്ടി അക്ഷീണം പ്രയത്നിച്ചാല്‍, ഊണിലും ഉറക്കത്തിലും അതിനെ പറ്റി മാത്രം ചിന്തിച്ചാല്‍ നമ്മള്‍ അതു നേടുക തന്നെ ചെയ്യും. ഞാന്‍ നേടി. ഇപ്രാവശ്യം തികഞ്ഞ ‘സം പൂജ്യ‘നായാണ് ഞാന്‍ മടങ്ങുന്നത്.
വീണ്ടും സിമ്പ്ലന്‍ വന്നു. വീണ്ടും പേപ്പര്‍ എടുത്തു നോക്കി. വീണ്ടും നെടുവീര്‍പ്പിട്ടു. എന്നിട്ടു പറഞ്ഞു.
“വട്ട പൂജ്യം!!..ഹും... വല്ലതുമൊക്കെ പഠിച്ചൂടെടാ?”
ഓഹോ..അങ്ങിനെയാണോ.. അല്ലേലും ഗ്രഹണസമയത്തു നീര്‍ക്കൊലിക്കും വിഷം കാണും എന്നല്ലേ? അതോ ഞാഞൂളിനും സീല്‍ക്കാരം കാണുമെന്നോ?.
“നിനക്കെത്രയാ?“ ഞാന്‍ ചോദിച്ചു പോയി.
“വീണ്ടും 2!”. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഒരുവന്റെ അഹങ്കാരം നിറഞ്ഞ വാക്കുകള്‍.
അവന്‍ എന്റെയടുത്തു ഇരുന്നു. “ഏനിക്കു തോന്നുന്നത് ഈ ക്വസ്റ്റ്യന്‍ പേപ്പറില്‍ തിരുത്താന്‍ കഴിയാത്ത ഒരു പാട് തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ടെന്നാണ്”. അവന്‍ ഇല്ലാത്ത താടി സങ്കല്‍പ്പിച്ച് തടവാന്‍ തുടങ്ങി.
അതു കൂടി തിരുത്തിയാല്‍ പിന്നെ നീയും എന്നെ പൊലെ സം പൂജ്യനാകുമെടാ എന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷേ പറഞ്ഞില്ല. മനസ്സില്‍ മറ്റന്നാള്‍ വക്കേണ്ട അസൈന്മെന്റാണ്. 52 പേജ് ഉണ്ടെന്നാ കേട്ടത്. ഈ കിളീന്ദ്രന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ലേ?
അസ്സൈന്മെന്റ് വക്കേണ്ട ദിവസം വന്നു. പതിവു പോലെ പകുതിയില്‍ അധികം പേരും എഴുതിയിട്ടില്ല. ഞാന്‍ എന്നും ഭൂരിപക്ഷാഭിപ്രായത്തൊട് നീതി പുലര്‍ത്തിയിട്ടുള്ളവനാണ്. അന്നു അസ്സൈന്മെന്റ് വച്ചതില്‍ എന്റെ ആത്മാര്‍ത്ഥസുഹ്രുത് അനീതും ഉണ്ടായിരുന്നു. ജോര്‍ജ് കഴിഞ്ഞാല്‍ അവനായിരുന്നു ഏറ്റവും മാര്‍ക്ക്. പിറ്റേ ദിവസം തന്നെ അസ്സൈന്മെന്റ് നോക്കി കിട്ടി. അവനു 18 മാര്‍ക്ക്. ഞാന്‍ തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ ടിക്ക് ഇട്ടിട്ടൊന്നുമില്ല. ഞാന്‍ വേഗം അതിന്റെ ആദ്യ പേജ് മാറ്റി. എന്റെ പേരുള്ള ഒരു പേജ് വച്ചു സാറിനു കൊണ്ട് കൊടുത്തു. എനിക്കു 17 മാര്‍ക്ക്. ഒരു ദിവസം വൈകിയതിനു ഒരു മാര്‍ക്ക് കുറവ്.
സാര്‍ എന്നോട് പറഞ്ഞു. “ഇത് 20 ഇലാണ്. ഈ മാര്‍ക്കും ഇതിന്റെ കൂടെ രണ്ടു ടെസ്റ്റുകളിലെ മാര്‍ക്ക് 30 ഇലാക്കിയതും ചേര്‍ത്താണ് നിങ്ങളുടെ സെഷനല്‍ മാര്‍ക്ക്”
ഞാന്‍ കണക്കു കൂട്ടി. എനിക്കു ഇപ്പോള്‍ 50 ഇല്‍ 2 മാര്‍ക്കാണ് ഉള്ളത്. അതായത് 4%. 30 ഇല്‍ അപ്പോള്‍ 1.2 മാര്‍ക്ക്. എനിക്കപ്പോള്‍ ആകെ സെഷന്‍ 50 ഇല്‍ 1.2+17=18.2 =19!!!!! എന്റെ ഗുരുവായൂരീശൊമറിയബിസ്മില്ലാഹിറഹിമേ!!! ഞാന്‍ അപ്പോള്‍ 75-19=56 വാങ്ങണോ പാസ്സാകാന്‍. ഞാന്‍ എന്ന് എന്‍ജ്ജിനീയറിങ്ങ് പാസ്സാകാനാ?!!
എനിക്കു കൂട്ടിനു കുറേ പേരുണ്ടായിരുന്നു. ഞങ്ങള്‍
പശുവിന്റെ നേത്രുത്വത്തില്‍ ദ്രുതകര്‍മസേന രൂപീകരിച്ചു. ഞങ്ങളെ ഈ നിലക്കാക്കിയ ആ പഹയനോടു പ്രതികാരം ചെയ്തിട്ടു തന്നെ ബാക്കി കാര്യം. “കിളീന്ദ്രന്റെ കൊക്കും ചിറകും ഞാന്‍ അരിയും” പശു ശപഥം ചെയ്തു. വാളും പരിചയമെടുത്ത് സാറിനെ വെട്ടാന്‍ റൂമിലേക്കു ഞങ്ങളെല്ലാവരും ചെന്നു. സാറിന്റെ മുന്നിലെത്തിയതും പശു ആക്രോശിച്ചു.
“സാാാാര്‍, ഒരവസരം കൂടെ തരണം. ഇല്ലേല്‍ ഞങ്ങളെല്ലാവരും തോറ്റു പോകും.പ്ലീസ്സ്സ്സ്സ്സ്സ്..”
ബംഗ്ലാദേശില്‍ നിന്നെത്തിയ അഭയാര്‍ഥികളെ പോലെ കുറെയെണ്ണത്തെ കണ്ടിട്ടാകണം അങ്ങേര്‍ സമ്മതിച്ചു. ഒരു റീടെസ്റ്റ്.
ഹാായ്!റീടെസ്റ്റ് ദിനം വന്നെത്തി കഴിഞ്ഞുഎന്നെ സംബന്ധിച്ചിടത്തോളം റീറ്റെസ്റ്റുകള്‍ സാധാരണ റീടേക്കുകളാകാറേ ഉള്ളൂ. ഇന്നും അങ്ങിനെ തന്നെ. അപ്പോളാണ് ക്ലാസ്സിലെ മൂന്നാം റാങ്കുകാരന്‍ പറവൂര്‍കാരന്‍ ജ്യോതിഷ് ഒരു പേപ്പറും പേനയും പിടിച്ചു വരുന്നത് ഞാന്‍ കണ്ടത്. കഴിഞ്ഞ രണ്ടു റ്റെസ്റ്റിലും 20 ഇല്‍ കൂടുതല്‍ വാങ്ങിയവനാ. പിന്നെ ഈ കോപ്പനു ഇവിടെ എന്തു കാര്യം?
“എന്താടാ പുല്ലേ ഇവിടെ?” ഞാന്‍ ചോദിച്ചു.
“എക്സാമെഴുതാന്‍”. അവന്‍ പറഞ്ഞു.
പ്പ്ഫ!!!
ഇവന്‍ എന്തിനാ റീടെസ്റ്റെഴുതുന്നെ? അല്ലേലും കാണും ഇങ്ങനെ ഓരോരുത്തന്മാര്‍. വീട്ടില്‍ ബെന്‍സ് കാര്‍ കാണും എന്നാലും ഓണത്തിനു സപ്പ്ലൈക്കോയുടെ സൌജന്യ കിറ്റ് വാങ്ങാന്‍ ക്യൂ നില്‍ക്കും.
“എടാ നീയെന്തിനാ എഴുതുന്നെ? നീ ഒരു കാര്യം ചെയ്യു. നീ എന്റെ പേരില്‍ എഴുതു” എന്റെ തലയില്‍ ബള്‍ബ് കത്തി.
“അത് വേണോ?” അവനൊരു സംശയം.
“വേണം. അപ്പോള്‍ പേരും നംബറും അറിയാമല്ലോ?” ഞാന്‍ എല്ലാം ഉറപ്പു വരുത്തി.
“അറിയാം.”
“അപ്പോള്‍ എല്ലാം പറഞ്ഞ പോലെ. ഞാന്‍ ഗാല്ലറിയില്‍ കാണും.”
പോരുന്ന വഴിയില്‍ ഞാന്‍ സിമ്പ്ലന്റെ മുഖത്തേക്കു നോക്കി. അസൂയകലര്‍ന്ന ഒരു അളിഞ്ഞ ചിരി. ഞാന്‍ എന്റെ ഷര്‍ട്ടിന്റെ കോളര്‍ ഒന്നു ഉയര്‍ത്തിയിട്ടു ഗാല്ലറിയില്‍ പോയിരുന്നു. അവിടെ രതിഷും സനലും കൂടെ എം.ടെക്കിനു പഠിക്കുന്ന ഒരു ചേട്ടനോടു സംസാരിക്കുവായിരുന്നു.
ആ ചേട്ടന്‍ ഗാല്ലറിയിലിരിക്കുന്ന രണ്ടു കമിതാക്കളെ നോക്കിയിട്ടു പറഞ്ഞു.
“ഞാനും ഇതു പോലെ ഒരു കൊച്ചിനെയും കൊണ്ട് ഇവിടെയിരുന്നു ഒരു മൂന്നു കൊല്ലം കുറേ പുന്നാരം പറഞ്ഞതാ”
“എന്നിട്ട്?” രതിഷിനു ആകാംക്ഷ സഹിക്കാന്‍ വയ്യ.
“എന്നിട്ടെന്ത്? അവളവസാനം ഒരു ഡോക്റ്ററെ കിട്ടിയപ്പോള്‍ എന്നോടു ചോദിച്ചു ഹു ആര്‍ യൂന്ന്” അങ്ങേര്‍ ഒരു ഭാവ വ്യത്യാസവുമില്ലാതെ പറഞ്ഞു.
ഏതവള്‍ക്കാ ഇത്ര അഹങ്കാരം? എഞ്ജിനീയര്‍മാരേക്കാള്‍ വല്ല്യ ഡോക്റ്ററ്മാരോ? കാണണമല്ലോ അവളെ.
ഇങ്ങനെ ചിന്തിച്ച് നിന്ന എന്നെ അപ്പോളാണവര്‍ കണ്ടത്. ഞാന്‍ പരീക്ഷ കൊട്ടേഷന്‍ കൊടുത്തതറിഞ്ഞ് അവര്‍ പറഞ്ഞു. “നീയതും ചെയ്യും!”
കുറേ കഴിഞ്ഞപ്പോള്‍ ജ്യോതിഷ് വരുന്നു.
“കഴിഞ്ഞോടാ? എങ്ങനെയുണ്ടായിരുന്നു. പേരൊക്കെ ശരിക്കും എഴുതിയിട്ടില്ലേ?”
“കഴിഞ്ഞു അളിയാ. ഞാന്‍ രണ്ടു പേപ്പര്‍ എഴുതി. ഒരെണ്ണം എന്റെയും ഒരെണ്ണം നിന്റെയും. പക്ഷേ നിന്റെ പേപ്പറില്‍ പേരെഴുതുന്നതിനു മുന്‍പ് മഷി തീര്‍ന്നു പോയി”
“കോപ്പേ എന്നിട്ട്?”
“ഞാന്‍ സിമ്പ്ലന്റെ കയ്യില്‍ കൊടുത്തിട്ടുണ്ട്. അവന്‍ നിന്റെ പേപ്പറില്‍ നിന്നും പകര്‍ത്തുന്നുണ്ട്. അവന്‍ പേരെഴുതി വച്ചോളും.”
എനിക്കു കുറച്ചു നേരത്തേക്കു ഒന്നും ചിന്തിക്കാന്‍ പറ്റിയില്ല. ഈ മണ്ടന്‍ എന്തിനാ ഇവന്റെ പേരിലും പരീക്ഷ എഴുതിയെ? കയ്യക്ഷരം മനസ്സിലാകില്ലേ? എന്നിട്ട് അത് ഏല്‍പ്പിച്ചിരിക്കുന്നതാരെ.സിമ്പ്ലനെ! എനിക്കു വയ്യ ഒന്നും ആലോചിക്കാന്‍.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സിമ്പ്ലന്‍ വന്നു. ഞാന്‍ അവനെ കണ്ടതും ചോദിച്ചു.
“എന്തായി? നീ എന്റെ പേരെഴുതി സബ്മിറ്റ് ചെയ്തില്ലെ?”
അവന്‍ തലയാട്ടി.”ഉവ്വ. വച്ചിട്ടുണ്ട്”
സമാധാനമായി. ഇനി പ്രശ്നമില്ല. ചോദിച്ചാല്‍ പറയാം ജ്യോതിഷ് എന്റേതില്‍ നിന്നും പകര്‍ത്തിയതാണെന്ന്.
“പക്ഷേ ഇവന്‍ നീല മഷി കൊണ്ടാ ഉത്തരങ്ങള്‍ എഴുതിയത്. എന്റെ കയ്യില്‍ കറുപ്പേ ഉണ്ടായിരുന്നുള്ളൂ.” സിമ്പ്ലന്റെ ശബ്ദം.
രണ്ടു കയ്യക്ഷരം. രണ്ടു മഷി. മൂന്നു വ്യക്തികള്‍ക്കു ബന്ധം. സന്തോഷായി. സംത്രുപ്തിയായി എനിക്കു. സനലിനും രതിഷിനും ചിരി സഹിക്കാന്‍ പറ്റുന്നില്ല.
അങ്ങിനെ ആ പേപ്പറും നോക്കി കിട്ടി. എനിക്കും ജ്യോതിഷിനും ഒരേ മാര്‍ക്, രണ്ടു പേപ്പറിലും വട്ടത്തിലെഴുതിയിരിക്കുന്നു “Copy". ഈ “Copy" 25 ഇല്‍ കൂടുതലുള്ള മാര്‍ക്കാണോ? സാര്‍ എന്നെ പ്രത്യേകം കാണാന്‍ അന്വേഷിക്കുമെന്നു കരുതി. പക്ഷേ ഉണ്ടായില്ല. സെഷനല്‍ മാര്‍ക്ക് പബ്ലിഷ് ചെയ്തു. എനിക്കു 26. പക്ഷേ ഇപ്രാവശ്യവും പശുവിനു കുറവായതു കാരണം വീണ്ടും ഒരു ദൌത്യസംഘത്തേക്കൂടെ കിളീന്ദ്രനെ കാണാന്‍ അയച്ചു. വീണ്ടും ഒരു റീറ്റെസ്റ്റ് കിട്ടി. മൊത്തതില്‍ നാലാമത്തെ ടെസ്റ്റ്. രണ്ടാമത്തെ റീറ്റെസ്റ്റ്. കേട്ടവര്‍ കേട്ടവര്‍ ഞെട്ടി. ആരും ഹര്‍ത്താലൊന്നും നടത്തിയില്ല. സീനിയേര്‍സ് തല കറങ്ങി വീണു. ആദ്യായിട്ടാണത്രേ കിളീന്ദ്രന്‍ റീടെസ്റ്റ് കൊടുക്കുന്നത്. അതും രണ്ടെണ്ണം???!!!!! അതിന്റെ പിന്നിലുള്ള രഹസ്യം ഞങ്ങളോട് കിളീന്ദ്രന്‍ തന്നെ വെളിപ്പെടുത്തി. ആദ്യായിട്ടാണത്രേ സാറിനു 30 hour ക്ലാസ് എടുക്കാന്‍ കിട്ടുന്നത്. സീനിയേര്‍സ് എല്ലാരും മാസ് ബങ്കിങ്ങ് ആയിരുന്നു. 15 ക്ലാസ്സില്‍ കൂടുതല്‍ കിട്ടിയിട്ടില്ല ഈ പാവം സാറിന്. ഹാവൂ! എന്തായാലും ഞങ്ങളുടെ ഭാഗ്യം.
പരീക്ഷ നടന്നു. ഞാന്‍ പഠിച്ച് വന്നെഴുതി. കുറേ തെറ്റായ ഉത്തരം കണ്ടു പിടിച്ചു. വീണ്ടും റിസല്‍റ്റ് വന്നു. 25 ഇല്‍ 8 കിട്ടിയവര്‍ക്കൊക്കെ സെഷന്‍ 35 ആായി കിട്ടും. ഞാന്‍ എന്റെ പേപ്പര്‍ എടുത്തു നോക്കി. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എനിക്കു 9 മാര്‍ക്ക്. സന്തോഷം കൊണ്ടെന്റെ വയറ്റിലൊരു സുനാമി കയറിയിറങ്ങി. ദാ വരുന്നു സിമ്പ്ലന്‍.
പേപ്പര്‍ എടുത്തു. ഉയര്‍ത്തി. നെടുവീര്‍പ്പിട്ടു.
“ഹും.. ഇനി റീടെസ്റ്റ് കിട്ടില്ലല്ലോ ഗോപികുട്ടാ” അവന്‍ പറഞ്ഞു.
“ഇനി വേണ്ടല്ലോ? 8 ഇല്‍ കൂടുതല്‍ കിട്ടിയാല്‍ 35 കിട്ടും” ഞാന്‍ അവനെ തിരുത്തി.
“അതു 8 ഇല്‍ കൂടുതല്‍ കിട്ടിയവര്‍ക്കല്ലേ? നിനക്കു 6 അല്ലേ ഉള്ളു” അവന്‍ പേപ്പര്‍ എന്റെ നേരെ തിരിച്ചു.
ഈശ്വരാ ഞാനപ്പോള്‍ പേപ്പര്‍ തലതിരിച്ചാണോ പിടിച്ചിരുന്നേ. മാര്‍ക്ക് കൂട്ടി നൊക്കിയപ്പോള്‍ കാര്യം ശരിയാണ് ഒരു നാലും ഒരു രണ്ടും. മൊത്തം 6. ക്രിക്കറ്റില്‍ മാത്രേ 6 അടിച്ചാല്‍ ആഹ്ലാദിക്കാന്‍ പറ്റൂ . അതുകൊണ്ടു ഞാന്‍ പേപ്പറില്‍ ആകെ തിരഞ്ഞു. ദാ കിടക്കുന്നു. ഒരു രണ്ടു മാര്‍ക്കിന്റെ ഉത്തരത്തിനു മാര്‍ക്ക് ഇട്ടിട്ടില്ല. ഞാന്‍ വാലിന്മേല്‍ തീ പിടിച്ചവനെ പോലെ സാറിന്റെ മുന്നിലെത്തി. രണ്ടു മാര്‍ക്ക് വാങ്ങി മൊത്തം 35 ഒപ്പിച്ചു. ഹാവൂ! ഇനി യൂണിവേര്‍സിറ്റിയില്‍ ഒരു 40 അതും കൂടെ മതി.
യൂണിവേര്‍സിറ്റ്യ്ക്കു ഞാന്‍ പഠിക്കാനുള്ള ഒരു ശ്രമമൊക്കെ നടത്തിയെങ്കിലും കാര്യമായി ഒന്നും പഠിക്കാനായില്ല. എന്നിട്ടും ഞാന്‍ ജയിച്ചു. 40 മാര്‍ക്ക് ആഗ്രഹിച്ചിടത്ത് 71 വാങ്ങി. കാലികറ്റ് യൂണിവേര്‍സിറ്റി മൊത്തം ഞെട്ടി. എന്തിന് സാക്ഷാല്‍ കിളീന്ദ്രന്‍ പൊലും ഞെട്ടി വിറച്ചു. പക്ഷേ എന്റെ കൂട്ടുകാര്‍ , ടെസ്റ്റുകളിലെല്ലാം എന്നേക്കാള്‍ മാര്‍ക്ക് വാങ്ങിയവര്‍ എന്നിട്ടും യൂനിവെര്‍സിറ്റിയില്‍ ഞാന്‍ അവരേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിയതു കണ്ടിട്ട് ഞെട്ടിയില്ല. അവര്‍ പറഞ്ഞു.
“അനീത് അടുത്തിരുന്നാല്‍ നീ ഇതു വാങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ”
ഞാന്‍ അനീതിന്റെ പേപ്പര്‍ ഈച്ച പകര്‍പ്പു നടത്തിയ കാര്യം ഇവന്മാരും അറിഞ്ഞിരിക്കുന്നു. സത്യത്തില്‍ ഇത്രയും മാര്‍ക്ക് കിട്ടിയതിനു ഞാന്‍ ആരോടാണ് കടപെട്ടിരിക്കുന്നത്? എനിക്കെഴുതുവാന്‍ പേപ്പര്‍ നീക്കി വച്ചു തന്ന അനീതിനോടോ? അതോ ഞാന്‍ പകര്‍ത്തുന്നത് കാണാതെ പോയ എന്റെ എക്സാമിനര്‍ക്കോ? അതോ പകര്‍ത്തിയെഴുതുവാന്‍ ഇത്രയ്ക്കു കഴിവുള്ള എന്നിലെ പ്രതിഭയ്ക്കോ?
അല്ല ഇവര്‍ക്കാര്‍ക്കുമല്ല. ഒന്നുകില്‍ എനിക്കു അനീഷ് എന്നു പേരിട്ട എന്റെ അച്ഛനും അമ്മയ്ക്കും അല്ലേല്‍ അവനു അനീത് എന്നു പേരിട്ട അവന്റെ അച്ഛനും അമ്മയ്ക്കും. അതുമല്ലെങ്കില്‍ ഞങ്ങളെ അടുത്തിരുത്തുന്ന ഇംഗ്ലിഷ് അക്ഷരമാലയ്ക്ക്!!